Latest NewsIndia

“നന്ദി പ്രധാനമന്ത്രീ.. ഈ ദിനത്തിനു വേണ്ടി ഞാനെന്റെ ജീവിതം മുഴുവന്‍ കാത്തിരിക്കുകയായിരുന്നു..” കശ്മീർ വിഷയത്തിൽ അറംപറ്റിയ അവസാനത്തെ ട്വീറ്റ്

അനേകായിരങ്ങള്‍ക്ക് അഭയമേകിയ ആ ട്വിറ്റര്‍ ഹാന്‍ഡില്‍ ഇനി ചലിക്കില്ല. പ്രവാസി ഇന്ത്യക്കാര്‍ക്ക് അമ്മയായി മാറിയ വാത്സല്യം ഇനിയില്ല.

ന്യൂഡൽഹി: നന്ദി പ്രധാനമന്ത്രീ.. ഈ ദിനത്തിനു വേണ്ടി ഞാനെന്റെ ജീവിതം മുഴുവന്‍ കാത്തിരിക്കുകയായിരുന്നു എന്നായിരുന്നു സുഷമ സ്വരാജിന്റെ അവസാനത്തെ ട്വീറ്റ്. ഇനി എക്കാലവും ജനഹൃദയങ്ങളില്‍ നൊമ്പരപ്പെടുത്തുന്നതെങ്കിലും അഭിമാനകരമായ ഓര്‍മ്മയായി അതവിടെത്തന്നെയുണ്ടാകും. അവരുടെ നേതാവിന്റെ അവസാന ഹൃദയമിടിപ്പ് പോലും രാഷ്ട്രത്തിന് വേണ്ടിയായിരുന്നു എന്ന അഭിമാനത്തോടെ അവരത് വീണ്ടും വീണ്ടും കാണുക തന്നെ ചെയ്യും.അനേകായിരങ്ങള്‍ക്ക് അഭയമേകിയ ആ ട്വിറ്റര്‍ ഹാന്‍ഡില്‍ ഇനി ചലിക്കില്ല. പ്രവാസി ഇന്ത്യക്കാര്‍ക്ക് അമ്മയായി മാറിയ വാത്സല്യം ഇനിയില്ല.

യുഎന്‍ വേദികളില്‍ ഇന്ത്യന്‍ ദേശീയതയ്ക്കു വേണ്ടി ശക്തിയോടെ മുഴങ്ങിയ ആ സൗമ്യ ശബ്ദം ഇനി ഓര്‍മ്മ മാത്രം. അവസാന ശ്വാസവും രാഷ്ട്രത്തിനു വേണ്ടി എന്ന പ്രതിജ്ഞ പാലിച്ച്‌ ഇന്ത്യയുടെ അമ്മ വിടവാങ്ങി.  അകലങ്ങളിലെ ഇന്ത്യക്കാരന് അവസാനത്തെ ആശ്രയമല്ല , ഏറ്റവും ആദ്യത്തെ ആശ്രയമായി മാറിയിരുന്നു ഇന്ത്യയുടെ വിദേശകാര്യമന്ത്രി. ഇന്ത്യക്കാര്‍ മാത്രമല്ല ചികിത്സയ്ക്ക് വേണ്ടി തന്നെ സമീപിച്ച പാകിസ്ഥാന്‍കാരെയും ആ അമ്മ കരുണയോടെ കണ്ടു. അവര്‍ക്കു വേണ്ടി വിസ സൗകര്യങ്ങള്‍ ഒരുക്കി. അവരുടെ ഓരോ ആവശ്യങ്ങളും ശ്രദ്ധയോടെ കേട്ടു.

അമ്മേയെന്ന് വിളിച്ച്‌ അശരണര്‍ മക്കളായി. അവരെയെല്ലാം വാത്സല്യപൂര്‍വ്വം സുഷമ ചേര്‍ത്തു പിടിച്ചു.മാതൃരാജ്യത്തിന്റെ നേരേ ഉയര്‍ന്ന ഒരു വെല്ലുവിളിയും കണ്ടു നില്‍ക്കാന്‍ കഴിഞ്ഞില്ല അവര്‍ക്ക്. മാതൃഭാവത്തിനൊപ്പം തന്നെ ശക്തയായ ഭരണാധികാരി എന്ന വേഷവും അവര്‍ ഭംഗിയായി നിറഞ്ഞാടി. ലോകമവസാനിച്ചാലും കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരിക്കുമെന്ന് ഉറച്ച പ്രഖ്യാപനം നടത്തി. യു‌എന്നില്‍ അളന്നു മുറിച്ച വാക്കുകളിലൂടെ എതിരാളികളെ നിഷ്പ്രഭമാക്കി

ആത്മഹത്യക്ക് ശ്രമിച്ചവര്‍ക്ക് അഭയമായി ഞങ്ങള്‍ കൂടെയുണ്ടെന്ന് പറഞ്ഞുവെന്ന് മാത്രമല്ല കൈപിടിച്ച്‌ കൂടെ നിന്നു. ചൊവ്വയില്‍ കുടുങ്ങിയാല്‍ പോലും ഞങ്ങള്‍ രക്ഷപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച്‌ ഇന്ത്യക്കാര്‍ക്ക് വേണ്ടി മഹാമേരു പോലെ നിലകൊണ്ടു. അള്ളാഹു കഴിഞ്ഞാല്‍ നിങ്ങളാണ് ഞങ്ങളുടെ അവസാന ആശ്രയമെന്ന് പാകിസ്ഥാന്‍കാര്‍ പോലും പറയുന്ന രീതിയില്‍ കാരുണ്യത്തിന്റെ വിശ്വവനിതയായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button