Latest NewsIndia

എം.പിമാര്‍ എങ്ങനെ പെരുമാറണം; പരിശീലന ക്ലാസുമായി ബിജെപി

ന്യൂഡല്‍ഹി: ബി.ജെ.പി. എം.പി.മാര്‍ക്കുള്ള രണ്ടുദിവസത്തെ പരിശീലനപരിപാടിക്ക് ഡല്‍ഹിയില്‍ തുടക്കമായി. ഓഗസ്റ്റ് മൂന്ന്, നാല് തീയതികളിലാണ് എംപിമാര്‍ക്ക് പരിശീലനം നല്‍കുന്നതിനായി പ്രത്യേക സെഷനുകള്‍ ബിജെപി സംഘടിപ്പിച്ചിരിക്കുന്നത്. ‘അഭ്യാസ് വര്‍ഗ’ എന്ന പേരില്‍ പരിശീലനപരിപാടി സംഘടിപ്പിച്ചിരിക്കുന്നത് പാര്‍ലമെന്ററി ബില്‍ഡിങിലാണ്. ക്ലാസില്‍ എല്ലാ എം.പി.മാരും നിര്‍ബന്ധമായി പങ്കെടുക്കണമെന്നാണ് പാര്‍ട്ടി പാര്‍ലമെന്ററി ഓഫീസിന്റെ നിര്‍ദേശം.

പരിശീലന പരിപാടികളിലെ വിവിധ സെഷനുകളില്‍ മുതിര്‍ന്ന ബിജെപി നേതാക്കള്‍ എംപിമാര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കും. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രിയും പാര്‍ട്ടി ദേശീയ അധ്യക്ഷനുമായ അമിത് ഷാ, പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി. നഡ്ഡ എന്നിവരും എം.പിമാരുമായി സംവദിക്കും. പാര്‍ലമെന്റിന് അകത്തും പുറത്തും എം.പിമാര്‍ എങ്ങനെ പെരുമാറണമെന്നും, പൊതുപ്രവര്‍ത്തനത്തില്‍ എങ്ങനെ ഇടപെടണമെന്നതിലുമാണ് പ്രധാനമായും പരിശീലനം നല്‍കുന്നത്. ബി.ജെ.പി.യുടെ രാജ്യസഭയിലെയും ലോക്സഭയിലെയും മുഴുവന്‍ എം.പിമാരും പരിശീലന പരിപാടിയില്‍ പങ്കെടുക്കും.

‘അഭ്യാസ് വര്‍ഗ’യില്‍ പങ്കാളിത്തം ഉറപ്പു വരുത്തണമെന്ന് പാര്‍ട്ടിയിലെ മുഴുവന്‍ എംപിമാര്‍ക്കും ഞായറാഴ്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓഗസ്റ്റ് മൂന്ന്, നാല് തിയതികളില്‍ രാജ്യ തലസ്ഥാനത്ത് ഉണ്ടായിരിക്കണമെന്നുള്ള സന്ദേശം പാര്‍ട്ടിയുടെ പാര്‍ലമെന്ററി ഓഫീസ് എല്ലാ എംപിമാര്‍ക്കും അയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button