CricketLatest NewsSports

ഇന്ത്യന്‍ ടീം പരിശീലകനായി രവി ശാസ്ത്രി തുടര്‍ന്നേക്കും; സൂചനകളിങ്ങനെ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് രവി ശാസ്ത്രി തുടരാന്‍ സാധ്യത. പരിശീലകരെ തെരഞ്ഞെടുക്കുന്ന മൂന്നംഗ സമിതിയില്‍ അംഗമായ അന്‍ഷുമാന്‍ ഗെയ്ക്വാദാണ് ഇതു സംബന്ധിച്ചുള്ള സൂചനകള്‍ നല്‍കിയത്. ശാസ്ത്രി തന്റെ ചുമതല ഭംഗിയായി കൈകാര്യം ചെയ്തുവെന്നും അതിനാല്‍ തന്നെ ശാസ്ത്രിയുടെ ഒഴികെ മറ്റ് പരിശീലക സ്ഥാനങ്ങളിലേക്കായിരിക്കും തുറന്ന മത്സരം നടക്കുകയെന്നാണ് തന്റെ അനുമാനമെന്നും ഗെയ്ക്വാദ് പറഞ്ഞു. മിഡ്-ഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യന്‍ ടീമിന്റെ നിലവിലെ പരിശീലകനായ രവി ശാസ്ത്രിയെ കൂടാതെ മഹേല ജയവര്‍ധനെ, ഗാരി കിര്‍സ്റ്റന്‍, ടോം മൂഡി, വീരേന്ദര്‍ സെവാഗ്, മൈക്ക് ഹസി തുടങ്ങിയ പ്രമുഖരും മുഖ്യ പരിശീലകനാകാന്‍ മത്സരരംഗത്തുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യ പരിശീലകനെ കൂടാതെ ബാറ്റിംഗ്, ബൗളിംഗ്, ഫീല്‍ഡിംഗ് കോച്ചുമാരെയും തിരഞ്ഞെടുക്കും. ഇവര്‍ക്കൊപ്പം
ഫിസിയോ, സ്ട്രെങ്ത് ആന്‍ഡ് കണ്ടീഷനിംഗ് കോച്ച് അഡ്മിനിസ്ട്രേറ്റീവ് മാനേജര്‍ എന്നീ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും നടക്കും.

വിന്‍ഡീസ് പര്യടനം അവസാനിക്കും വരെയാണ് രവി ശാസ്ത്രിയുടെ നേതൃത്വത്തിലുള്ള പരിശീലക സംഘത്തിന് കാലാവധി നീട്ടി നല്‍കിയിരിക്കുന്നത്. ആഗസ്റ്റ് മൂന്ന് മുതല്‍ സെപ്റ്റംബര്‍ മൂന്ന് വരെയാണ് ഇന്ത്യയുടെ വിന്‍ഡീസ് പര്യടനം. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയില്‍ പുതിയ പരിശീലകസംഘത്തിന് കീഴിലാണ് ഇന്ത്യ കളിക്കുക. അന്‍ഷുമാന്‍ ഗെയ്ക്വാദിനൊപ്പം കപില്‍ ദേവ്, ശാന്ത രംഗസ്വാമി എന്നിവരാണ് പരിശീലകരെ തെരഞ്ഞെടുക്കാനുള്ള സമിതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button