Latest NewsNewsIndia

ഫ്‌ളക്‌സ്‌ബോര്‍ഡ് സംസ്‌കാരം പഴയ നല്ലകാലത്തെ പോലെ ചുവരെഴുത്തിലേയ്‌ക്കോ?

ചെന്നൈ : തമിഴ്‌നാട്ടില്‍ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കംചെയ്യാന്‍ സര്‍ക്കാര്‍ നടപടിയെടുത്തതോടെ പ്രചാരണത്തിനും പരസ്യത്തിനുമായി ബദല്‍മാര്‍ഗം തേടുകയാണ് തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍

Read Also : ശുഭശ്രീയുടെ മരണം : സൂപ്പര്‍ താരങ്ങളുടെ തീരുമാനം ഇങ്ങനെ

ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ വ്യാപകമായപ്പോള്‍ അപ്രത്യക്ഷമായിക്കൊണ്ടിരുന്ന, പോസ്റ്ററുകളിലേക്കും ചുവരെഴുത്തുകളിലേക്കുമുള്ള മടക്കമാണ് ഇതില്‍ പ്രധാനം. കഴിഞ്ഞ രണ്ടുദിവസങ്ങള്‍ക്കുള്ളില്‍ ചെന്നൈയിലെ പ്രധാന സ്ഥലങ്ങളിലെല്ലാം പാര്‍ട്ടികള്‍ മത്സരിച്ച് പോസ്റ്ററുകള്‍ പതിക്കുകയായിരുന്നു. ചുവരെഴുത്തുകളും ഏറി.

പള്ളിക്കരണിയില്‍ എ.ഐ.എ.ഡി.എം.കെ. നേതാവിന്റെ മകന്റെ വിവാഹവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ഫ്‌ലെക്‌സ് ബോര്‍ഡ് വീണ് സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതി മരിച്ചതോടെയാണ് പുതിയ സംഭവവികാസങ്ങളുടെ തുടക്കം. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത മദ്രാസ് ഹൈക്കോടതി പൊതുസ്ഥലങ്ങളിലെ ഫ്‌ലെക്‌സ് ബോര്‍ഡ് നിരോധനം നടപ്പാക്കാത്തതില്‍ സര്‍ക്കാരിനെ അതിരൂക്ഷമായി വിമര്‍ശിച്ചു. ഇതോടെ സര്‍ക്കാര്‍ ഉണരുകയും ചെന്നൈ നഗരം അടക്കമുള്ളയിടങ്ങളില്‍നിന്ന് ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ നീക്കംചെയ്യുകയുമായിരുന്നു. രണ്ടുദിവസത്തിനുള്ളില്‍ മൂവായിരത്തിലധികം ഫ്‌ലെക്‌സ് ബോര്‍ഡുകളാണ് ചെന്നൈയില്‍നിന്നുമാത്രം നീക്കിയത്.

റോഡിന്റെ വശങ്ങളിലും മധ്യത്തിലുമൊക്കെ ബോര്‍ഡുകളും കൊടികളും സ്ഥാപിച്ചിരുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇതോടെ വെട്ടിലായി. ഭീമന്‍ കട്ടൗട്ടുകളില്‍ നിറഞ്ഞുനിന്ന നേതാക്കള്‍ക്കും തിരിച്ചടിയായി. ഇതിനെ മറികടക്കാന്‍ വമ്പന്‍ പോസ്റ്ററുകളുമായി രംഗത്തുവരുകയായിരുന്നു. അണ്ണാശാലൈ, വള്ളുവര്‍ക്കോട്ടം, ടി നഗര്‍ തുടങ്ങി ചെന്നൈയിലെ പ്രധാന സ്ഥലങ്ങളിലൊക്കെ ഇതുവരെ കണ്ടിട്ടില്ലാത്തവണ്ണം രാഷ്ട്രീയപ്പാര്‍ട്ടികളുടെ പോസ്റ്ററുകള്‍ നിറഞ്ഞുകഴിഞ്ഞു. മുമ്പും പോസ്റ്ററുകള്‍ പതിക്കാറുണ്ടായിരുന്നുവെങ്കിലും എണ്ണത്തില്‍ വളരെ കുറവായിരുന്നു.

പൊതുസ്ഥലങ്ങളിലെ ബോര്‍ഡുകള്‍ നീക്കംചെയ്തുവെങ്കിലും ഫ്‌ലെക്‌സില്‍ അച്ചടിച്ചിരിക്കുന്ന ബാനറുകള്‍ ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ. ഉപേക്ഷിച്ചിട്ടില്ല. വെയ്റ്റിങ് ഷെഡ്ഡുകള്‍ തുടങ്ങിയിടങ്ങളില്‍ ഇവ പതിപ്പിച്ചു. ചെന്നൈയിലെ മിക്ക വെയ്റ്റിങ് ഷെഡ്ഡുകളിലും ഇപ്പോഴിത് കാണാം. ഡി.എം.കെ. അടക്കമുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ പോസ്റ്ററുകളിലും ചുവരെഴുത്തുകളിലുമാണ് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ബഹുവര്‍ണത്തിലുള്ള തിളങ്ങുന്ന പോസ്റ്ററുകളാണ് പലയിടങ്ങളിലും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button