Latest NewsKeralaIndia

ശ്രീറാമിന്റെ കാറിടിച്ചു കൊല്ലപ്പെട്ട കെ എം ബഷീർ കേരള മീഡിയ അക്കാദമിയുടെ പുരസ്‌കാരം നേടിയ സന്തോഷം പങ്കുവെച്ചത് രണ്ടു ദിവസം മുൻപ്: സന്തോഷം മായും മുന്നേ …

പുതിയതായി വച്ച സ്വന്തം വീട്ടിൽ കയറിതാമസിച്ചത് ഈ അടുത്ത സമയത്താണ്, രണ്ടു ചെറിയ കുട്ടികളാണ്...

ശ്രീറാം വെങ്കിട്ടരാമന്റെ കാർ ഇടിച്ചു മരിച്ച മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ കുറിച്ച് നല്ലതു മാത്രം പറയാനേ സഹ പ്രവർത്തകർക്ക് കഴിയുന്നുള്ളു. ഇത്രമേൽ സൗമ്യനായ ഒരാളെ പെട്ടെന്ന് മരണം തട്ടിയെടുത്തതിന്റെ ഞെട്ടലിലാണ് സോഷ്യൽ മീഡിയയും. ജൂലൈ 30 നാണ് കേരള മീഡിയ അക്കാദമി പുരസ്കാരം നേടിയ സന്തോഷം ബഷീർ പങ്കുവെച്ചത്. ഒരു വിവാദങ്ങളിലും തർക്കങ്ങളിലും പെടാതെ നന്നായി ജോലി ചെയ്യുന്ന ഒരു ജേര്ണലിസ്റ് എന്ന നിലയിലാണ് അദ്ദേഹത്തെ പലരും അറിയപ്പെടുന്നത് . പുതിയതായി വച്ച സ്വന്തം വീട്ടിൽ കയറിതാമസിച്ചത് ഈ അടുത്ത സമയത്താണ്, രണ്ടു ചെറിയ കുട്ടികളാണ്… എപ്പോഴും ഒരു പുഞ്ചിരിയോടെ അല്ലാതെ കണ്ടിട്ടില്ല , രാജേഷ് പിള്ള ഓർമ്മിക്കുന്നു.

 അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

‘പ്രസ്ഗ്യാലറി കണ്ട സഭ’ നല്‍കുന്ന ആഹ്ലാദം

നിയമസഭാ റിപ്പോര്‍ട്ടിംഗിലെ അതികായര്‍ക്കൊപ്പം ചേര്‍ന്ന് നില്‍ക്കാന്‍ കഴിഞ്ഞ ധന്യനിമിഷമാണിത്. 51 മാധ്യമപ്രവര്‍ത്തകര്‍ എഴുതിയ നിയമസഭാ അവലോകനങ്ങള്‍ ‘പ്രസ്ഗ്യാലറി കണ്ട സഭ’ എന്ന പേരില്‍ കേരള മീഡിയ അക്കാദമി പുസ്തകമാക്കിയപ്പോള്‍ ഈയുള്ളവന്റെ രചനയും അതിന്റെ ഭാഗമായതിന്റെ നിര്‍വൃതി. ഇതിന്റെ പേരില്‍ പുസ്തക പ്രകാശന ചടങ്ങില്‍ മീഡിയ അക്കാദമിയുടെ ആദരം കൂടി ആയതോടെ ഇരട്ടിമധുരവും. വളരെ പണിപ്പെട്ട് ഇങ്ങിനെയൊരു സാഹസത്തിന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും സുഹൃത്തുമായ പി ശ്രീകുമാറിനും മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബുവിനും നന്ദി.

കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിച്ച മാധ്യമരംഗത്തെ കുലപതികള്‍. മണ്‍മറഞ്ഞവരും തൊഴിലിടം വിട്ടവരും ഇന്നും ഈ രംഗത്ത് തുടരുന്നവരുമായ 51 പേരുടെതാണ് രചനകള്‍. പത്രപ്രവര്‍ത്തനരംഗത്തേക്ക് വന്ന നാള്‍ മുതല്‍ കണ്ടതും കേട്ടതുമായ ഗുരുസ്ഥാനീയര്‍. കെ ആര്‍ ചുമ്മാര്‍ സാറിനെയും കെ സി സെബാസ്റ്റ്യന്‍ സാറിനെയും പി സി സുകുമാരന്‍ സാറിനെയും പോലെ വായിച്ചനുഭവിച്ചവര്‍. അഴീക്കോട് മാഷ് നിയമസഭാ റിപ്പോര്‍ട്ടിംഗിന് വന്നപ്പോള്‍ പ്രസ്ഗ്യാലറിയില്‍ ഇരിക്കാന്‍ ഭാഗ്യമുണ്ടായിട്ടുണ്ട്.

സി ആര്‍ എന്‍ പിഷാരടി, കെ ജി പരമേശ്വരന്‍ നായര്‍, എം പി അച്യുതന്‍, എസ് ആര്‍ ശക്തിധരന്‍, കെ കുഞ്ഞിക്കണ്ണന്‍, മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍, സണ്ണിക്കുട്ടി എബ്രഹാം, പി പി ജയിംസ്, ജി ശേഖരന്‍ നായര്‍, ജോണി ലുക്കോസ്, വയലാര്‍ ഗോപകുമാര്‍, ജോണ്‍ മുണ്ടക്കയം, ഇ സോമനാഥ്, ആര്‍ എസ് ബാബു, കെ ശ്രീകണ്ഠന്‍, ബി വി പവനന്‍, എസ് അനില്‍, പി എസ് ജയന്‍, സി ഹരികുമാര്‍, എസ് എന്‍ ജയപ്രകാശ് തുടങ്ങി പ്രമുഖരുടെ നിര. സന്ദര്‍ശക ഗ്യാലറിയില്‍ ഇരുന്ന പരിചയം പോലുമില്ലാതെ സഭാ റിപ്പോര്‍ട്ടിംഗിനെത്തിയപ്പോള്‍ നടപടിക്രമങ്ങള്‍ പഠിപ്പിച്ചവരാണ് പലരും.

ഇവര്‍ക്കെല്ലാമൊപ്പമാണ് എന്റെയും കൂടി രചന ഉള്‍പ്പെട്ട പുസ്തകം. ‘ജി എസ് ടി അഥവാ അര്‍ധ രാത്രിയിലെ കവര്‍ച്ച’ എന്ന തലക്കെട്ടില്‍ 2017 ആഗസ്റ്റ് ഒന്‍പതിന് സിറാജില്‍ എഴുതിയ നിയമസഭാ അവലോകനമാണ് എന്റേതായുള്ളത്. സുഹൃത്തുക്കളില്‍ നിന്ന് അരവിന്ദ് എസ് ശശിയും നിസാര്‍മുഹമ്മദും സി പി ശ്രീഹര്‍ഷനും എഴുതിയ രചനകളുമുണ്ട്. എഴുത്തിന്റെ വഴിയില്‍ പിന്തുണച്ചവര്‍ക്കെല്ലാം നന്ദി

shortlink

Related Articles

Post Your Comments

Related Articles


Back to top button