Latest NewsIndia

കശ്മീര്‍ വിഭജനം; ഭരണഘടന വലിച്ചുകീറാന്‍ ശ്രമിച്ച് പിഡിപി അംഗങ്ങള്‍

ന്യൂഡല്‍ഹി: ആര്‍ട്ടിക്കിള്‍ 370, ആര്‍ട്ടിക്കിള്‍ 35എ എന്നിങ്ങനെ കശ്മീരിനു നല്‍കിയിരുന്ന പ്രത്യേക പദവികള്‍ റദ്ദാക്കിയതോടെ പ്രതിപക്ഷത്തിന്റെ വന്‍ പ്രതിഷേധത്തിന് രാജ്യസഭ സാക്ഷിയായി. ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സഭയ്ക്ക് അകത്തും പുറത്തും അതിശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. പ്രതിപക്ഷത്തിന്റെ വന്‍ പ്രതിഷേധങ്ങള്‍ക്കിടെയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ സര്‍ക്കാരിന്റെ തീരുമാനം രാജ്യസഭയില്‍ പ്രഖ്യാപിച്ചത്.

ALSO READ: എന്താണ് ആര്‍ട്ടിക്കിള്‍ 370? നിങ്ങള്‍ക്കറിയേണ്ടതെല്ലാം

ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെച്ചതോടെ പ്രതിപക്ഷ അംഗങ്ങള്‍ ഒറ്റക്കെട്ടായി സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇതിനിടെയാണ് പിഡിപി അംഗങ്ങള്‍ ഭരണഘടന വലിച്ചുകീറാന്‍ ശ്രമിച്ചത്. പിഡിപി രാജ്യസഭാംഗം അംഗം മിര്‍ഫയാസും, നസീര്‍ അഹമ്മദും ഭരണഘടന വലിച്ചു കീറാന്‍ ശ്രമിച്ചു. പിഡിപി എംപി മിര്‍ ഫയാസ് സ്വന്തം വസ്ത്രം കീറിയും പ്രതിഷേധം നടത്തി. ഇതോടെ ഇവരോട് സഭയ്ക്ക് പുറത്ത് പോകാന്‍ രാജ്യസഭാധ്യക്ഷന്‍ എം വെങ്കയ്യാ നായിഡു നിര്‍ദ്ദേശിച്ചു. എന്നാല്‍ അതുണ്ടാകാത്തതിനാല്‍ മാര്‍ഷല്‍മാരെ ഉപയോഗിച്ച് ഉപരാഷ്ട്രപതി കൂടിയായ നായിഡു അവരെ നീക്കുകയായിരുന്നു.

 

ആര്‍ട്ടിക്കിള്‍ 35 എ റദ്ദാക്കാനുള്ള ബില്ലും അമിത് ഷാ അവതരിപ്പിച്ചിരുന്നു. ജമ്മു കാശ്മീരിനുള്ള ഭരണഘടനാ പരിരക്ഷ ഉറപ്പാക്കുന്ന അനുച്ഛേദം 370 പൂര്‍ണ്ണമായും എടുത്ത് കളയാനുള്ള ബില്ലാണ് അമിത് ഷാ അവതരിപ്പിച്ചത്.പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ പ്രതിഷേധത്തെ പാടെ തള്ളി കൊണ്ടായിരുന്നു അമിത് ഷാ പ്രമേയം അവതരിപ്പിച്ചത്. കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റിയതില്‍ രാജ്യത്ത് വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്. ഇന്ത്യയുടെ കറുത്ത ദിനം എന്നാണ് മെഹ്ബൂബ മുഫ്തി പ്രതികരിച്ചത്. ഭരണഘടനയുടെ 370 ആം അനുച്ഛേദം റദ്ദാക്കുന്ന തീരുമാനം ജനാധിപത്യ വിരുദ്ധമാണെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി തുറന്നടിച്ചു.

വലിയ സൈനിക വിന്യാസത്തിനൊടുവില്‍ കശ്മീരിലെ സുരക്ഷാസന്നാഹങ്ങള്‍ ഉറപ്പാക്കിയ ശേഷമാണ് തീരുമാനങ്ങള്‍ സര്‍ക്കാര്‍ നാടകീയമായി പ്രഖ്യാപിച്ചത്. തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്പ് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജാഗ്രത നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. സംഘര്‍ഷങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതലെടുക്കണമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ജാഗ്രത നിര്‍ദദേശത്തില്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button