Latest NewsSaudi ArabiaNewsGulf

രണ്ടു വർഷമായി ഹുറൂബിലായിരുന്ന ഇന്ത്യൻ വനിത ഒടുവില്‍ നാട്ടിലേയ്ക്ക് മടങ്ങി

ദമ്മാം•സ്പോൺസർ രണ്ടു വർഷം മുൻപ് ഹുറൂബിലാക്കിയ ഇന്ത്യൻ വീട്ടുജോലിക്കാരി നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെയും ഇന്ത്യൻ എംബസ്സിയുടെയും സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

‘ഇക്കരെ നിൽക്കുമ്പോൾ അക്കരപ്പച്ച’ എന്ന് തോന്നി ചിന്തിയ്ക്കാതെ ഇറങ്ങിപ്പുറപ്പെട്ട് അബദ്ധത്തിൽ ചാടിയ, ബാംഗ്ലൂർ സ്വദേശിനി സാദ്ദിഖയുടെ അനുഭവങ്ങൾ, പ്രവാസികൾക്കൊക്കെ ഒരു ഗുണപാഠമാണ്. രണ്ടര വർഷം മുൻപാണ് സാദ്ദിഖ വീട്ടുജോലിക്കാരിയായി ദമ്മാമിലെ ഒരു സൗദിഭവനത്തിൽ എത്തുന്നത്. മൂന്നു മാസം ആ വീട്ടിൽ ജോലി ചെയ്‌തെങ്കിലും, ശമ്പളമൊന്നും കിട്ടിയില്ല. ഓരോ പ്രാവശ്യവും ചോദിയ്ക്കുമ്പോൾ, അടുത്ത മാസം തരാം എന്നായിരുന്നു സ്പോൺസർ പറഞ്ഞത്.

ഒരു പരിചയക്കാരനോട് ഇതേക്കുറിച്ചു പറഞ്ഞപ്പോൾ, അയാൾ വേറൊരു നല്ല സൗദിഭവനത്തിൽ ജോലി വാങ്ങിത്തരാം എന്ന് ഉറപ്പ് നൽകി, സാദ്ദിഖയെ ആ വീട്ടിൽ നിന്നും ഓടിപ്പോകാൻ പ്രേരിപ്പിച്ചു. അങ്ങനെ ജോലി ചെയ്തിരുന്ന വീട്ടിൽ നിന്നും ഒളിച്ചോടിയ സാദ്ദിഖയെ, അയാൾ മറ്റൊരു സൗദിയുടെ വീട്ടിൽ ജോലിയ്ക്ക് കൊണ്ട് പോയി ചേർത്തു.

രണ്ടു വർഷം സാദ്ദിഖ ആ വീട്ടിൽ ജോലി ചെയ്തു. എന്നാൽ അവിടെയും ശമ്പളമൊന്നും ലഭിച്ചില്ല. നാട്ടിൽ അമ്മയ്ക്ക് സുഖമില്ല എന്ന് അറിയിപ്പ് വന്നപ്പോൾ, കുറച്ചു പണം നൽകിയതല്ലാതെ, ആ വീട്ടുകാർ ശമ്പളമൊന്നും കൊടുത്തില്ല. ചോദിച്ചാൽ, ഒടുക്കം നിർത്തി പോകുമ്പോൾ ഒരുമിച്ചു തരാം എന്ന് പറഞ്ഞു അവർ ഒഴിഞ്ഞു മാറി.

രണ്ടു വർഷം കഴിഞ്ഞിട്ടും, ശമ്പളമോ, നാട്ടിലേയ്ക്ക് തിരികെ പോകാനുള്ള അനുമതിയോ ലഭിയ്ക്കാതെ സാദ്ദിഖ ആകെ കുഴപ്പത്തിലായി. ഗതികെട്ടപ്പോൾ അവർ ആരുമറിയാതെ പുറത്തു കടന്ന് അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി. പോലീസുകാർ അവരെ ദമ്മാം വനിതാ അഭയകേന്ദ്രത്തിലെത്തിച്ചു.

അഭയകേന്ദ്രത്തിൽ എത്തിയ നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണിക്കുട്ടനോട് സാദ്ദിഖ സ്വന്തം അവസ്ഥ വിവരിച്ച് സഹായം അഭ്യർത്ഥിച്ചു. നവയുഗം ജീവകാരുണ്യവിഭാഗം നടത്തിയ അന്വേഷണത്തിൽ, സാദ്ദിഖയെ രണ്ടു വര്ഷം മുൻപ് തന്നെ സ്പോൺസർ ഹുറൂബ് (ഒളിച്ചോടിയ തൊഴിലാളി) ആക്കിയതായി മനസ്സിലാക്കി. അതിനാൽ നിയമപരമായി അയാൾക്ക് എതിരെ ഒരു നടപടിയും എടുക്കാൻ കഴിയില്ലായിരുന്നു. സാദ്ദിഖ രണ്ടു വർഷം ജോലി ചെയ്ത സൗദി വീട്ടുകാരുടെ അഡ്രസ്സോ, ഫോൺ നമ്പരോ അവരുടെ കൈയ്യിൽ ഇല്ലാതിരുന്നതിനാൽ അവരെയും ബന്ധപ്പെടാൻ കഴിഞ്ഞില്ല. അതിനാൽ സാദ്ദിഖയ്ക്ക് കുടിശ്ശിക ശമ്പളം കിട്ടാനുള്ള നിയമപരമായ ഒരു സാധ്യതയും ഇല്ലാത്ത അവസ്ഥയായിരുന്നു.

തനിയ്ക്ക് എങ്ങനെയും നാട്ടിൽ പോയാൽ മതി എന്ന് സാദ്ദിഖ അറിയിച്ചതിനെ തുടർന്ന്, മഞ്ജു മണിക്കുട്ടൻ ഇന്ത്യൻ എംബസ്സിയുമായി ബന്ധപ്പെട്ട് അവർക്ക് ഔട്ട്പാസ്സ് എടുത്തു നൽകി. അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ ഫൈനൽ എക്സിറ്റും അടിച്ചു. മഞ്ജുവിന്റെ അഭ്യർത്ഥന മാനിച്ച്, മണിക്കുട്ടന്റെ സുഹൃത്തും, ജുബൈലിലെ സാമൂഹ്യപ്രവർത്തകനുമായ യാസീൻ സാദ്ദിഖയ്ക്ക് വിമാനടിക്കറ്റ് എടുത്തു കൊടുക്കുകയും, ദമ്മാമിലെ ബിസ്നെസ്സുകാരനായ പ്രസാദ് സാദ്ദിഖയ്ക്ക് നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള ബാഗും, വസ്ത്രങ്ങളും, സമ്മാനങ്ങളും സൗജന്യമായി നൽകുകയും ചെയ്തു.

നിയമനടപടികൾ പൂർത്തിയാക്കി എല്ലാവരോടും നന്ദി പറഞ്ഞു, സാദ്ദിഖ നാട്ടിലേയ്ക്ക് മടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button