KeralaLatest News

കനത്ത കാറ്റില്‍ ട്രാക്കിലേയ്ക്ക് വീണ മരത്തില്‍ ട്രെയിനിടിച്ചു : സംഭവം നടന്നത് കൊല്ലത്ത്

കൊല്ലം: കനത്ത കാറ്റില്‍ റെയില്‍വേ ട്രാക്കിലേയ്ക്ക് മരം കടപുഴകിവീണു. കൊല്ലം-ചെങ്കോട്ട പാതയിലാണ് സംഭവം. ട്രാക്കിലേക്കു മറിഞ്ഞു വീണ കാറ്റാടി മരത്തില്‍ പാസഞ്ചര്‍ ട്രെയിന്‍ ഇടിച്ചു കയറിയെങ്കിലും തലനാരിഴയ്ക്ക് വന്‍ദുരന്തം ഒഴിവായി. ഇന്നലെ വൈകീട്ട് ആറ് മണിയോടെ കേരളപുരം ഇഎസ്ഐയ്ക്കടുത്തായിരുന്നു സംഭവം. കൊല്ലത്തു നിന്നുള്ള ചെങ്കോട്ട പാസഞ്ചര്‍ ട്രെയിനാണ് മരത്തിന് മുകളിലേക്ക് ഇടിച്ചു കയറിയത്. നാട്ടുകാര്‍ മുന്നറിയിപ്പു നല്‍കിയതിനെ തുടര്‍ന്നു ട്രെയിന്‍ വേഗം കുറച്ചെത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

മരം കടപുഴകി ട്രാക്കിലേക്കു വീണ് അഞ്ച് മിനിറ്റിനുള്ളില്‍ ട്രെയിന്‍ കടന്നു വന്നു. നാട്ടുകാരില്‍ ചിലര്‍ ട്രെയിനിനടുത്തേക്ക് ഓടി കൈവശമുണ്ടായിരുന്ന തുണി വീശി ലോക്കോ പൈലറ്റിനെ വിവരം ധരിപ്പിച്ചു. ലോക്കോ പൈലറ്റ് വേഗം കുറച്ചെങ്കിലും ട്രാക്കില്‍ വീണ മരത്തിന്റെ ശിഖരത്തില്‍ ഇടിച്ചു ട്രെയിന്‍ മുന്നോട്ടു പോയി. ട്രെയിനിന്റെ ചക്രങ്ങള്‍ കയറിയതോടെ വലിയ ശബ്ദത്തോടെ ശിഖരം മുറിഞ്ഞു മാറി

പിന്നീട് ലോക്കോ പൈലറ്റ് ഇറങ്ങി ട്രാക്കില്‍ നിന്നു മരച്ചില്ല മാറ്റി അധികൃതരെ വിവരമറിയിച്ച ശേഷം യാത്ര തുടരുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button