വിനായക ചതുർത്ഥിFestivals

ഗണേശോത്സവം ആഘോഷിച്ചോളൂ… പക്ഷേ പരിസ്ഥിതിയെ മറക്കരുത്

സകല വിഘ്നങ്ങളും നീക്കുന്ന വിഗ്‌നേശ്വരനായ ഗണപതിയുടെ ജന്മദിവസമായാണ് വിശ്വാസികള്‍ വിനായക ചതുര്‍ത്ഥി. പത്ത് ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ക്കൊടുവില്‍ പൂജിച്ച ഗണപതി ഭഗവാന്റെ വിഗ്രഹം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആയിരക്കണത്തിന് ഭക്തര്‍ കടലില്‍ ഒഴുക്കും. ഇതോടെ നമ്മുടെ ജീവിതത്തിലെ സകല വിഗ്‌നങ്ങളും ഒഴിഞ്ഞു പോയി എന്നാണ് വിശ്വാസം. എന്നാല്‍ വിഗ്നങ്ങള്‍ എല്ലാം നമ്മെ വിട്ടകന്നു എന്ന വിശ്വാസത്തില്‍ തിരികെയെത്തുമ്പോള്‍ നാം യഥാര്‍ത്ഥത്തില്‍ സൃഷ്ടിക്കുന്നത് നിരവധി പരിസ്ഥിതി പ്രശ്‌നങ്ങളാണ്. നാം അറിഞ്ഞോഅറിയാതെയോ ഈ പ്രകൃതിയോട് ചെയ്യുന്നത് വലിയ ക്രൂരതയാണ്.

ALSO READ: വരുന്നത് ഗണേശ ചതുര്‍ത്ഥിയാണ്, നാവിൽ കപ്പലോടും രുചി; വേഗം കരാഞ്ചി തയ്യാറാക്കിക്കോളു

നാല് ഘട്ടങ്ങളിലാണ് ഗണപതി ഭവാന്റെ വിഗ്രഹത്തില്‍ പൂജ നടത്തി ഇന്ന് കടലില്‍ ഒഴുക്കുന്നത്. മനുഷ്യകുലത്തിന്റെ പ്രാര്‍ത്ഥനകള്‍ ഏറ്റുവാങ്ങി ഗണപതി ഭഗവാനെ അങ്ങനെ കടലില്‍ നിമജ്ജനം ചെയ്യും. താമരയും കറുകപ്പുല്ലും ഒക്കെ ചേര്‍ത്ത മാലകള്‍ അണിയിച്ച് ആടയാഭരണങ്ങളും പട്ടുവസ്ത്രവുമുടുപ്പിച്ചാണ്് ഘോഷയാത്ര നടത്തുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലായിരുന്നു വിനായക ചതുര്‍ത്ഥി ആഘോഷിച്ചു കൊണ്ടിരുന്നത്. പ്രത്യേകിച്ചും മഹാരാഷ്ട്രയിലാണ് ആഘോഷങ്ങള്‍ കൂടുതല്‍. പിന്നീട് അത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. കേരളത്തിലും വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ ഇപ്പോള്‍ പൊടിപൊടിക്കുകയാണ്. ഒരടിയില്‍ തുടങ്ങി പത്തും പതിനഞ്ചും അടിയുള്ള വിഗ്രഹങ്ങളാണ് ഇപ്പോള്‍ ആഘോഷങ്ങള്‍ക്കായി നിര്‍മ്മിക്കുന്നത്. പണ്ടൊക്കെ കളിമണ്ണിലായിരുന്നു വിഗ്രഹങ്ങള്‍ നിര്‍മ്മിച്ചിരുന്നത്. എന്നാല്‍ ഇന്ന് കഥയാകെ മാറി. ഇപ്പോള്‍ ഭംഗിക്കായി പ്ലാസ്റ്റര്‍ ഓഫ് പാരീസ് ഉപയോഗിച്ചാണ് ഇവ നിര്‍മ്മിക്കുന്നത്. മാത്രമല്ല വിവിധ നിറങ്ങളിലുള്ള ചായങ്ങള്‍ ഉപയോഗിച്ച് വിഗ്രഹങ്ങള്‍ നിറം പിടിപ്പിക്കുന്നു. വിഗ്രഹത്തിന് മുകളില്‍ ആടയാഭരണങ്ങളും വസ്ത്രങ്ങളും അണിയിക്കുന്നു. ഇങ്ങനെ ആയിരക്കണക്കിന് നിറം പിടിപ്പിച്ച വിഗ്രഹങ്ങളാണ് ഓരോ വിനായക ചതുര്‍ത്ഥി നാളിലും കടലിലോ പുഴയിലോ ഒഴുക്കാന്‍ പോകുന്നത്.

ALSO READ: ഗണേശോത്സവത്തിനൊരുങ്ങി കേരളം; നാടെങ്ങും വിപുലമായ ആഘോഷങ്ങള്‍

പത്ത് ദിവസത്തെ പൂജയ്ക്ക് ശേഷം വിഗ്രഹം കടലില്‍ ഒഴുക്കിവിടുന്ന വിശ്വാസികള്‍ ചിന്തിക്കാത്ത ഒരു കാര്യമുണ്ട്. കടലിലേക്ക് നാം തള്ളിവിടുന്ന മാരക വിഷം അല്ലെങ്കില്‍ മാലിന്യത്തിന്റെ കൂമ്പാരം മനുഷ്യരാശിയ്ക്ക് എത്രത്തോളം വിപത്ത് സൃഷ്ടിക്കുന്നു എന്നതാണത്. ഇങ്ങനെ കടലിലും പുഴയിലും കലരുന്ന രാസവസ്തുക്കള്‍ ജലം മലിനപ്പെടുത്തുക മാത്രമല്ല, മത്സ്യസമ്പത്ത് നശിപ്പിക്കുക കൂടി ചെയ്യും.

എന്നാല്‍ വിശ്വാസങ്ങള്‍ മാറ്റി വെക്കണമെന്നല്ല ഇതിന്റെ അര്‍ത്ഥം. പത്തും പതിനഞ്ചും അടിയുള്ള ആയിരക്കണക്കിന് കൂറ്റന്‍ വിഗ്രഹങ്ങള്‍ കടലിലൊഴുക്കാതിരിക്കാന്‍ നമുക്കാവും. പ്രകൃതിയോടിണങ്ങുന്ന രീതിയില്‍ കളിമണ്ണിലോ കല്ലിലോ നിര്‍മ്മിച്ച വിഗ്രങ്ങള്‍ ചടങ്ങിനായി മാത്രം കടലിലൊഴുക്കാം. ഒരു ഘോഷയാത്രയോടൊപ്പം നൂറിലധികം വിഗ്രഹങ്ങള്‍ എന്നനിലയില്‍ നിന്നും അത് ഒന്ന് എന്ന രീതിയേക്ക് ചുരുക്കാന്‍ നമുക്കാവില്ലേ? ഈ ഭൂമി നമ്മുടേത് മാത്രമല്ല, എണ്ണിയാലൊടുങ്ങാത്ത അനേകം ജീവജാലങ്ങളുടേത് കൂടിയാണ്. വരും തലമുറയ്ക്കുള്ളതാണ്.

shortlink

Post Your Comments


Back to top button