KeralaLatest News

ഫാസ്റ്റ് പാസഞ്ചര്‍ പരിഷ്‌കാരം കെ.എസ്.ആര്‍.ടി.സി. പുതിയ രൂപത്തില്‍ അവതരിപ്പിക്കുന്നു

തൃശ്ശൂര്‍ : ഫാസ്റ്റ് പാസഞ്ചര്‍ പരിഷ്‌കാരം കെ.എസ്.ആര്‍.ടി.സി. പുതിയ രൂപത്തില്‍ അവതരിപ്പിക്കുന്നു.ഓഗസ്റ്റ് നാലുമുതല്‍ തിരുവനന്തപുരം-തൃശ്ശൂര്‍ റൂട്ടില്‍ ഫാസ്റ്റ് പാസഞ്ചറുകള്‍ ചെയിന്‍ സര്‍വീസുകളാക്കി മാറ്റാനാണ് പുതിയ തീരുമാനം. തിരുവനന്തപുരം മുതല്‍ ആലപ്പുഴ വഴി എറണാകുളം വരെയും തിരുവനന്തപുരം മുതല്‍ കൊട്ടാരക്കര വഴി കോട്ടയം വരെയുമാണ് പുതിയ സർവീസുകൾ

ഇത് കൂടാതെ എറണാകുളം, കോട്ടയം ഭാഗത്തുനിന്ന്‌ തൃശ്ശൂരിലേക്ക് മറ്റൊരു ചെയിന്‍ സര്‍വീസും നടപ്പാക്കും.ഫലത്തില്‍ ദീര്‍ഘദൂര ഫാസ്റ്റ് പാസഞ്ചറുകള്‍ ഉണ്ടാകില്ല. മറികടക്കാന്‍ സൂപ്പര്‍ ഫാസ്റ്റുകളുടെ എണ്ണം കൂട്ടിയിട്ടുമില്ല. കഴിഞ്ഞ ജൂണില്‍ ഫാസ്റ്റ് പാസഞ്ചറുകളുടെ സര്‍വീസ് രണ്ട്‌ ജില്ലകള്‍ക്കിടയില്‍ മാത്രമാക്കി ഉത്തരവിറങ്ങിയിരുന്നു. എന്നിട്ടും യാത്രാക്ലേശത്തിൽ കുറവൊന്നും വന്നിരുന്നില്ല.

ഒരേസ്ഥലത്തേക്കുള്ള ബസുകള്‍ ഒരേസമയം ഓടിക്കാതിരിക്കുകയും നിശ്ചിത ഇടവേളകളില്‍ സര്‍വീസ് ഉറപ്പാക്കുകയുമാണ് പുതിയ പരിഷ്‌കാരത്തിലൂടെ ലക്ഷ്യമിടുന്നത്. തൊട്ടടുത്തുള്ള പ്രധാന ഡിപ്പോകളെ ബന്ധിപ്പിച്ചു മാത്രമാകും ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസ്.

തിരുവനന്തപുരം-തൃശ്ശൂര്‍ റൂട്ടില്‍ ചെയിന്‍ സര്‍വീസ് നടത്താനുള്ള ബസുകളുടെ പുതിയ സമയക്രമം കെ.എസ്.ആര്‍.ടി.സി. ഹെഡ് ഓഫീസില്‍നിന്ന്‌ അതത് യൂണിറ്റുകള്‍ക്ക് കൊടുത്തിട്ടുണ്ട്. ഇതുപ്രകാരമല്ലാതെ ഓഗസ്റ്റ് നാലിനുശേഷം സര്‍വീസ് നടത്തരുതെന്നും നിര്‍ദേശമുണ്ട്.പരിഷ്‌കാരം നടപ്പാകുന്നതോടെ കോട്ടയം-കോഴിക്കോട്, എറണാകുളം-കോഴിക്കോട്, തിരുവനന്തപുരം-ഗുരുവായൂര്‍, കൊട്ടാരക്കര-തൃശ്ശൂര്‍ പോലുള്ള ദീര്‍ഘദൂര ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകള്‍ ഇല്ലാതാകും. ഈ റൂട്ടിലുള്ള യാത്രക്കാർ കെ.എസ്.ആര്‍.ടി.സിയുടെ മറ്റു സർവീസുകളെ ആശ്രയിക്കേണ്ടിവരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button