Latest NewsIndia

ഇനി സര്‍ക്കാര്‍ ചിലവില്‍ താമസിക്കേണ്ട; ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ കശ്മീരിലെ മുന്‍ മുഖ്യമന്ത്രിമാര്‍ ആഡംബര ബംഗ്ലാവ് ഒഴിയണം, കടുത്ത നിലപാടുകളുമായി അമിത് ഷാ

ശ്രീനഗര്‍: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ ഇന്ത്യയിലെ നിയമങ്ങളെല്ലാം ഇനി കശ്മീരിന് പൂര്‍ണമായും ബാധകമാകും. ഇതോടെ പണി കിട്ടിയത് കശ്മീരിലെ മുന്‍ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ഭരണാധികാരികള്‍ക്കാണ്. ഇതോടെ അവര്‍ പ്രത്യേകമായി അനുഭവിച്ചു വന്ന മറ്റ് ആനുകൂല്യങ്ങളും ഇല്ലാതാവുകയാണ്. ഇതോടെ ഇപ്പോള്‍ താമസിക്കുന്ന ഔദ്യോഗിക വസതിയുള്‍പ്പെടെയുള്ളവ ഒഴിയേണ്ടി വരും.
അത്യാഡംബര ബംഗ്ലാവിന് പുറമെ മറ്റ് സൗകര്യങ്ങളും മുന്‍ മുഖ്യമന്ത്രിമാര്‍ അനുഭവിക്കുന്നുണ്ട്. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളും ജീവനക്കാരുമടങ്ങുന്ന സുരക്ഷയും ഇവര്‍ക്കുണ്ട്. മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയുടെ സഹോദരീ ഭര്‍ത്താവും 1984 മുതല്‍ 1986 വരെ മുഖ്യമന്ത്രിയായിരുന്ന ഗുലാം മുഹമ്മദ് ഷായാണ് മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് പെന്‍ഷനും ജീവനക്കാരെയും നിശ്ചയിച്ച് ഉത്തരവിറക്കിയത്. ഇതനുസരിച്ച് ഒരു പേഴ്‌സണല്‍ അസിസ്റ്റന്റ്, ഒരു സ്‌പെഷ്യല്‍ അസിസ്റ്റന്റ്, രണ്ട് പ്യൂണ്‍, ഒരു ബുള്ളറ്റ് പ്രൂഫ് വാഹനം എന്നിവ മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് ലഭിക്കും.

ALSO READ: ഇന്ത്യയില്‍ ആക്രമണങ്ങള്‍ അഴിച്ചുവിടാന്‍ ആഹ്വാനം ചെയ്ത് പാക് സൈന്യം, അക്രമങ്ങള്‍ക്ക് മുതിർന്നാൽ യാതൊരു ദാക്ഷിണ്യവും കിട്ടില്ലെന്ന് അമിത്ഷാ

കശ്മീര്‍ മുന്‍മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ളയും മെഹബൂബ മുഫ്തിയുമൊക്കെ നിലവില്‍ സര്‍ക്കാര്‍വക അത്യാഡംബര ബംഗ്ലാവുകളിലാണ് താമസം. ശ്രീനഗറിലെ അതീവസുരക്ഷാമേഖലയായ ഗുപ്കര്‍ റോഡിലാണ് ഈ ബംഗ്ലാവുകള്‍. അധികാരം ഒഴിഞ്ഞെങ്കിലും ഇവര്‍ പഴയ ഔദ്യോഗിക വസതികളില്‍ തന്നെയാണ് താമസം. ഭരണഘടനാപരമായ പദവി വഹിച്ചതിന്റെ പേരില്‍ ഔദ്യോഗിക വസതി ആയുഷ്‌കാലം ഉപയോഗിക്കാനാവില്ലെന്ന സുപ്രീംകോടതി വിധി ബാധകമാകുന്നതോടെയാണ് ഇവര്‍ക്ക് വീടൊഴിയേണ്ടിവരുന്നത്. മുന്‍ മുഖ്യമന്ത്രികൂടിയായ മുഫ്തി മുഹമ്മദ് സയീദിന്റെ പേരിലുള്ള കുടുംബവീട് ശ്രീനഗറിലെ നൗഗാമിലുണ്ടെങ്കിലും മെഹബൂബ മുഫ്തി ഔദ്യോഗിക വസതിയിലാണ് താമസം. മെഹബൂബ സര്‍ക്കാര്‍ ഫണ്ടുപയോഗിച്ചാണ് കുടുംബവീടിന്റെ അറ്റകുറ്റപ്പണികളും നടത്തിയത്. സുരക്ഷാകാരണങ്ങള്‍ ഉള്ളതിനാലാണ് ഇവര്‍ ഈ വീടൊഴിയാതിരുന്നതെന്നാണ് നല്‍കുന്ന വിശദീകരണം. മെഹബൂബയുടെ ഔദ്യോഗിക വസതിയായ ഫെയര്‍വ്യൂവില്‍ അവര്‍ 2005 മുതല്‍ താമസിക്കുന്നുണ്ട്. പിതാവ് മുഖ്യമന്ത്രിയായിരുന്ന കാലം മുതല്‍ക്കെ അവരുടെ വീടാണിത്.

മുന്‍ മുഖ്യമന്ത്രികൂടിയായ ഫറൂഖ് അബ്ദുള്ളയുടെ പേരില്‍ ഗുപ്കര്‍ റോഡില്‍ രണ്ട് വീടുകളുണ്ട്. എന്നാല്‍ ഒമര്‍ നമ്പര്‍ 1 എന്ന ഔദ്യോഗിക വസതി കൈവിട്ടിട്ടില്ല. 2009 മുതല്‍ 2014 വരെ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഈ ബംഗ്ലാവിന്റെ നവീകരണത്തിനായി 20 കോടി രൂപയെങ്കിലും ഒമര്‍ ചെലവിട്ടതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മുന്‍ മുഖ്യമന്ത്രിയായ ഗുലാം മുഹമ്മദ് സാദിഖിന്റെ പൗത്രനായ ഇഫ്തിഖര്‍ സാദിഖ് താന്‍ താമസിക്കുന്ന ദാല്‍ഗേറ്റിലെ ഔദ്യോഗിക വസതിയുടെ ഒരു ഭാഗം മറിച്ചുവിറ്റതായുള്ള ആരോപണവും നേരിടുന്നുണ്ട്. 1947-ലെ ഇന്ത്യ- കശ്മീര്‍ വിഭജന സമയത്ത് ആരോ ഉപേക്ഷിച്ചുപോയ ഭൂമി പിന്നീട് ജമ്മുകശ്മീര്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലാവുകായിരുന്നു. എന്നാല്‍ ഈ പട്ടികയില്‍ ഉള്‍പ്പെടാത്തത് കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഗുലാംനബി ആസാദ് മാത്രമാണ്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വസ്തുവകകള്‍ സ്വന്തമാക്കുകയോ അതിന്റെ പേരില്‍ വാടക എഴുതിയെടുക്കുകയോ അദ്ദേഹം ചെയ്തിട്ടില്ല. ഗുപ്കര്‍ റോഡിലെ ജമ്മു കശ്മീര്‍ ബാങ്കിന്റെ ഗസ്റ്റ് ഹൗസ് ഇടയ്ക്കിടെ പാര്‍ട്ടി യോഗങ്ങള്‍ ചേരാനായി അദ്ദേഹം ഉപയോഗിക്കാറുണ്ടെങ്കിലും ശ്രീനഗറിലെ ഹൈദര്‍പോരയിലുള്ള സ്വന്തം വീട്ടിലാണ് താമസം.

ജമ്മു കശ്മീരിനെ വിഭജിച്ചും പ്രത്യേക പദവി എടുത്തു കളഞ്ഞുമുള്ള ബില്ലുകള്‍ രാജ്യസഭക്ക് പിന്നാലെ ലോക്‌സഭയും പാസാക്കിയിരുന്നു. ലോക്‌സഭ പാസാക്കിയ ബില്ലില്‍ രാഷ്ട്രപതി ഒപ്പിടുന്നതോടെ ജമ്മുകാശ്മീര്‍ സംസ്ഥാന വിഭജന നടപടികള്‍ക്ക് തുടക്കമാകും. താല്‍കാലികമായി മാത്രമാണ് ജമ്മു കാശ്മീരിനെ കേന്ദ്രഭരണപ്രദേശമായി പ്രഖ്യാപിക്കുന്നതെന്നും അവിടുത്തെ ക്രമസമാധാനനില സാധാരണ ഗതിയിലായ ശേഷം ജമ്മു കാശ്മീരിന് പൂര്‍ണ സംസ്ഥാന പദവി തിരികെ നല്‍കുമെന്നും അമിത് ഷാ ലോക്‌സഭയിലെ മറുപടി പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button