KeralaLatest NewsNews

പ്രണയം നിരസിച്ചതിനു സഹപാഠിയുടെ ക്രൂരമര്‍ദനത്തിന് ഇരയായ വിദ്യാര്‍ഥിനിക്കു കേള്‍വിശക്തി നഷ്ടപ്പെടും : ചെവിയില്‍ ഗുരുതര മുറിവ് : പെണ്‍കുട്ടി മാനസികമായി തകര്‍ന്ന നിലയില്‍

കൊച്ചി : പ്രണയം നിരസിച്ചതിനു സഹപാഠിയുടെ ക്രൂരമര്‍ദനത്തിന് ഇരയായ വിദ്യാര്‍ഥിനിക്കു കേള്‍വിശക്തി നഷ്ടപ്പെടും. വിദ്യാര്‍ഥിനിയെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നാഴ്ചത്തെ വിശ്രമത്തിനു ശേഷം ശസ്ത്രക്രിയ നടത്താമെന്നാണു ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. ശസ്ത്രക്രിയ നടത്തിയാലും കേള്‍വിശക്തി പൂര്‍ണമായും തിരിച്ചു കിട്ടുമെന്ന് ഉറപ്പു നല്‍കിയിട്ടില്ല.

ഇപ്പോള്‍ ഇടുക്കിയിലെ വീട്ടിലാണു പെണ്‍കുട്ടി. യുവാവിന്റെ ആക്രമണത്തില്‍ മാനസികമായി തകര്‍ന്ന കുട്ടി സാധാരണ നിലയിലായിട്ടില്ല. ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ ചെവിയില്‍ അടിയുടെ ശബ്ദം മുഴങ്ങുന്നെന്നാണു കുട്ടി പറയുന്നത്. പലതവണ അടിയേറ്റതിനാല്‍ ചെവിക്കുള്ളിലെ മുറിവ് ഗുരുതരമാണ്. ഇയര്‍ ബാലന്‍സിങ്ങിന്റെ ബുദ്ധിമുട്ടുള്ളതിനാല്‍ എഴുന്നേറ്റു നടക്കാന്‍ സാധിക്കുന്നില്ല. ഷൂസിട്ട് ചവിട്ടിയതിനാല്‍ കാലിനും മുറിവുണ്ട്.

വിദ്യാര്‍ഥിനിയെ മര്‍ദിച്ച യുവാവിനെ കോളജില്‍നിന്ന് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. വിദ്യാര്‍ഥിനിയെ ആശുപത്രിയിലെത്തിച്ചത് അടക്കമുള്ള നടപടികള്‍ സ്വീകരിച്ചെങ്കിലും ചികിത്സയ്ക്കായി കോളജ് അധികൃതരുടെ ഭാഗത്തുനിന്ന് ഒരു സഹായവുമുണ്ടായില്ലെന്നും കുട്ടിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ചില്ലെന്നും ബന്ധുക്കള്‍ പരാതിപ്പെട്ടു.

കഴിഞ്ഞ 18ന് ആണ് ഇടുക്കിയിലെ സ്വകാര്യ കോളജിലെ ബിസിഎ അവസാന വര്‍ഷ വിദ്യാര്‍ഥിനി സഹപാഠിയുടെ ക്രൂരമര്‍ദനത്തിന് ഇരയായത്. ഉച്ചയ്ക്കു ക്ലാസിലെ ആണ്‍കുട്ടികള്‍ ഊണു കഴിക്കാന്‍ പോയപ്പോള്‍ യുവാവ് ക്ലാസില്‍ കയറി കതക് അകത്തുനിന്നു പൂട്ടിയ ശേഷം വിദ്യാര്‍ഥിനിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥിനികള്‍ കതക് ചവിട്ടിത്തുറന്ന് ഒച്ചവച്ച ശേഷമാണ് യുവാവ് പിന്മാറിയത്. ഇരുവരും നേരത്തെ പ്രണയത്തിലായിരുന്നുവത്രേ. പിന്നീട് പെണ്‍കുട്ടി പ്രണയത്തില്‍നിന്നു പിന്മാറിയതാണ് ആക്രമണത്തിനു കാരണമെന്നു പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button