Latest NewsKeralaIndia

സംശുദ്ധ രാഷ്ട്രീയത്തിലെ വെൺതാമരയ്ക്ക് നവതി: ഒ.രാജഗോപാലിന് പൊന്നോണം പിറന്നാൾ ദിനം കൂടി

കേരളത്തിൽ ഏറ്റവും കൂടുതൽ റെയിൽ വികസനം നടപ്പാക്കിയ മന്ത്രി ഇദ്ദേഹമാണെന്ന് രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും അംഗീകരിക്കും.

തിരുവനന്തപുരം: 1929 സെപ്റ്റംബര്‍ 15ന്, ചിങ്ങത്തിലെ തിരുവോണ നാളിലാണ് ഒ.രാജഗോപാലിന്റെ ജനനം. പാലക്കാട് വടക്കഞ്ചേരി മണപ്പാടം ഓലഞ്ചേരി തറവാട്ടില്‍ മാധവന്‍ നായരുടെയും കുഞ്ഞിക്കാവമ്മയുടെയും 6 മക്കളില്‍ മൂത്തയാള്‍. കേരളത്തിലെ ബിജെപിയുടെ ജനനം മുതല്‍ നായകസ്ഥാനത്തുള്ള രാജഗോപാലിന് ഇന്നു നവതിയുടെ തിരുവോണം.ഒട്ടേറെ ജയപരാജയങ്ങളിലൂടെയുള്ള തേരോട്ടമാണ് രാജഗോപാലിന്റെ ജീവിതയാത്ര. കേരള നിയമസഭയിൽ ആദ്യമായി ‘താമര’ വിരിയിച്ച ഖ്യാതി രാജഗോപാലിനു സ്വന്തം. 2016–ൽ നേമത്തുനിന്നും നിയമസഭയിലേക്കു നേടിയ തിരഞ്ഞെടുപ്പു വിജയം രാജഗോപാലിന്റെ സംശുദ്ധ രാഷ്ട്രീയത്തിനു ലഭിച്ച അംഗീകാരം കൂടിയാണ്.

ഈ സൗമ്യപ്രഭാവം ജീവിതത്തിൽ തൊണ്ണൂറിന്റെ നിറവിലാണ് ഇന്ന് ഓണം ആഘോഷിക്കുന്നത്. പാലക്കാടു നഗരസഭയിലേക്കു ജനസംഘം സ്ഥാനാർഥിയായാണ് രാജഗോപാൽ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ ഇറങ്ങുന്നത്. 1965ൽ പാലക്കാട്ടു നിന്ന് ആദ്യ നിയമസഭാ പോരാട്ടം. പിന്നിടു 15 തിര‍ഞ്ഞെടുപ്പുകൾ. നേരത്തേ നേമത്തുനിന്നു നിന്നു നിയമസഭയിലേക്കും തിരുവനന്തപുരത്തുനിന്നു ലോക്സഭയിലേക്കും വിജയം വഴുതിപ്പോയതു കപ്പിനും ചുണ്ടിനും ഇടയിൽ. അതിന്റെ കണക്കുതീർക്കുന്നതായി 2016ലെ നേമത്തെ വിജയം. അതു പതിനാറാമത്തെ പോരാട്ടമായിരുന്നു. കേരളത്തിൽ ജനകീയ അംഗീകാരമുള്ള ബിജെപിയുടെ നേതാവിനെ ഇതിനു മുൻപ് പാർട്ടി മധ്യപ്രദേശിൽനിന്നു രണ്ടുതവണ രാജ്യസഭാ അംഗമാക്കി.

കേന്ദ്രമന്ത്രി സ്ഥാനവും നൽകി.റെയിൽവേ സഹമന്ത്രിയായിരുന്ന അദ്ദേഹം കേരളത്തിന് ഏറ്റവുമധികം നേട്ടങ്ങൾ സമ്മാനിച്ചു. കേരളത്തിൽ ഏറ്റവും കൂടുതൽ റെയിൽ വികസനം നടപ്പാക്കിയ മന്ത്രി ഇദ്ദേഹമാണെന്ന് രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും അംഗീകരിക്കും. പ്രതിരോധം, പാർലമെന്ററികാര്യം, നിയമം, നഗര വികസനം, കമ്പനികാര്യ വകുപ്പുകളിലും സഹമന്ത്രിയെന്ന നിലയിൽ കഴിവു തെളിയിച്ചു. സ്വജനപക്ഷപാതത്തിന്റെയോ മക്കൾ രാഷ്ട്രീയത്തിന്റെയോ ആരോപണങ്ങൾക്ക് ഇടനൽകാത്ത സംശുദ്ധ രാഷ്ട്രീയത്തിന്റെ അപൂർവ മാതൃകകളിൽ ഒരാളാണ് ഒ. രാജഗോപാൽ. വേഷത്തിൽ മാത്രമല്ല, ജീവിതരീതിയിലും സന്യാസത്തോട് ആഭിമുഖ്യം കാണിച്ച അദ്ദേഹം മാതാ അമൃതാനന്ദമയിയിൽനിന്നു ദീക്ഷ സ്വീകരിച്ചിട്ട് 25 വർഷത്തിലേറെയായി.

മന്ത്രദീക്ഷ സ്വീകരിച്ചതോടെ പിറന്നാൾ ആഘോഷം കൊല്ലം വള്ളിക്കാവ് അമൃതാനന്ദമയി മഠത്തിലായി.അതുവരെ മണപ്പാടത്തെ തറവാട്ടിലായിരുന്നു പിറന്നാൾ ആഘോഷിച്ചിരുന്നത്. എന്നാൽ, മൂന്നുതവണ ഈ പതിവു തെറ്റിക്കേണ്ടി വന്നു. ഒരിക്കൽ തിരുവനന്തപുരത്ത് ജനസംഘത്തിന്റെ ഉപവാസ സമരം നിശ്‌ചയിച്ചത് തിരുവോണ നാളിലായിരുന്നു. അന്നു പിറന്നാൾസദ്യ മുടങ്ങി. അടിയന്തരാവസ്‌ഥക്കാലത്ത് 1975-ലും 76-ലും ജയിലിൽ. അങ്ങനെ ജയിലിലായി തിരുവോണം. ആദ്യ വർഷം തിരുവനന്തപുരത്ത് പൂജപ്പുര ജയിലിൽ. അടുത്ത വർഷം കുടുംബാംഗങ്ങൾക്കു സന്ദർശിക്കാനുള്ള സൗകര്യത്തിനായി തൃശൂരിലെ വിയ്യൂർ ജയിലിലേക്കു മാറ്റി.രാജഗോപാലിന്റെ പേരിനോടൊപ്പമുള്ള ‘ഒ’ എന്ന ഇനീഷ്യൽ വന്നതിനെപ്പറ്റി ബിജെപിയുടെ മുതിർന്ന നേതാവ് എൽ.കെ. അഡ്വാനിയുടേതായി ഒരു പരാമർശം ഉണ്ട്.

ഒരിക്കൽ ബിജെപിയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗം പട്‌നയിൽ നടക്കുമ്പോഴായിരുന്നു തിരുവോണം. വിവരമറിഞ്ഞ നേതാക്കളിലാരോ ചടങ്ങിൽ പ്രസംഗത്തിനിടെ അതു വെളിപ്പെടുത്തി; ഇന്ന് ഓണമാണെന്നും രാജഗോപാലിന്റെ ജന്മദിനമാണെന്നും. ഇതുകേട്ട എൽ.കെ. അഡ്വാനി ഉടൻ ഇങ്ങനെ പ്രതികരിച്ചു: ‘അങ്ങനെ വരട്ടെ, രാജഗോപാലിന്റെ ‘ഒ’ വന്നത് എങ്ങനെയെന്നു മനസിലായി; ഓണം രാജഗോപാൽ’.ജവഹര്‍നഗറിലെ ഫ്ലാറ്റില്‍ വായനമുറിയും പൂജാമുറിയും ഒന്നുതന്നെ. മാതാ അമൃതാനന്ദമയിയുടെ ചിത്രങ്ങളാണേറെയും. രാവിലെ 5ന് എഴുന്നേല്‍ക്കും.

ചെടിക്കു വെള്ളമൊഴിക്കലും കുളിയും കഴിഞ്ഞു പൂജ തുടങ്ങും. വൈകിട്ടു നിലവിളക്കു തെളിച്ചു 15 മിനിറ്റ് പ്രാര്‍ഥന.. ചെറിയ വ്യായാമങ്ങള്‍ ചെയ്യാറുണ്ട്, പറ്റുന്നത്ര യോഗയും. സഞ്ചാരമാണ് ആരോഗ്യം. കെട്ടിക്കിടക്കുന്ന ജലത്തിലല്ലേ മാലിന്യം അടിയൂ. ഒഴുകുന്ന ജലത്തില്‍ അതുണ്ടാകില്ലല്ലോ. ഇതുപറഞ്ഞു മേശപ്പുറത്തടിച്ചു ചിരിക്കുമ്പോഴാണു ഫോണ്‍ ബെല്ലടിക്കുന്നത്. അതെടുത്തു പറഞ്ഞു, ‘തമ്പീ, ഞാന്‍ ഇതാ വരുന്നു.’ ശ്യാമപ്രസാദായിരുന്നു ഫോണിന്റെ അങ്ങേപ്പുറത്ത്. ഉത്രാടസദ്യയ്ക്കു മകന്റെ ക്ഷണം. സദ്യ കഴിഞ്ഞു വിശ്രമിച്ചശേഷം വള്ളിക്കാവിലെ അമൃതാനന്ദമയി മഠത്തിലേക്ക്..

shortlink

Related Articles

Post Your Comments

Related Articles


Back to top button