Latest NewsKeralaIndia

വയനാട്ടുകാരുടെ പ്രിയ ചങ്ങാതിയായ കാട്ടാന മണിയനു ദാരുണാന്ത്യം; ചെരിഞ്ഞത് കാട്ടുകൊമ്പനുമായുള്ള ഏറ്റുമുട്ടലില്‍

മസ്തകത്തിലും നെഞ്ചിനു താഴെ കുടലിലേക്കും ആഴ്ന്നിറങ്ങിയ കുത്താണ് കൊമ്പന്റെ മരണകാരണം.

ബത്തേരി: പുൽപള്ളി ബത്തേരി റോഡിൽ യാത്രക്കാർക്കും നാട്ടുകാർക്കും സുപരിചിതനായ മണിയൻ എന്ന ഒറ്റയാൻ ഇനിയില്ല. വനമേഖലയിൽ മറ്റു കാട്ടാനകളുമായുള്ള ഏറ്റുമുട്ടലിലാണ് മണിയൻ ചെരിഞ്ഞത്. ചെതലയം വെള്ളച്ചാട്ടത്തിനടുത്താണ് മണിയനെ ചെരിഞ്ഞ നിലയില്‍ വനപാലകര്‍ കണ്ടെത്തിയത്. മസ്തകത്തിലും നെഞ്ചിനു താഴെ കുടലിലേക്കും ആഴ്ന്നിറങ്ങിയ കുത്താണ് കൊമ്പന്റെ മരണകാരണം.

ശാന്ത സ്വഭാവക്കാരനായ മണിയന്‍ യാത്രക്കാര്‍ക്ക് എപ്പോഴും ഒരു കൗതുകമായിരുന്നു. വയനാട്ടില്‍ കാട്ടുമൃഗങ്ങള്‍ നാട്ടില്‍ ശല്യക്കാരാവുമ്പോഴും ‘മണിയന്‍’ എല്ലാവരുടെയും ഓമനയായിരുന്നു. നേരം പുലരുമ്പോഴേക്കും കാടതിര്‍ത്തികളിലും നാട്ടിലുമെത്തി സ്‌നേഹം നിറച്ച്‌ ചെവിയാട്ടിനില്‍ക്കുന്നതുകണ്ട് നാട്ടുകാരിട്ട പേരാണ് മണിയന്‍. ആ പേരുചൊല്ലിവിളിച്ച്‌ ആര്‍ക്കും മണിയന്റെയടുത്തേക്ക് ധൈര്യത്തോടെ പോവാമായിരുന്നു.

നാട്ടുകാര്‍ നല്‍കുന്നതെല്ലാം വയറുനിറച്ച്‌ കഴിച്ച്‌ വൈകീട്ടോടെ കാട്ടിലേക്ക് മടങ്ങുന്ന ശീലം കഴിഞ്ഞ ദിവസംവരെ മണിയന്‍ തുടര്‍ന്നിരുന്നു. 50 വയസോളം പ്രായമുണ്ട് മണിയന്. പുല്‍പ്പള്ളി ഇരുളവും ബത്തേരിക്കടുത്ത് കൂടല്ലൂരും മണിയന്റെ വിഹാരകേന്ദ്രങ്ങളായിരുന്നു. മണിയന്‍ ചരിഞ്ഞതറിഞ്ഞ് ദൂരസ്ഥലങ്ങളില്‍നിന്നുവരെ നൂറുകണക്കിനാളുകളാണ് കാണാനായിയെത്തിയത്.

കാട്ടാനകള്‍ കൂട്ടമായാണ് ആക്രമണം നടത്തിയത് എന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും ഒറ്റ ആനയാണ് കുത്തിവീഴ്ത്തിയത് എന്ന് പിന്നീട് വ്യക്തമായി.ശാന്ത സ്വഭാവക്കാരനായ മണിയന്‍ യാത്രക്കാര്‍ക്ക് എപ്പോഴും ഒരു കൗതുകമായിരുന്നു.നീണ്ട് വളഞ്ഞ കൊമ്പുള്ള മണിയന് ആക്രമണത്തെ പ്രതിരോധിക്കാന്‍ സാധിച്ചില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മണിയന്റെ മൃതദേഹം വനംവകുപ്പ് അധികൃതര്‍ കാട്ടില്‍ തന്നെ സംസ്‌കരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button