Latest NewsArticleNewsWriters' Corner

ഇത് മറ്റൊരു പൊതു തിരഞ്ഞെടുപ്പ് : ബി.ജെ.പിക്കും പ്രതിപക്ഷത്തിനും നിർണായകം: കേരളത്തിൽ മൂന്ന് മുന്നണികൾക്കും വിജയിച്ചേ തീരൂ എന്ന അവസ്ഥ- മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് വിലയിരുത്തുന്നു

രാജ്യത്ത് മറ്റൊരു തിരഞ്ഞെടുപ്പുകാലം ആഗതമാവുന്നു. മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാന നിയമസഭകളിലേക്കും കർണാടകം, കേരളം, ഉത്തർ പ്രദേശ് ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ 64 നിയമസഭ മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. അതുകൊണ്ട് ഇത് ഒരു പൊതു തിരഞ്ഞെടുപ്പിന്റെ പ്രതീതിയാണ് ഉണ്ടാക്കുക. ഇതിൽ ഹരിയാന, മഹാരാഷ്ട്ര എന്നിവ എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. അവിടെ ജയിക്കേണ്ടത് ബിജെപിക്ക് നിർണ്ണായകമാണ്; അതുപോലെയാണ് ബിജെപിയെ സംബന്ധിച്ചിടത്തോളം കർണാടകത്തിലെ ഉപതെരഞ്ഞെടുപ്പുകൾ. അടുത്തകാലത്ത് സ്പീക്കർ അയോഗ്യരാക്കിയ കോൺഗ്രസ് എംഎൽഎമാരുടെ മണ്ഡലങ്ങളാണ് അവയൊക്കെയും. അതിൽ വിജയിക്കേണ്ടത് ബിജെപിക്ക് പ്രധാനമാണ്.

ഹരിയാനയിൽ 2014 ൽനടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചത് 90 -ൽ 47 സീറ്റുകൾ നേടിക്കൊണ്ടാണ്. അതുവരെ ഭരണം കയ്യാളിയിരുന്ന കോൺഗ്രസിന് ലഭിച്ചത് 15 സീറ്റാണ്; ഓം പ്രകാശ് ചൗത്താലയുടെ ഐഎൻഎൽഡി കോൺഗ്രസിനേക്കാൾ കൂടുതൽ നാല് സീറ്റുകൾ കരസ്ഥമാക്കി. അന്ന് ബിജെപിക്ക് ലഭിച്ചത് 33. 2 ശതമാനം വോട്ടായിരുന്നു; കോൺഗ്രസിന് 20. 58 %, ഐഎൻഎൽഡിക്ക് 24. 11 % എന്നിങ്ങനെയും വോട്ട് ലഭിച്ചു. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ടിങ്ങ് നില 58. 02 ശതമാനമായി കുതിച്ചുയർന്നു; കോൺഗ്രസിന് കിട്ടിയത് വെറും 28. 42 %; ഐഎൻഎൽഡിക്ക് 01. 89 % വോട്ടും ലഭിച്ചു. ഇന്നിപ്പോൾ കോൺഗ്രസ് അവിടെ തമ്മിലടിച്ചു കഴിയുകയാണ്. പ്രശ്നങ്ങൾ താത്കാലികമായി പരിഹരിച്ചു എന്നാണ് പാർട്ടി നേതാക്കൾ അവകാശപ്പെടുന്നത് എങ്കിലും ഭിന്നതകൾ മറനീക്കി പുറത്തുവരുന്നത് അവിടെ പ്രകടമാണ്. മറ്റൊന്ന്, ഇപ്പൊൾ നിയമസഭാ കക്ഷി നേതാവായി കോൺഗ്രസ് നിശ്ചയിച്ച ഭൂപീന്ദർ സിങ് ഹൂഡ സ്വീകരിച്ച നിലപാടുകളാണ്. കാശ്മീരിൽ അനുച്ഛേദം 370 എടുത്തുകളഞ്ഞതിലും മറ്റും അദ്ദേഹം കേന്ദ്ര സർക്കാരിനൊപ്പമായിരുന്നു; കോൺഗ്രസിന്റെ കേന്ദ്ര നിലപാടിനെതിരായിരുന്നു എന്നർത്ഥം. അതൊക്കെ ഈ പ്രചാരണകാലത്ത് കോൺഗ്രസിന് അവിടെ പ്രശ്നങ്ങൾ സൃഷ്ടിക്കും. മാത്രമല്ല കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ അമ്പേ പരാജയപ്പെട്ട പാർട്ടിക്ക് ഇനി തിരിച്ചുവരിക എളുപ്പമല്ല; അതിനാവശ്യമായ നടപടിക്രമങ്ങൾ ഒന്നും അവർ ഇതുവരെ ചെയ്തിട്ടുമില്ല. ഇപ്പോൾ അവർ ഉയർത്തിക്കാട്ടുന്ന മുഖ്യമന്ത്രി സ്ഥാനാർഥി ഹൂഡക്കെതിരെയുള്ള അഴിമതിക്കേസുകൾ ഈ വേളയിൽ കൂടുതൽ ചർച്ചചെയ്യപ്പെടും. അത് സ്വാഭാവികമായും സോണിയ പരിവാറിലേക്കും എത്തിച്ചെല്ലും; കാരണം, ഈ പല തട്ടിപ്പുകളിലും ഗുണഭോക്താവായത് റോബർട്ട് വാദ്രയും മറ്റുമാണ്.

അതേസമയം ബിജെപിക്ക് ഹരിയാനയിൽ ഇന്നിപ്പോൾ ഭയപ്പെടേണ്ട ഒരു കാര്യവുമില്ല. അഴിമതിയിൽ കുളിച്ച ഒരു സംസ്ഥാനത്തെ വികസനത്തിന്റെ, സദ് ഭരണത്തിന്റെ നല്ല നാളുകളിലേക്ക് നയിക്കാൻ ബിജെപിയുടെ മുഖ്യമന്ത്രി മനോഹര്ലാല് ഖട്ടറിന് കഴിഞ്ഞിട്ടുണ്ട്. അതുതന്നെയാണ് അവിടത്തെ തിരഞ്ഞെടുപ്പ് വിഷയം. അഴിമതിയും തട്ടിപ്പുമായി ഹരിയാനയിൽ കഴിഞ്ഞിരുന്ന കോൺഗ്രസ് വീണ്ടും വരണോ അതോ നരേന്ദ്ര മോദിയുടെ ബിജെപി ഭരണം തുടരണോ എന്നതാവും ജനങ്ങൾക്ക് തീരുമാനിക്കേണ്ടിവരിക. ജയിക്കുക അസാധ്യമാണ് എന്നത് കോൺഗ്രസ് തന്നെ സമ്മതിക്കുന്നു എന്നതാണ് യാഥാർഥ്യം. ഇനി പ്രതിപക്ഷത്തെ എല്ലാവരും ഒത്തു ചേർന്നാലും ബിജെപിയെ പരാജയപ്പെടുത്താൻ കഴിയില്ലെന്നതാണ് അവിടത്തെ വോട്ടിന്റെ കണക്ക് എന്നതും ഓർക്കേണ്ടതുണ്ട്.

മഹാരാഷ്ട്രയിലേത് മറ്റൊരു ബിജെപി വിജയഗാഥയാണ് ; 2014- ൽ അവിടെ ചതുഷ്കോണ മത്സരമാണ് നടന്നിരുന്നത്; ബിജെപി, കോൺഗ്രസ്, ശിവസേന, എൻസിപി എന്നിവർ പരസ്പരം പോരടിച്ചു. എൻഡിഎ -യിലെ ശിവസേന ബിജെപിക്കെതിരെ മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു; അവർക്ക് അതോടെ അവരുടെ സ്വന്തം ശക്തി ബോധ്യമായി. വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ 288 അംഗ നിയമസഭയിൽ ആർക്കും ഭൂരിപക്ഷം ലഭിച്ചതുമില്ല. ബിജെപി- 122, ശിവസേന- 63 , കോൺഗ്രസ് -42 , എൻസിപി -41, മറ്റുള്ളവർ -20 എന്നിങ്ങനെയായിരുന്നു അപ്പോഴത്തെ കക്ഷി നില. ബിജെപിക്ക് സ്വന്തം നിലക്ക് ഭരിക്കാൻ 23 സീറ്റുകൾ കൂടി വേണമായിരുന്നു. അങ്ങിനെയാണ് ശിവസേനയുമായി ബിജെപി ധാരണയിലെത്തുന്നത്. കേന്ദ്രത്തിൽ എൻഡിഎ -യുടെ ഭാഗമായിരുന്നു അപ്പോഴും ശിവസേന എന്നതോർക്കുക. അന്ന് ബിജെപിക്ക്‌ 2 7. 81 ശതമാനം വോട്ടാണ് കിട്ടിയത്; ശിവസേന-19.35 %, കോൺഗ്രസ്- 17.95 %, എൻസിപി- 17. 24 % വോട്ടും കരസ്ഥമാക്കി. എന്നാൽ കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ എൻഡിഎ ഒറ്റക്കെട്ടായി മത്സരിച്ചു; മറുപുറത്ത് എന്സിപിയുമായി കൈകോർത്താണ് കോൺഗ്രസും ജനവിധിതേടിയത്. അവസാനം സംസ്ഥാനത്തെ 48 സീറ്റിൽ 41 എണ്ണവും എൻഡിഎ നേടി.

ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ ഒറ്റക്കെട്ടാണ്; ശിവസേനയും ബിജെപിയും ഏതാണ്ടൊക്കെ സീറ്റുകൾ സംബന്ധിച്ച ധാരണയിലെത്തിക്കഴിഞ്ഞു. അതേസമയം പ്രതിപക്ഷത്തും ധാരണയുണ്ട്, കോൺഗ്രസും എന്സിപിയും തമ്മിൽ. എന്നാൽ ഇവിടെ ശ്രദ്ധിക്കേണ്ടുന്ന ഒരു പ്രധാന കാര്യം, കോൺഗ്രസിൽ നിന്നും എന്സിപിയിൽ നിന്നും മുതിർന്ന നേതാക്കൾ രാജിവെച്ച് ബിജെപിയിലും ശിവസേനയിലും ചേർന്നതാണ്. ഒരർത്ഥത്തിൽ കോൺഗ്രസിന്റെയും എന്സിപിയുടെയും രാഷ്ട്രീയ ഭാവി സംബന്ധിച്ച ആശങ്കകൾ താഴെത്തട്ടിലും പ്രകടമാണ്…….. രണ്ടുപാർട്ടികളിൽ നിന്നും കുത്തൊഴുക്ക് പ്രകടമാണ്. അതാണ് ബിജെപി- ശിവസേന സഖ്യത്തിന് ആശങ്കക്ക് വഹയില്ല എന്ന് തുറന്നുപറയാൻ കഴിയുന്നത്. അടുത്തകാലത്ത് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നടത്തിയ സംസ്ഥാന യാത്രക്ക് ലഭിച്ച ആവേശപൂര്ണമായ സ്വീകരണങ്ങൾ ഭരണകക്ഷിയുടെ ജനപിന്തുണയാണ് കാണിച്ചുതന്നത്.

ഇതിനൊക്കെയൊപ്പമാണ് 64 നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾ. അതിലും ശക്തി തെളിയിക്കേണ്ടത് ബിജെപിക്ക് അനിവാര്യമാണ്. എന്നാൽ അതിലുപരി ഈ ഉപ തിരഞ്ഞെടുപ്പുകൾ കോൺഗ്രസിനാണ് വലിയ വെല്ലുവിളി. കർണാടകത്തിൽ അവർക്ക് ഇനി ജെഡിഎസിന്റെ പിന്തുണയില്ല; കോൺഗ്രസിനെ ഇനി വിശ്വസിക്കാൻ കഴിയില്ലെന്ന് ദേവഗൗഡ തുറന്നുപറഞ്ഞത് ഓർക്കുക. അതായത് പതിനഞ്ച് മണ്ഡലങ്ങളിലും അവിടെ ത്രികോണ മത്സരമാണ് നടക്കുക. യു.പിയാണ് മറ്റൊന്ന്; അവിടെ 11 നിയമസഭാ സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കാൻ പുറപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ ദയനീയ തിരിച്ചടി കിട്ടിയ പാർട്ടി ഇപ്പോൾ വീണ്ടും പ്രിയങ്കയുടെ നേതൃത്വത്തിലാണ് മത്സരിക്കുന്നത്. ജയിക്കില്ല എന്ന് തീർച്ചയെങ്കിലും അവർക്ക് എത്ര വോട്ട് കിട്ടുമെന്നത് രാഷ്ട്രീയമായി പ്രധാനമാണ്. കേരളം, അരുണാചൽ പ്രദേശ്, മേഘാലയ, ഒറീസ, ആസാം, സിക്കിം, ബീഹാർ, പഞ്ചാബ്, രാജസ്ഥാൻ, ഹിമാചൽ, മധ്യപ്രദേശത്തെ തമിഴ്‍നാട് , ഗുജറാത്ത് എന്നിവിടങ്ങളിലും നിയമസഭാ ഉപതെരഞ്ഞെടുപ്പുണ്ട്.

കേരളത്തിൽ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക; വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം, മഞ്ചേശ്വരം എന്നിവയാണിത്. പാലായിലെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ ക്ഷീണം മാറുംമുമ്പ് മറ്റൊരു പരീക്ഷണം കേരളത്തിലെ പാർട്ടികൾക്ക് വന്നുചേരുന്നു. ഇതിൽ നാലും യുഡിഎഫ് വിജയിച്ചിരുന്നു സീറ്റുകളാണ്; ഒന്ന് എൽഡിഎഫിന്റെയും , അരൂർ. ഇതൊക്കെ വിജയിക്കേണ്ടത് ഇന്നിപ്പോൾ ഇടതുമുന്നണിക്ക് പ്രധാനകാര്യമാണ്. അതുപോലെയാണ് യുഡിഎഫിന്റെ കാര്യവും. ലോകസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന്റെ ‘ശ്രീ’ നഷ്ടമായിട്ടില്ല എന്ന് തെളിയിക്കേണ്ടത് അവരുടെ ഉത്തരവാദിത്വമാണ്. ഇതിൽനിന്നും ഒട്ടും ഭിന്നമല്ല ബിജെപിയുടെ അവസ്ഥ. വട്ടിയൂർക്കാവും, മഞ്ചേശ്വരവും അവർക്ക് വിജയിച്ച തീരൂ എന്നതാണ് സ്ഥിതി. കോന്നിയിൽ കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം അവർക്ക് കാഴ്ചവെക്കാനായി. അവിടെയും വിചാരിച്ചാൽ വിജയിക്കാനാവുമെന്നതാണ് ബിജെപിയുടെ വിലയിരുത്തൽ. അരൂരിൽ കഴിഞ്ഞ തവണ ബിഡിജെഎസ് ആണ് മത്സരിച്ചത്; ബാക്കി നാലിടത്തും ബിജെപിയും. ദേശീയ രാഷ്ട്രീയത്തിൽ ബിജെപിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുന്ന തിരഞ്ഞെടുപ്പായിരിക്കും ഇതെന്നതിൽ സംശയമില്ല.

Tags

Related Articles

Post Your Comments


Back to top button
Close
Close