Latest NewsKeralaNews

ഹര്‍ത്താല്‍ പ്രഖ്യാപിച്ചു

കൽപ്പറ്റ : ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. മൈസൂരു-കോഴിക്കോട് ദേശീയപാതയിലെ രാത്രിയാത്രാ നിരോധനത്തില്‍ നടപടി സ്വീകരിക്കാത്ത, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പ്രതിഷേധിച്ച് യുഡിഎഫ് വയനാട് ജില്ലയില്‍ ഒക്ടോബര്‍ അഞ്ചിന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

WAYANAD-ISSUE

ഏറെ നാളുകൾക്ക് ശേഷമാണ് സംസ്ഥാനത്തു ഹർത്താൽ പ്രഖ്യാപനമുണ്ടാകുന്നത്. ഹര്‍ത്താലില്‍ ഉണ്ടാവുന്ന നാശനഷ്ടങ്ങളിലും അക്രമങ്ങളിലും നേതാക്കളെയും പ്രതി ചേര്‍ത്ത് കേസെടുക്കണമെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ കുറച്ച് കാലങ്ങളായി സംസ്ഥാനത്ത് ഹർത്താലുകളൊന്നും പ്രഖ്യാപിച്ചിരുന്നില്ല. ശബരിമല ആചാര സംരക്ഷണ സമിതിയും,പെരിയ ഇരട്ടക്കൊലയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസും നടത്തിയ ഹര്‍ത്താലുകളില്‍   നേതാക്കളെ പ്രതിയാക്കി നൂറുകണക്കിന് കേസുകളാണ് ഹൈക്കോടതി നിര്‍ദേശപ്രകാരം പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ദേശീയ പാതയിലൂടെയുള്ള രാത്രിയാത്രാ നിരോധനത്തില്‍ ഇളവ് വരുത്തണമെന്ന ആവശ്യവുമായി വയനാട്ടില്‍ യുവജനസംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധസമരങ്ങള്‍ നടന്നുവരികയാണ്. നിലവിൽ ദേശീയപാതാ 766ൽ ഏർപ്പെടുത്തിയ രാത്രിയിലെ ഗതാഗത നിരോധനം പകലും കൂടി നീട്ടാനുള്ള ശ്രമത്തെ ചെറുക്കാൻ വേണ്ടിയായണ് വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കുന്നത്. അഞ്ച് യുവനേതാക്കൾ ഉപവാസം ആരംഭിച്ചിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി നാളെ വിവിധ ജനപ്രതിനിധികൾ അടക്കമുള്ളവരെ പങ്കെടുപ്പിച്ച് മൂലഹള്ള ചെക്പോസ്റ്റ് ഉപരോധിക്കുമെന്നു സമരസമിതി അറിയിച്ചു.

രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കടുവാ സങ്കേതത്തിലെ ബഫര്‍ സോണിലൂടെയാണ് ദേശീയ പാത 766 കടന്നു പോകുന്നതെന്നു ചൂണ്ടികാട്ടി സുപ്രീംകോടതി നിലവിലെ രാത്രിയാത്ര നിരോധനം പകലും കൂടി നീട്ടാമോ എന്ന് വനം പരിസ്ഥിതി മന്ത്രാലയത്തോട് അഭിപ്രായം തേടിയിരുന്നു. കഴിഞ്ഞ പത്തു വര്‍ഷമായി ദേശീയ പാതയില്‍ നിലനില്‍ക്കുന്ന രാത്രി യാത്രാ നിരോധനത്തിനെതിരെ കേരളം നല്‍കിയ ഹർജി പരി​ഗണിക്കവേയായിരുന്നു നിർദ്ദേശം.

നിലവില്‍ രാത്രി ഉപയോഗിക്കുന്ന മാനന്തവാടി- കുടക് വഴിയുള്ള ബദല്‍ റോഡ് ദേശീയ പാതയാക്കിയ ശേഷം ബന്ദിപ്പൂര്‍ വഴിയുള്ള പാത പൂര്‍ണമായും അടയ്ക്കുന്നതിനെ കുറിച്ചും സുപ്രീംകോടതി അഭിപ്രായം തേടിയിരുന്നു. റോഡ് പൂര്‍ണമായും അടയ്ക്കാനുള്ള നീക്കം വയനാടിനെ കടുത്ത ആശങ്കയിലാക്കിയതോടെയാണ് പ്രതിഷേധവുമായി വിവിധ സംഘടകൾ രം​ഗത്തെത്തിയത്. വിഷയത്തില്‍ ഇടപെടണമെന്നാവശ്യവുമായി വയനാട്ടില്‍ നിന്നുള്ള സര്‍വകക്ഷി സംഘം മുഖ്യമന്ത്രിയെ അടക്കം നേരില്‍ കണ്ടിരുന്നു. വിഷയത്തില്‍ അടിയന്തരമായി ഇടപെടുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയെങ്കിലും വിവിധ രാഷ്ട്രീയകക്ഷികളും നാട്ടുകാരുമടക്കം പ്രത്യക്ഷ സമരത്തിലേക്ക് കടക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button