KeralaLatest NewsNewsEntertainment

കണ്ണീര്‍ ഓര്‍മ്മയായ കലാഭവന്‍ മണിയും ബാലഭാസ്‌കറും ഒരുമിച്ച ‘ആംബുലന്‍സ്’- ‘വഴുതന’ സംവിധാനം ചെയ്ത അലക്സിന്റെ ഹ്രസ്വചിത്രം ഇന്ന് പുറത്തിറങ്ങുന്നു

മലയാളികളുടെ തീരാനഷ്ടമാണ് നടന്‍ കലാഭവന്‍ മണിയും സംഗീത സംവിധായകനും വയലിനിസ്റ്റുമായ ബാലഭാസ്‌കറും. ഇരുവരുടേയും വേര്‍പാടുകള്‍ ആരാധകര്‍ക്ക് ഇതുവരെ ഉള്‍ക്കൊള്ളാനായിട്ടില്ല. കലാഭവന്‍ മണി അഭിനയിച്ച സിനിമകളിലൂടെയും ബാലഭാസ്‌കര്‍ സംഗീതം ചെയ്ത ഗാനങ്ങളിലൂടേയും ഇന്നും എന്നും പ്രേക്ഷക മനസില്‍ ഇടംകൊള്ളുക തന്നെ ചെയ്യും. ഇരുവരും ബഹുമുഖ പ്രതിഭകളായിരുന്നു. കലാഭവന്‍ മണി നാടന്‍പാട്ടുകളുടെ കൂട്ടുകാരനായിരുന്നു. മണി കൈവെക്കാത്ത മേഖലകളില്ല.

അതേ പോലെ വയലിനില്‍ മാസ്മരിക പ്രകടനം നടത്തുന്ന ബാലഭാസ്‌കറും സംഗീത ലോകത്തിന് കിട്ടിയ വരദാനമായിരുന്നു. ഇരുവരും ഒരുമിച്ചെത്തുന്ന ആംബുലന്‍സ് എന്ന ഹ്രസ്വചിത്രം മലയാളികള്‍ക്ക് സമ്മാനിക്കുകയാണ് അലക്‌സ് ആയൂരെന്ന യുവസംവിധായകന്‍. രചന നാരായണന്‍ കുട്ടി അഭിനയിച്ച ‘വഴുതന’ എന്ന ഹ്രസ്വചിത്രത്തിന്റെ സംവിധായകനാണ് അലക്‌സ്. മ്ലേച്ഛമിഴികള്‍ക്ക് നേരെയുള്ള കൂരമ്പ് ആയിരുന്നു വഴുതന.

ആംബുലന്‍സും വിരല്‍ ചൂണ്ടുന്നത് അബലയായ സ്ത്രീകളോടുള്ള പെരുമാറ്റത്തിന് നേരെ തന്നെയാണ്. കലാഭവന്‍ മണി ആദ്യമായി അഭിനയിച്ച ഹ്രസ്വചിത്രമെന്ന പ്രത്യേകതയുണ്ട് ആംബുലന്‍സിന്. അദ്ദേഹത്തിന്റെ മരണത്തിന് മുന്‍പ് ചിത്രീകരിച്ച ഈ ഹ്രസ്വചിത്രം ഇന്ന് ആറുമണിക്ക് ഈസ്റ്റ് കോസ്റ്റിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങും. ആംബുലന്‍സ് ഡ്രൈവറായാണ് ചിത്രത്തില്‍ കലാഭവന്‍ മണിയെത്തുന്നത്. ബാലഭാസ്‌കറാണ് ഈ ഹ്രസ്വചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

വിവാഹം കഴിഞ്ഞ് പത്ത് ദിവസമാകുമ്പോഴേക്കും ജോലിയില്‍ തിരിച്ച് പ്രവേശിക്കേണ്ടി വരുന്നതിന്റെ നീരസം കഥാപാത്രത്തിനുണ്ട്. നിര്‍ധന യുവതിയെ മരിച്ച ഭര്‍ത്താവിന്റെ മൃതദേഹത്തോടൊപ്പം വീട്ടിലെത്തിക്കാന്‍ നിര്‍ബന്ധിതനാവുകയാണ് ആംബുലന്‍സ് ഡ്രൈവര്‍. തുടര്‍ന്ന് യുവതിക്കും ആംബുലന്‍സ് ഡ്രൈവര്‍ക്കുമിടയില്‍ നടക്കുന്ന സംഭവങ്ങളെയാണ് അലക്‌സ് ഹ്രസ്വചിത്രമാക്കിയിരിക്കുന്നത്.

ജയശീലന്‍ സദാനന്ദന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, ചെമ്പില്‍ അശോകന്‍, ബോബന്‍ ആലുംമൂടന്‍, റിയ സൈറ എന്നിവര്‍ അഭിനയിക്കുന്നുണ്ട്. ആംബുലന്‍സിന്റെ കഥയും തിരക്കഥയും ഹരിപ്പാട് ഹരിലാല്‍ ആണ്. അജിത്തിന്റെ വിശ്വാസം എന്ന ചിത്രത്തിലടക്കം നിരവധി തമിഴ് സിനിമകളില്‍ അസോസിയേറ്റ് ക്യാമറാമാനായിരുന്ന ജിജു സണ്ണിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം, എഡിറ്റര്‍: കെ. സണ്ണി.

shortlink

Related Articles

Post Your Comments

Related Articles


Back to top button