Latest NewsIndia

നരേന്ദ്ര മോദിക്ക് അരുണ്‍ ജെയിറ്റ്‌ലി ‘വിലയേറിയ വജ്രം’ ആയിരുന്ന ഇന്നലെകള്‍

ന്യൂഡല്‍ഹി•രാഷ്ട്രീയ വൃത്തങ്ങളില്‍ ‘സ്‌കോളര്‍ മിനിസ്റ്റര്‍’ എന്നാണറിയപ്പെടുന്ന അരുണ്‍ ജയ്റ്റ്‌ലി ഒന്നാം മോദി സര്‍ക്കാരിന്റെ നട്ടെല്ലായിരുന്നു. രണ്ടാം മോദി സര്‍ക്കാരില്‍ ജെയ്റ്റ്‌ലിക്ക്് വേണ്ടിമാത്രം ബാക്കി വച്ച വകുപ്പുണ്ടായിരുന്നിട്ടും അനാരോഗ്യത്തിന്റെ പേരില്‍ നാലുപതിറ്റാണ്ട് നീണ്ട രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്ന് സ്വയം മാറി നില്‍ക്കുകയായിരുന്നു ജെയ്റ്റ്‌ലി.

സമവായമായിരുന്നു ജയ്റ്റ്‌ലിയുടെ നയം, നിര്‍ണായകമായ പല വിഷയങ്ങളിലും സമവായത്തിലൂടെ പരിഹാരം കണ്ടെത്തി മോദിയുടെ കരങ്ങള്‍ക്ക് ശക്തിപകരുന്ന യഥാര്‍ത്ഥ ചാണക്യനായി ജയ്റ്റ്‌ലി. മുഖ്യമന്ത്രിയായിരിക്കെ മോദിയുടെ രാഷ്ട്രീയ പ്രതിഛായക്ക് മേല്‍ കരിനിഴല്‍ പരത്തിയ ഗുജറാത്ത് കലാപം മുതല്‍ മോദിക്കൊപ്പമുണ്ട് ജയ്റ്റ്‌ലി. ആര്‍എസ്എസ് പ്രചാരകനായിരുന്ന മോദി 90 കളുടെ അവസാനത്തില്‍ ദില്ലിയില്‍ ബിജെപി ജനറല്‍ സെക്രട്ടറിയായി നിയമിതനായപ്പോള്‍, അശോക റോഡിലെ 9 ലെ ജെയ്റ്റ്ലിയുടെ ഔദ്യോഗിക ബംഗ്ലാവിന്റെ ഒരു അനെക്‌സിലായിരുന്നു താമസം. ഗുജറാത്ത് മുഖ്യമന്ത്രി കേശുഭായ് പട്ടേലിനെ പുറത്താക്കി മോദിയെ നിയമിക്കാനുള്ള നീക്കത്തിലും അരുണ്‍ ജയ്റ്റ്‌ലിക്ക് പങ്കുണ്ടായിരുന്നു. 2002 ല്‍ ഗുജറാത്തില്‍ നടന്ന കലാപത്തെച്ചൊല്ലി ഡല്‍ഹിയിലെ പലപ്രമുഖ നേതാക്കളും മോദിയെ കുറ്റപ്പെടുത്തിയപ്പോഴും ശക്തമായ പിന്തുണ നല്‍കി നിന്ന് അദ്ദേഹം.

മോദി മാത്രമല്ല അമിത് ഷായും ജയ്റ്റ്‌ലിയുടെ കരുതലും സ്‌നേഹവും ആവോളം അറിഞ്ഞിട്ടുണ്ട്. ഒരുകാലത്ത് ജയ്റ്റ്ലിയുടെ കൈലാഷ് കോളനി ഓഫീസില്‍ പതിവ് സന്ദര്‍ശകനായിരുന്നു അമിത് ഷാ. 2014 ല്‍ മോദിയെ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പുള്ള മാസങ്ങളില്‍ രാജ്നാഥ് സിംഗ്, ശിവരാജ് സിംഗ് ചൗഹാന്‍, നിതിന്‍ ഗഡ്കരി എന്നിവരെ ഇക്കാര്യത്തില്‍ ഒപ്പം നിര്‍ത്താന്‍ വളരെ വിവേകപൂര്‍വ്വം അരുണ്‍ ജയ്റ്റ്‌ലി പ്രവര്‍ത്തിച്ചത് പാര്‍ട്ടിയിലെ പ്രധാന നേതാക്കള്‍ക്കെല്ലാം നന്നായി അറിയാം. ജെയ്റ്റ്ലിയെ ”വിലയേറിയ വജ്രം” എന്നാണ് മോദി ഒരിക്കല്‍ വിശേഷിപ്പിച്ചത്. സുപ്രധാന വകുപ്പായ ധനകാര്യം ജയ്റ്റ്‌ലിയുടെ കയ്യില്‍ ഭദ്രമാകുമെന്ന് പ്രധാനമന്ത്രിയായ മോദിക്ക് നന്നായി അറിയാമായിരുന്നു. അരുണ്‍ ഷൂരി, സുബ്രഹ്മണ്യന്‍ സ്വാമി തുടങ്ങിയവരുടെ താത്പര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കാതെയാണ് മോദി ജയ്റ്റിലെ തനിക്കൊപ്പം നിര്‍ത്തിയത്. പ്രതിരോധ മന്ത്രിയായിരുന്ന മനോഹര്‍ പരീക്കറിന്റെ ആരോഗ്യസ്ഥിതി മോശമായപ്പോള്‍ ബിജെപിയില്‍ കരുത്തരും കഴിവുറ്റവരുമായ നേതാക്കള്‍ വേറെയുണ്ടായിട്ടും മോദി പ്രതിരോധവകുപ്പിന്റെ അധികച്ചുമതല നല്‍കിയത് ജയ്റ്റ്‌ലിക്ക് തന്നെയായിരുന്നു.

അധികാരത്തിന്റെ കുതിച്ചുചാട്ടം എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് നന്നായി അറിയയുന്ന ജയ്റ്റ്‌ലി 1990 കളുടെ അവസാനം മുതല്‍ മോദിയുടെ യാത്രകള്‍ക്ക് പച്ചക്കൊടി കാട്ടി കൂടെനിന്നു. നിയമബിരുദധാരി എന്ന നിലയില്‍ 2002 ലെ ഗുജറാത്ത് കലാപത്തിന്റെ തുടര്‍ച്ചയായുള്ള നിയമനടപടികളില്‍ മോദിക്കൊപ്പം നില്‍ക്കാന്‍ ജയ്റ്റിലി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 2014 മുതല്‍ 2019 വരെയുള്ള ആദ്യമോദിസര്‍ക്കാരില്‍ ഭരണ നൈപുണ്യം കൊണ്ടും വ്യക്തിപ്രഭാവം കൊണ്ടും നിറഞ്ഞ് നിന്നത് അരുണ്‍ ജയ്റ്റ്‌ലി തന്നെയായിരുന്നു. സര്‍ക്കാരിന്റെ നേട്ടങ്ങളുടെ മികവ് കൂട്ടാനായാലും പ്രതിപക്ഷത്തെ ആക്രമിക്കാനായാലും 2019 ലെ തിരഞ്ഞെടുപ്പിനെ രൂപപ്പെടുത്താനായാലും അനിഷേധ്യമായ പങ്ക് വഹിച്ചിട്ടുണ്ട അരുണ്‍ ജയ്റ്റ്‌ലി.

ഇന്ധനവില ഉയരുന്നതിന്റെ ആഗോള പശ്ചാത്തലം രാജ്യത്തിന് വിശദീകരിച്ചതും സങ്കീര്‍ണ്ണമായ റാഫേല്‍ യുദ്ധവിമാന കരാര്‍ ലളിതമാക്കിയതും പാര്‍ലമെന്റിലൂടെ രാജ്യവ്യാപകമായി ചരക്ക് സേവന നികുതി (ജിഎസ്ടി) പോലുള്ള പ്രധാന സാമ്പത്തിക നിയമനിര്‍മ്മാണങ്ങള്‍ നടത്തിയതുമല്ലാം അരുണ്‍ ജയ്റ്റ്‌ലിയുടെ നിര്‍ണായകമായ ഇടപെടലുകള്‍ വഴിയായിരുന്നു. ഏറെ വിമര്‍ശിക്കപ്പെട്ടതും ചര്‍ച്ച ചെയ്യപ്പെട്ടതുമായ ട്രിപ്പിള്‍ ത്വലാഖ്’ ( മുസ്ലീം തല്‍ക്ഷണ വിവാഹമോചന സമ്പ്രദായം) നിരോധിക്കാനുള്ള ബില്‍ കൊണ്ടുവന്നപ്പോള്‍ സര്‍ക്കാരിന്റെ നിലപാട് വിശദീകരിക്കാന്‍ മോദി ചുമതലപ്പെടുത്തിയത് ജയ്റ്റ്‌ലിയെയായിരുന്നു. വൃക്ക മാറ്റിവയ്ക്കല്‍ നടത്തുന്നതിന് മൂന്ന് മാസത്തെ ഇടവേള എടുത്ത ജയ്റ്റ്‌ലിക്ക് ചികിത്സയ്ക്കായി യുഎസിലേക്ക് പോകേണ്ടി വന്നതോടെ ഒന്നാം മോദി സര്‍ക്കാരിന്റെ ആറാമത്തെയും അവസാനത്തെയും ബജറ്റ് അവതരിപ്പിക്കാനുള്ള അവസരം നഷ്ടപ്പെട്ടു. മിതവാദിയായ ജെയ്റ്റ്ലിക്ക് രാഷ്ട്രീയ സ്‌പെക്ട്രത്തില്‍ ഉടനീളം സുഹൃത്തുക്കളുണ്ടായിരുന്നു. തന്റെ നിലപാടിനോട് യോജിക്കുന്നുണ്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെ, പൊതു വ്യവഹാരങ്ങളില്‍ പരിഷ്‌കാരം കൊണ്ടുവന്ന ഇന്ത്യയിലെ ഏറ്റവും വാചാലനും സ്വാധീനമുള്ളതുമായ നേതാക്കളില്‍ ഒരാളായി ജയ്റ്റ്‌ലി.

നിര്‍മ്മല സീതാരാമന്‍, പീയൂഷ് ഗോയല്‍, ധര്‍മേന്ദ്ര പ്രധാന്‍ തുടങ്ങി നിരവധി മന്ത്രിമാര്‍ അദ്ദേഹത്തെ തങ്ങളുടെ സംരക്ഷകനായി കരുതി. എല്ലാ പാര്‍ട്ടി വക്താക്കളും അദ്ദേഹത്തോട് ഉപദേശം തേടി. വിഭജനത്തിനുശേഷം ലാഹോറില്‍ നിന്ന് ഇന്ത്യയിലെത്തിയ അഭിഭാഷകന്റെ മകനാണ് അരുണ്‍ ജയ്റ്റ്‌ലി. ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ ദില്ലി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്റെ പ്രസിഡന്റായിരുന്നു. യൂണിവേഴ്‌സിറ്റി കാമ്പസില്‍ വന്‍ പ്രതിഷേധം സംഘടിപ്പിച്ചതിന് 19 മാസം ജയിലില്‍ കിടക്കേണ്ടിയും വന്നു. അടിയന്തരാവസ്ഥയ്ക്ക് ശേഷമാണ് ജയ്റ്റ്‌ലി നിയമം അഭ്യസിക്കാന്‍ തുടങ്ങിയത്. 1980 ല്‍ ഇന്ത്യന്‍ എക്‌സ്പ്രസ് കെട്ടിടം പൊളിക്കാനുള്ള ദില്ലി ലെഫ്റ്റനന്റ് ഗവര്‍ണറായിരുന്ന ജഗ്മോഹന്റെ നീക്കത്തെ വെല്ലുവിളിച്ചു. ഇത് രാംനാഥ് ഗോയങ്ക, അരുണ്‍ ഷൂറി, ഫാലി നരിമാന്‍ എന്നിവരുമായി അടുത്ത ബന്ധം പുലര്‍ത്തി. ഇത് അദ്ദേഹത്തെ വി പി സിങ്ങിന്റെ ശ്രദ്ധയില്‍പ്പെടുത്തി. പ്രധാനമന്ത്രിയായ ശേഷം സിംഗ് ജെയ്റ്റ്ലിയെ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായി നിയമിച്ചു. 1999 ല്‍ നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് (എന്‍ഡിഎ) ആദ്യമായി അധികാരത്തില്‍ വന്നപ്പോള്‍, വാജ്്പേയി സര്‍ക്കാരില്‍ മന്ത്രിയായി. നിയമം, വിവരങ്ങള്‍, പ്രക്ഷേപണം, ഓഹരി വിറ്റഴിക്കല്‍, ഷിപ്പിംഗ്, വ്യവസായം തുടങ്ങിയവ അദ്ദേഹം അനായാസം കൈകാര്യം ചെയ്തു. 2006 ല്‍ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായി. വിഷയാവതരണത്തിലെ വ്യക്തത, പെട്ടെന്നുള്ള ചിന്ത, അസാധാരണമായ ഓര്‍മ്മ എന്നീ ഗുണങ്ങള്‍ കാരണം കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷത്തെ പലരും അരുണ്‍ ജയ്റ്റ്‌ലിയുമായി ഉറ്റസൗഹൃദം പുലര്‍ത്തിയിരുന്നു.

എന്തായാലും ബിജെപിയുടെ ചരിത്രത്തില്‍ ഇടം പിടിക്കുന്നത് തന്നെയാകും 2019 ഓഗസ്റ്റിന്റെ നഷ്ടം. സുഷമ സ്വരാജിന് പിന്നാലെ അെരുണ്‍ ജയറ്റ്‌ലി എന്ന അതുല്യവ്യക്തിത്വം കൂടി ബിജെപിക്ക് നഷ്ടമാകുമ്പോള്‍ നികത്താനാകാത്ത സൗഹൃദത്തിന്റെയും രാഷ്ട്രീയ പിന്തുണയുടെയും ശക്തമായ കരങ്ങളാണ് മോദിക്ക് നഷ്ടമാകുന്നത്. വിലയേറിയ വജ്രം എന്ന് അഭിമാനത്തോടെ ചൂണ്ടിക്കാണിക്കാന്‍ ജയ്റ്റ്‌ലിയുടെ നയവും പ്രതിഭയും സംഘാടകശേഷിയമുള്ള പകരം ഒരാളെ അത്ര പെട്ടെന്ന് മോദിക്ക് ചൂണ്ടിക്കാണിക്കാനാകില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button