KeralaLatest NewsNews

മരട് ഫ്ലാറ്റ് പൊളിച്ചുനീക്കൽ: സ്ഫോടനം? ഒഴിപ്പിക്കൽ നടപടികളിലേക്ക് നാളെ സർക്കാർ കടക്കും

കൊച്ചി: മരടിലെ ഫ്ലാറ്റുകൾ നിയന്ത്രിത സ്ഫോടനം വഴി പൊളിക്കുമെന്ന് സർക്കാർ. ഫ്ലാറ്റ് ഒഴിപ്പിക്കൽ നടപടികളിലേക്ക് നാളെ സർക്കാർ കടക്കും. മരടിലെ ഫ്ലാറ്റ് കുടിയൊഴിപ്പിക്കൽ സുപ്രീം കോടതിയിൽ അറിയിച്ചത് പോലെ നടക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് വ്യക്തമാക്കി.

നാളെ ഫ്ലാറ്റിൽ ഉള്ളവരെ കണ്ട് സംസാരിക്കുകയും സഹകരിക്കാൻ ആവശ്യപ്പെടുകയും ചെയ്യുമെന്നും ഫ്ലാറ്റ് ഉടമകൾക്ക് ഒഴിയുന്നതിന് ആവശ്യമായ എല്ലാ സഹായവും നഗരസഭ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ തയ്യാറാക്കിയ കർമ്മ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് നീക്കം. നടപടികൾക്ക് മേൽനോട്ടം നൽകാൻ ചീഫ് സെക്രട്ടറി ടോം ജോസ് കൊച്ചിയിലെത്തി. നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒഴിപ്പിക്കൽ നടപടികളുമായി മുന്നോട്ട് പോകുമെന്ന് നഗരസഭ സെക്രട്ടറിയുടെ ചുമതലയുള്ള ഫോർട്ട് കൊച്ചി സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗും പ്രതികരിച്ചു.

ബലം പ്രയോഗിക്കാതെ താമസക്കാരെ ഒഴിപ്പിക്കാൻ സാധിക്കുമെന്നാണ് നഗരസഭയുടെ പ്രതീക്ഷ. താൽകാലിക പുനരധിവാസം ആവശ്യം ഉള്ളവർക്ക് നാളെയും അപേക്ഷിക്കാം. നഷ്ടപരിഹാരം കൈമാറാൻ ഫ്ലാറ്റ് ഉടമകളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കും. ശേഷം അഞ്ച് ഫ്ലാറ്റുകളുടെയും പൊളിക്കൽ നടപടികൾ ഒരേ സമയത്ത് തന്നെ തുടങ്ങാനാണ് തീരുമാനം. ക്രെയിനുകൾ ഉപയോഗിച്ച് പൊളിക്കുന്നത് കാല താമസം എടുക്കുന്നത് മൂലം നിയന്ത്രിത സ്ഫോടനത്തോടെ ഫ്ലാറ്റുകൾ പൊളിക്കാനാണ് നിലവിലെ നീക്കം.

താൽകാലിക പുനരധിവാസത്തിന് ജില്ലയിൽ കണ്ടെത്തിയ 500 ഫ്ളാറ്റുകളിലേക്ക് താമസക്കാരെ മാറ്റാനാണ് നീക്കം. ഇവയുടെ വാടക ഫ്ലാറ്റ് ഉടമകൾ നൽകണം. വീട്ടുപകരണങ്ങൾ മറ്റൊരിടത്തേക്ക് മാറ്റുന്ന സ്വകാര്യ ഏജൻസികളോട് ചാർജ് കുറച്ച് സഹകരിക്കാനും നഗരസഭ ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button