KeralaLatest NewsNews

വാര്‍ത്തകളില്‍ താരമായ കിള്ളിയാര്‍ സിറ്റി മിഷനും പൊള്ളയായ വാഗ്ദാനങ്ങളും മാത്രം വിധിക്കപ്പെട്ട തിരുവനന്തപുരം നിവാസികള്‍- അഞ്ജു പാര്‍വതി പ്രഭീഷ്

അഞ്ജു പാര്‍വതി പ്രഭീഷ്

ഇന്നിന്റെ കേരളത്തിൽ നികത്തിയെടുത്താൽ ഒന്നാന്തരം ആസ്തിയും നികത്താൻ കഴിഞ്ഞില്ലെങ്കിൽ മാലിന്യം നിക്ഷേപിക്കാനുള്ള വെറും ഓടകൾ മാത്രവുമായി മാറുന്നുണ്ട് മിക്ക ജലാശയങ്ങളും. അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് അനന്തപുരിയുടെ ഹൃദയരേഖയായ കിള്ളിയാർ.മാലിന്യങ്ങൾക്കിടയിൽ ഓളംനിലച്ച‌ മരണാസന്നയായ കിള്ളിയാറിനെ പുനരുജ്ജീവിപ്പിക്കാൻ ലക്ഷ്യമിട്ട് തിരുവനന്തപുരം നഗരസഭ രൂപം നല്‍കിയ കിള്ളിയാര്‍ സിറ്റിമിഷന്റെ നേതൃത്വത്തിൽ കൊട്ടിഘോഷിക്കപ്പെട്ട രീതിയിൽ ശുചീകരണപ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ തിരുവനന്തപുരത്തെ ശാസ്തമംഗലം പൈപ്പിൻമൂട് നിവാസികൾ സന്തോഷിച്ചത് കാലങ്ങളായി അവർ നേരിട്ടുവരുന്ന മാലിന്യപ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരമാകുമെന്നു കരുതിയാണ്.എന്നാൽ ഏകദേശം ഒരു വർഷം മുമ്പ് സിറ്റിമിഷന്റെ ആദ്യഘട്ടശുചീകരണപരിപാടികൾ അവസാനിച്ചതോടെ ആ ആശ്വാസവും സന്തോഷവും അവസാനിക്കുകയും ചെയ്തു.

 

വാർത്തകളിൽ കൊട്ടിഘോഷിക്കപ്പെട്ട സിറ്റിമിഷൻ ശുചീകരണയജ്ഞം ജനകീയ പങ്കാളിത്തത്തോടെ ഏകദിന ശുചീകരണം നടത്തിയ ശേഷം തുടർ നടപടികൾ ഒരിഞ്ചു പോലും മുന്നോട്ടു പോയില്ല എന്നതിനു നേർസാക്ഷ്യപത്രമാണ് നഗരഹൃദയത്തിലെ പൈപ്പിൻമൂട് റോഡ്.കിള്ളിയാറ്റിലേയ്ക്കുള്ള ഒരു കൈവഴി ശാസ്തമംഗത്തിനടുത്ത് പൈപ്പിൻമൂട് വഴി ഒഴുകുന്നുണ്ട്. ഈ റോഡിൽ തന്നെയാണ് പുരാതനമായ മഹാദേവർ ക്ഷേത്രവും. പതിനായിരക്കണക്കിന് രൂപ ചെലവാക്കി നടത്തിയ ശുചീകരണ പ്രവർത്തനങ്ങളുടെ ഫലം വെള്ളത്തിൽ ഒലിച്ചു പോയിയെന്നതിന്റെ ദൃഷ്ടാന്തമാണ് മാലിന്യകൂമ്പാരത്താൽ സമ്പന്നമായ ഈ റോഡിന്റെ ഇന്നത്തെ അവസ്ഥ.

ALSO READ: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് ആര്‍ക്ക്? അനിശ്ചിതത്വം തുടരുന്നു

സമൂഹം വളരുമ്പോൾ എല്ലാ ആസ്തിയും പോലെ ജലാശയങ്ങളും ബാധ്യത ആകുന്നുവെന്ന് എവിടെയോ വായിച്ചിട്ടുണ്ട്.കിള്ളിയാറിന്റെ ആ ബാധ്യതയുടെ ഏറ്റവും വലിയ ഇരകൾ പൈപ്പിൻമൂട് ഭഗവതിലൈനിനു എതിർവശത്തുള്ള പൊതുവഴിക്കിരുവശവും ജീവിക്കുന്നവരാണ്. കാരണം അറവുശാലയിലെ മാലിന്യം മുതൽ കക്കൂസ് മാലിന്യം അടക്കം തള്ളാനുള്ള ഇടമായി ആ പൊതുവഴി എന്നേ മാറിക്കഴിഞ്ഞിരിക്കുന്നു. ജലമൊഴുക്ക് കുറഞ്ഞതിനാല്‍ കൈവഴിയിലെ വെള്ളം ഈ അഴുക്കുകളില്‍ കെട്ടിനിന്ന് കൊതുക് വളര്‍ത്തല്‍ കേന്ദ്രങ്ങളായി മാറി. മാലിന്യങ്ങള്‍ അഴുകി ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയിലാണ് ഇപ്പോൾ ഈ റോഡ്.

നെടുമങ്ങാട്‌ താലൂക്കിൽ, പനവൂർ തീർത്ഥങ്കരയിൽ ഉത്ഭവിച്ചു, വഴയിലയിൽ വച്ച് നഗരപ്രവേശനം നടത്തി, മണ്ണാമൂല, മരുതംകുഴി, ഇടപഴഞ്ഞി, ജഗതി, കിള്ളിപ്പാലം, ആറ്റുകാൽ, കാലടി വഴി മാലിന്യങ്ങളുടെ ഭാണ്ഡം പേറി കരമന ആറ്റിൽ കിള്ളിയാർ എത്തുമ്പോൾ അതിന്റെ ദുരിതം അനുഭവിക്കുന്നത് ഈ പ്രദേശങ്ങളിലൂടൊഴുകുന്ന ചെറു കൈവഴികൾക്കിരുവശവും താമസിക്കുന്നവരാണ്.പുഴയ്ക്ക് അവകാശപ്പെട്ട പുറമ്പോക്കുകൾ കൈയ്യേറിയവർ പുഴയുടെ നൈസർഗികമായ ഒഴുക്കിനു തടയിട്ടപ്പോൾ മഴക്കാലങ്ങളിൽ മാലിന്യക്കൂമ്പാരങ്ങൾ പൊതുവിടങ്ങളിലൂടെ നിക്ഷേപിക്കാൻ പുഴ മറക്കുന്നില്ല.പുഴ മാത്രമല്ല ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത്.കുന്നുകൂടുന്ന മാലിന്യം എടുക്കാനെത്തുന്ന നഗരസഭാ ജീവനക്കാര്‍ ആറിന്റെ കരകളില്‍ മാലിന്യം തള്ളുന്നുണ്ട്.

ഇതിനെതിരെ നിരന്തരം പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് പൈപ്പിൻമൂട് അസോസിയേഷന്‍ ഭാരവാഹികൾ പറയുന്നു. എന്നാൽ മാലിന്യം കുഴിച്ചുമൂടുന്നതിന് ബദല്‍ സംവിധാനമില്ലാത്തതാണ് ആറിന്റെ വശങ്ങളില്‍ മാലിന്യം തള്ളാന്‍ കാരണമെന്നാണ് കോര്‍പ്പറേഷന്‍ ജീവനക്കാരുടെ വിചിത്രമായ വാദം. കോര്‍പ്പറേഷന്‍ ജീവനക്കാരുടെ ഭാഗത്തുനിന്ന് ഇത്തരമൊരു നടപടിയുണ്ടാകുന്നുണ്ടെങ്കില്‍ അതു പരിശോധിക്കുമെന്നും ശക്തമായ നടപടിയുണ്ടാകുമെന്നുമാണ് മേയര്‍ ആവർത്തിച്ചു പറയുന്നുമുണ്ട്.

യഥാർത്ഥത്തിൽ ഏകദിന ശുചീകരണം നടത്തിയ ശേഷം കോർപറേഷന്റെ പ്രവർത്തനങ്ങൾ താളം തെറ്റിയതാണ് ഈ ദുരിതങ്ങൾക്ക് വീണ്ടും കാരണമായത്.രണ്ടാം ഘട്ടത്തിൽ യന്ത്രസഹായത്തോടെ മാലിന്യം നീക്കുമെന്ന പ്രഖ്യാപനം നടന്നതുമില്ല.ജനപങ്കാളിത്തത്തോടെ ആറ്റിൽ നിന്നു നീക്കം ചെയ്ത മാലിന്യം കഴിഞ്ഞ മഴയിൽ തിരികെ കിള്ളിയാറിലെത്തുകയും ചെയ്തു.ആറിന്റെ വശങ്ങളിൽ അനധികൃത നിർമാണങ്ങളും മാലിന്യം തള്ളലും ഇപ്പോഴും തുടരുമ്പോൾ നഗരഹൃദയത്തിലെ ദുർഗന്‌ധം വമിക്കുന്ന മാലിന്യക്കൂനയായി ഒരു പൊതുവഴിയും അതിന്റെ ഇരകളായി കുറേയേറെ മനുഷ്യജന്മങ്ങളും.അപ്പോഴും വാർത്തകളിൽ താരമായി നില്ക്കുന്നുണ്ട് കിള്ളിയാർ സിറ്റിമിഷനും പൊള്ളയായ കുറെയേറെ വാഗ്ദാനങ്ങളും.

shortlink

Related Articles

Post Your Comments

Related Articles


Back to top button