Latest NewsIndia

കനത്ത മഴയെ തുടര്‍ന്ന് ട്രെയിന്‍ വെള്ളത്തിലായി; കുടുങ്ങിയവരെ രക്ഷിക്കാന്‍ എയര്‍ലിഫ്റ്റിങ് അടക്കമുള്ള നടപടികള്‍ ഊര്‍ജിതം

മുംബൈ : കനത്ത മഴയെ തുടര്‍ന്നു വെള്ളക്കെട്ടില്‍ കുടുങ്ങിയ ട്രെയിനില്‍നിന്ന് ഏഴുന്നൂറോളം യാത്രക്കാരെ രക്ഷപ്പെടുത്താന്‍ രണ്ടു സൈനിക ഹെലികോപ്റ്ററുകളും ദേശീയ ദുരന്ത നിവാരണ സേനയുടെ ആറു ബോട്ടുകളും പുറപ്പെട്ടു. മുംബൈയില്‍നിന്ന് 70 കിലോമീറ്റര്‍ അകലെയാണ് സര്‍വീസ് തുടരാന്‍ കഴിയാതെ മുംബൈ-കോലാപുര്‍ മഹാലക്ഷ്മി എക്സ്പ്രസ് കുടുങ്ങിയത്. ട്രെയിനിനു ചുറ്റും ആറടിയോളം വെള്ളക്കെട്ടാണു രൂപപ്പെട്ടിരിക്കുന്നത്.

വെള്ളിയാഴ്ച രാത്രി മുതല്‍ ട്രെയിനില്‍ കുടുങ്ങിക്കിടക്കുന്ന യാത്രികര്‍ തങ്ങളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വിഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ നിരവധി മണിക്കൂറുകളായി വെള്ളമോ ഭക്ഷണമോ ഇല്ലാത്ത അവസ്ഥയിലാണെന്നു യാത്രികര്‍ പറഞ്ഞു. രക്ഷപ്പെടാനായി വെള്ളത്തിലേക്ക് ഇറങ്ങരുതെന്ന് റെയില്‍വേ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

ജനങ്ങള്‍ വെള്ളക്കെട്ടുകളില്‍ ഇറങ്ങരുതെന്നും തീരമേഖലയില്‍നിന്ന് അകലം പാലിക്കണമെന്നും മുംബൈ പൊലീസ് മുന്നറിയിപ്പ് നല്‍കി. മണ്‍സൂണിനു പുറമേ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് കനത്ത മഴയ്ക്കു കാരണമെന്നും 48 മണിക്കൂര്‍ കൂടി മഴ തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൊങ്കണ്‍ ഉള്‍പ്പടെയുള്ള മഹാരാഷ്ട്രയിലെ മറ്റ് മേഖലകളിലും മഴ തുടരുകയാണ്.

സംഭവം ചര്‍ച്ചയായതിനെ തുടര്‍ന്നാണ് രണ്ടു സൈനിക ഹെലികോപ്റ്ററുകളും ആറു ബോട്ടുകളും അയയ്ക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി ഏക്നാഥ് ഗെയ്ക്വാദ് അറിയിച്ചു. റബര്‍ ബോട്ടുകളുമായി ദുരന്ത നിവാരണ സേനയുടെ ആറു സംഘങ്ങളെത്തും. കനത്ത മഴയില്‍ നദികള്‍ കവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് ബാദല്‍പുര്‍, ഉല്‍ഹാസ്നഗര്‍, വാന്‍ഗായ് തുടങ്ങിയ മേഖലകള്‍ വെള്ളത്തിലായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button