KeralaLatest NewsIndia

വനിതാ മതിലില്‍ പങ്കെടുക്കാതിരുന്ന അര്‍ബുദ ബാധിതയായ അങ്കണവാടി ജീവനക്കാരിയെ സസ്‌പെന്‍ഡ് ചെയ്യുമെന്നു ഭീഷണി, ജീവനക്കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു

സ്ഥലം മാറ്റരുതെന്നു കരഞ്ഞപേക്ഷിച്ച ഇവരെ ഉത്തരവ് കൈപ്പറ്റിയില്ലെങ്കില്‍ സസ്‌പെന്‍ഡ് ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയതായി ബന്ധുക്കള്‍ പറഞ്ഞു.

കൊല്ലം: വനിതാ മതിലില്‍ പങ്കെടുക്കാതിരുന്ന അര്‍ബുദ ബാധിതയായ അങ്കണവാടി ജീവനക്കാരിയെ സസ്‌പെന്‍ഡ് ചെയ്യുമെന്നു ഭീഷണി. ഇതെ തുടര്‍ന്ന് ആത്മഹത്യയ്ക്കു ശ്രമിച്ച ജീവനക്കാരി അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍. കുന്നത്തൂരിലെ ഒരു അങ്കണവാടിയിലെ ജീവനക്കാരിയാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. കഴിഞ്ഞ ദിവസം സിഡിപിഒ ഓഫിസില്‍ വിളിച്ചുവരുത്തി മറ്റൊരു അങ്കണവാടിയിലേക്കു മാറ്റിയതായി അറിയിച്ചു. സ്ഥലം മാറ്റരുതെന്നു കരഞ്ഞപേക്ഷിച്ച ഇവരെ ഉത്തരവ് കൈപ്പറ്റിയില്ലെങ്കില്‍ സസ്‌പെന്‍ഡ് ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയതായി ബന്ധുക്കള്‍ പറഞ്ഞു.

തുടര്‍ന്നു വീട്ടിലെത്തിയ ഇവര്‍ മുറിയില്‍ കയറി കതകടച്ച്‌ കൈ ഞരമ്പ് മുറിക്കാന്‍ ശ്രമിച്ചു. അബോധാവസ്ഥയിലായ ഇവരെ കതക് ചവിട്ടിത്തുറന്നാണു ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചത്. അങ്കണവാടി അടച്ചിട്ട ശേഷം ജീവനക്കാര്‍ വനിതാ മതിലില്‍ പങ്കെടുക്കണമെന്ന് ചൈല്‍ഡ് ഡവലപ്‌മെന്റ് പ്രോജക്‌ട് ഓഫിസര്‍ (സിഡിപിഒ) വാക്കാല്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ അങ്കണവാടി അടച്ചിട്ട ശേഷം ജീവനക്കാര്‍ പോകരുതെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയുടെ നിര്‍ദേശം.

ഇതെ തുടര്‍ന്ന് ജീവനക്കാരി അങ്കണവാടി അടച്ചിടാനും വനിതാമതിലില്‍ പങ്കെടുക്കാനും തയാറായില്ല. അന്നുമുതല്‍ ഇവരെ വീട്ടില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെയുള്ള അങ്കണവാടിയിലേക്കു മാറ്റാന്‍ സിഡിപിഒയും ചില പഞ്ചായത്തംഗങ്ങളും നീക്കം നടത്തിയിരുന്നതായി കുടുംബം ആരോപിക്കുന്നു. ഇവർ ഇപ്പോൾ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയിലാണ് ഇവര്‍. മനുഷ്യാവകാശ കമ്മിഷനും ജില്ലാ കലക്ടര്‍ക്കും പൊലീസിനും കുടുംബം പരാതി നല്‍കി. എന്നാല്‍, ആരോപണങ്ങള്‍ ശരിയല്ലെന്നു സിഡിപിഒ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button