Festivals

ഗണേശ പൂജയിൽ മോദകത്തിന്റെ പ്രാധാന്യം

ഹിന്ദുമതപ്രകാരം ഗണങ്ങളുടെ അധിപൻ അഥവാ ഗണേശനാണ് ഗണപതി. ബുദ്ധിയുടെയും സിദ്ധിയുടേയും ഇരിപ്പിടമായാണ് മഹാ ഗണപതിയെ കണക്കാക്കുന്നത്. ഗണപതിയെ പ്രീതിപ്പെടുത്തുന്നതിനായാണ് ഇന്ത്യയില്‍ വിനായക ചതുര്‍ത്ഥി ആഘോഷിച്ച് പോരുന്നത്. ഗണപതി വിഗ്രഹങ്ങള്‍ അനുഷ്ടാനങ്ങളോടെ പ്രതിഷ്ഠിച്ച് പൂജിക്കുന്നതാണ് പ്രധാന ചടങ്ങ്. താമരയും കറുകപ്പുല്ലും ഉപയോഗിച്ചുള്ള പൂജയും ഉപയോഗിച്ച് പൂജ ചെയ്യുന്നതിനൊപ്പം മോദകം തയ്യാറാക്കി പൂജ ചെയ്ത് ഗണപതിക്ക് സമര്‍പ്പിക്കും. ഗണേശ പൂജയിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് മോദകം.

ഒരിക്കല്‍ ഗണപതിയുടെ നൃത്തംകാണാന്‍ ശ്രീപരമേശ്വരനും ശ്രീപാര്‍വ്വതിക്കും ആഗ്രഹമുണ്ടായി. ഗണപതി നൃത്തം ചെയ്തു. അതില്‍ സംപ്രീതരായ മാതാപിതാക്കള്‍ ഗണപതിക്ക് ഏറ്റവും പ്രിയപ്പെട്ട മോദകമുണ്ടാക്കിക്കൊടുത്തു. ഇത്തരത്തിൽ ഗണപതിയെ പ്രീതിപ്പെടുത്താൻ അദ്ദേഹത്തിന്റെ ജന്മദിനത്തിൽ മോദകം ഉണ്ടാക്കി സമർപ്പിക്കുന്നത് ഒരു പ്രധാന ചടങ്ങായി ആചരിച്ചുവരുന്നു. ഒരു ജന്മദിനത്തില്‍, ഗണപതി വീടുതോറും സഞ്ചരിച്ച്‌, ഭക്തന്മാരര്‍പ്പിച്ച ധാരാളം മോദകം ഭക്ഷിച്ച്‌ രാത്രിയില്‍ തന്റെ വാഹനമായ എലിയുടെ പുറത്തുകയറി വീട്ടിലേക്ക്‌ തിരിച്ചു. വഴിക്ക്‌ ഒരു പാമ്പിനെക്കണ്ട എലി ഭയപ്പെട്ടുവിറച്ചു തുടങ്ങി. ഈ സമയം അതിന്റെ മുകളിലിരുന്ന ഗണപതി തെറിച്ചുതാഴെ വീണു. ഇതോടെ ഗണപതിയുടെ വയറുപൊട്ടി മോദകമെല്ലാം വെളിയിൽ ചാടി. ഉടനെതന്നെ ഗണപതി, വീണ സാധനമെല്ലാം തന്റെ വയറ്റില്‍ത്തന്നെ കുത്തിത്തിരുകിയശേഷം ആ പാമ്പിനെ പിടിച്ച്‌ വയറിന്‌ ചുറ്റും വെള്ളിയെന്നപോലെ ബലമായി കെട്ടിവച്ചു.

ഇതെല്ലാംകണ്ടുകൊണ്ട്‌ ആകാശത്തില്‍ നിന്നിരുന്ന ചന്ദ്രന്‍ പരിഹാസപൂര്‍വം ചിരിച്ചു. ഇതില്‍ ക്ഷുഭിതനായ ഗണപതി തന്റെ കൊമ്പുപറിച്ച്‌ ചന്ദ്രനെ എറിഞ്ഞശേഷം ചന്ദ്രനോട് ഗണേശപൂജാദിനം നിന്നെ ആരും നോക്കാതെ പോകട്ടെ എന്ന് ശപിക്കുകയുണ്ടായി. ഗണേശപുരാണം അനുസരിച്ച്‌ ഈ കഥയിൽ ചെറിയ വ്യത്യാസമുണ്ട്‌. ഒരു ശുക്ലപക്ഷചതുര്‍ത്ഥിയില്‍ ശ്രീപരമേശ്വരന്‍ ഇളയപുത്രനായ ഗണപതി കാണാതെ മൂത്തപുത്രനായ സുബ്രഹ്മണ്യന്‌ ഒരു പഴം തിന്നാന്‍ കൊടുത്തെന്നും അത്‌ കണ്ട്‌ ഊറിച്ചിരിച്ച ചന്ദ്രനെ ശപിക്കുകയാണുണ്ടായതെന്നുമാണ്‌ ആ കഥ.

shortlink

Related Articles

Post Your Comments


Back to top button