KeralaLatest News

യൂണിവേഴ്‌സിറ്റി കോളജ്: നിരപരാധികളായ അധ്യാപകര്‍ക്കും സ്ഥലംമാറ്റം, സര്‍ക്കാരിനുണ്ടായ ക്ഷീണം മറയ്ക്കാന്‍ നടപടിയെന്ന് ആക്ഷേപം

തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന അക്രമസംഭവങ്ങളുമായോ ആത്മഹത്യയ്ക്കു ശ്രമിച്ച വിദ്യാര്‍ഥിനിയുടെ പരാതിയുമായോ ബന്ധമില്ലാത്ത അധ്യാപകരെയും കോളജില്‍ നിന്നു സ്ഥലംമാറ്റി. കഴിഞ്ഞ ദിവസം കോളജില്‍ പൊലീസിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തതിന്റെയും തുടര്‍ന്നു പൊലീസിനു പിന്‍വാങ്ങേണ്ടി വന്നതിന്റെയും പേരില്‍ സര്‍ക്കാരിനുണ്ടായ ക്ഷീണം മറയ്ക്കാനാണു രാത്രി വൈകി കോളജ് വിദ്യാഭ്യാസ വകുപ്പ് സ്ഥലംമാറ്റ പട്ടിക പുറത്തിറക്കിയതെന്നാണു സൂചന.

ഇടതുപക്ഷ കോളജ് അധ്യാപകസംഘടനയായ എകെജിസിടിഎയുടെ കോളജിലെ പാര്‍ട്ടി ഫ്രാക്ഷന്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ള ഭാരവാഹികളാണു സ്ഥലംമാറ്റപ്പെട്ടവരില്‍ ഭൂരിഭാഗവും. ആക്ഷേപമില്ലാത്തവരെ സ്ഥലംമാറ്റിയതിന്റെ പേരില്‍ സംഘടനയ്ക്കുള്ളില്‍ അമര്‍ഷം പുകയുകയാണ്. അക്രമസംഭവങ്ങളെ തുടര്‍ന്ന് കോളജ് വിദ്യാഭ്യാസ വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ വിളിച്ചുകൂട്ടിയ അധ്യാപകരുടെ യോഗത്തില്‍ തങ്ങളുടെ നിസ്സഹായാവസ്ഥ പരസ്യമാക്കിയ അധ്യാപകരും മാറ്റപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഇവര്‍ക്കെതിരെ എന്തെങ്കിലും ആക്ഷേപം ഉണ്ടെങ്കില്‍ അറിയിക്കാതെയും വിശദീകരണത്തിന് അവസരം നല്‍കാതെയുമാണ് ഉത്തരവ് ഇറങ്ങിയിരിക്കുന്നത്.

സ്ഥലംമാറ്റപ്പെട്ട 11 പേരില്‍ 3 പേര്‍ ഹാജറിനുള്ള പഞ്ചിങ് വൈകിയതിനു കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശപ്രകാരം മുന്‍പ് മെമ്മോ ലഭിച്ചവരാണ്. വിദ്യാര്‍ഥിയെ കുത്തി വീഴ്ത്തിയ ദിവസം മാധ്യമപ്രവര്‍ത്തകരോടു പുറത്തുകടക്കാന്‍ ആഹ്വാനം ചെയ്ത പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. കെ.വിശ്വംഭരനെയും പരീക്ഷകളുടെ ചുമതലയുണ്ടായിരുന്ന അധ്യാപകന്‍ ഡോ. ഇ.അബ്ദുല്‍ ലത്തീഫിനെയും സ്ഥലം മാറ്റിയിട്ടുണ്ട്. ബാക്കി 6 പേരും 5 വര്‍ഷത്തില്‍ താഴെ മാത്രം കോളജില്‍ സേവനം ചെയ്തു വരുന്നവരാണ്. സ്‌പെഷല്‍ ഗ്രേഡ് കോളജായ ഇവിടെ നിന്നു റിസര്‍ച് ഗൈഡായ അധ്യാപകരെ അതിനു സൗകര്യമില്ലാത്ത കോളജുകളിലേക്കും മാറ്റിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button