KeralaLatest NewsNews

തലസ്ഥാനത്തെ വിറപ്പിച്ച് ലഹരി മാഫിയ; പോലീസിനെ വെട്ടിച്ചുള്ള മരണപ്പാച്ചിലില്‍ വഴിയാത്രക്കാരടക്കം രക്ഷപെട്ടത് തലനാരിഴയ്ക്ക്

തിരുവനന്തപുരം: തലസ്ഥാന നഗരിയെ വിറപ്പിച്ച് ലഹരിമാഫിയയുടെ മരണപ്പാച്ചില്‍. വിഴിഞ്ഞം കല്ലുവെട്ടാംകുഴി പുതിയ ബൈപ്പാസിലാണ് പോലീസിനെ വെട്ടിച്ച് ലഹരി മാഫിയ അമിത വേഗതയില്‍ വാഹനമോടിച്ചത്. പാഞ്ഞ് വന്ന കാറിന് മുന്നില്‍ നിന്നും വഴിയാത്രക്കാരും മറ്റു വാഹനയാത്രക്കാരും തലനാഴിയിഴയ്ക്കാണ് രക്ഷപ്പെട്ടത്.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ പൊറോഡ് പാലത്തിന് സമീപമാണ് സിനിമാസ്‌റ്റെലിലുള്ള സംഭവം. പുതിയ റോഡിലെ ഗതാഗതം നിരോധിച്ച് ഇവിടെ കൂടിയിട്ടിരിക്കുന്ന ചല്ലി കൂട്ടത്തിന്റെ മുകളിലൂടെ കയറിയ കാര്‍ നിയന്ത്രണം വിട്ട് തെറിച്ച് മറുവശത്തേക്ക് വന്നു നിന്നു. ഈ സമയം ഇതിലേ നടന്നുപോയ കുട്ടകളടക്കമുള്ളവര്‍ തലനാരിഴയ്ക്കാണ് രക്ഷപെട്ടത്.

ചല്ലി കൂട്ടത്തില്‍ ഇടിച്ചതിന്റെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം ഭാഗികമായി തകര്‍ന്നിരുന്നു. ഇത് പരിശോധിക്കാനായി കാര്‍ സര്‍വ്വീസ് റോഡിലേക്ക് കയറ്റി നിറുത്തി കാറിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങി. ആറോളംപേര്‍ വാഹനത്തില്‍ ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇവര്‍ വാഹനം പരിശോധിച്ചുകൊണ്ടു നില്‍ക്കവേ നാട്ടുകാര്‍ വിവരം അറിയിച്ചത് അനുസരിച്ച് പോലീസ് കണ്ട്രോള്‍ റൂം വാഹനം സ്ഥലത്തെത്തി. എന്നാല്‍ പോലീസ് വരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ കാറിലുണ്ടായിരുന്ന സംഘം വാഹനവുമായി രക്ഷപെട്ടു. മറുവശത്തെ റോഡിലൂടെ പോലീസ് വാഹനം പിന്തുടരുന്നു എന്ന് മനസിലാക്കിയ സംഘം സര്‍വീസ് റോഡിലൂടെ അമിതവേഗത്തില്‍ കുതിച്ചു. എതിര്‍ദിശയില്‍ വന്ന വാഹനങ്ങള്‍ പലതും കാറിന്റെ വരവ് കണ്ട് റോഡ് വശത്തേക്ക് മാറിയതിനാല്‍ അപകടം ഒഴിവായി. സമീപത്തെ വീടിന്റെ മുന്നിലുള്ള സിസിടിവി ക്യമാറായിലാണ് ഈ മരണപ്പാച്ചിലിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുള്ളത്.

വിഴിഞ്ഞം മുക്കോല ഭാഗം വരെ പോലീസ് കാറിനെ പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല. കല്ലുവെട്ടാന്‍കുഴി പുതിയ ബൈപാസ് റോഡ് അടുത്തിടെയായി ലഹരി മാഫിയയുടെയും റേസിംഗ് സംഘങ്ങളുടെയും താവളമായി മാറിയിരിക്കുന്നെന്നാണ് പ്രദേശവാസികളുടെ പരാതി. പോലീസ് കാര്യക്ഷമമായി ഇടപെടുന്നില്ല എന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button