Latest NewsArticleNewsWriters' Corner

കോൺഗ്രസ് ചാനലിനെതിരെ ബർഖ ദത്ത് കോടതിയിൽ: മാനനഷ്ട കേസ് കൊടുക്കുമെന്ന് കപിൽ സിബൽ: മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് എഴുതുന്നു

അവസാനം അത് സംഭവിച്ചു; കോൺഗ്രസിന്റെ സ്വന്തമായിരുന്ന ബര്ഖ ദത്ത് കോൺഗ്രസ് ടിവി ചാനലായിരുന്ന ‘തിരംഗ’ ക്കെതിരെ കോടതി കയറി; ( തിരംഗക്കെതിരെ എന്ന് പറഞ്ഞത് മനഃപൂർവമാണ്; ഇന്ന് അത് കാണാനില്ലാത്തത് കൊണ്ട് ). പ്രഗത്ഭ അഭിഭാഷകനായ കപിൽ സിബലിനെതിരെയാണ് കേസ്. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിന് മുൻപാണ് കപിൽ സിബലിനെ മുന്നിൽ നിർത്തിക്കൊണ്ട് ഒരു ന്യൂസ് ചാനലിന് കോൺഗ്രസ് നേതൃത്വം തയ്യാറായത്. റിപ്പബ്ലിക്കും മറ്റും സൃഷ്ടിക്കുന്ന തലവേദന നേരിടാൻ അത്തരത്തിലൊന്ന് കൂടിയേ തീരൂ എന്നതായിരുന്നു കോൺഗ്രസ് നിലപാട്. ആ ദൗത്യം ഏറ്റെടുത്തത് സിബലും.

ഒരു ക്രൈസ്തവ മത പ്രഭാഷണ ചാനലുമായി സഹകരിച്ചുകൊണ്ടായിരുന്നു തുടക്കം. അവരുടെ ഒരു ചാനൽ ഏറ്റെടുത്തത് പോലെ. യഥാർഥത്തിൽ അതൊരു ആഗോള തലത്തിലെ നരേന്ദ്ര മോഡി – ബിജെപി വിരുദ്ധ നീക്കത്തിന്റെ ഭാഗമായിരുന്നിരിക്കണം. മോഡിയെ അധികാരത്തിൽ നിന്ന് നീക്കാൻ വത്തിക്കാനും മറ്റും ആഹ്വാനം ചെയ്തിരുന്നുവല്ലോ; ഇന്ത്യയിലെ കുറെ ബിഷപ്പുമാരും സഭകളും അതിനായി പ്രവർത്തിക്കുകയും ചെയ്തു. ആ നീക്കത്തിന്റെ ഭാഗമായിരുന്നു സിബലിന്റെ നേതൃത്വത്തിലുള്ള ചാനൽ. യഥാർഥത്തിൽ പ്രണോയ് റോയിയും എന്ഡിടിവിയും ഉള്ളപ്പോൾ എന്തിനാണ് ഇത്തരമൊന്ന് എന്നത് ന്യായമായ സംശയമായിരുന്നു. എൻഡിടിവി എത്രയോ കാലമായി കോൺഗ്രസിന്റെ ചാനലാണ്; അതിനപ്പുറം പാക്കിസ്ഥാനും താല്പര്യമുള്ള വാർത്ത ചാനലായി അത് വളർന്നിരുന്നുവല്ലോ. പാക്കിസ്ഥാനിൽ ലഭ്യമാവുന്ന ഏക ഇന്ത്യൻ ന്യൂസ് ചാനൽ അതാണ് എന്നത് എന്തിന്റെ സാക്ഷ്യപത്രമാണ്.

ബിജെപി വിരുദ്ധ [പക്ഷത്തുള്ള പ്രമുഖരെയൊക്കെ കോൺഗ്രസ് ഈ ചാനലിൽ അണിനിരത്തിയിരുന്നു. ബര്ഖ ദത്ത്, കരൺ താപ്പർ അങ്ങിനെ പലരും. കേന്ദ്രത്തിൽ എങ്ങിനെയും കോൺഗ്രസ് അധികാരത്തിലെത്തുമെന്നാണല്ലോ കരുതിയിരുന്നത്. അങ്ങിനെ വന്നാൽ പിന്നെ കാശിന് ഒരു ക്ഷാമവുമുണ്ടാവില്ലല്ലോ; അതൊക്കെയാണ് രാഹുൽ ഗാന്ധിയും സോണിയയും കരുതിയത്; അവർ നൽകിയ പ്രതീക്ഷ തന്നെയാവണം കപിൽ സിബലിനെയും കൂട്ടരെയും ഈ ദൗത്യം ഏറ്റെടുക്കാൻ പ്രേരിപ്പിച്ചത്. അല്ലാത്ത സിബൽ ഇതിനിറങ്ങി പുറപ്പെടില്ലെന്ന് കോൺഗ്രസുകാർക്കൊക്കെ അറിയുകയും ചെയ്യാം,\. നാഷണൽ ഹെറാള്ഡിന്റെ അവസ്ഥ ആർക്കാണ് അറിയാത്തത്‌. കേരളത്തിൽ വീക്ഷണം എവിടെയെത്തി എന്നതും വിശദീകരിക്കേണ്ടതില്ല. പക്ഷെ തിരഞ്ഞെടുപ്പോൾ ദയനീയ തോൽവി ഏറ്റുവാങ്ങിയതോടെ കാര്യങ്ങൾ വിഷമത്തിലായി. മുന്നോട്ട് പോകാനാവാതെ അവസ്ഥ; പണം കൊടുക്കാനാവില്ലെന്ന് സോണിയ മാഡം പറഞ്ഞതോടെ ഖജനാവ് പ്രതിസന്ധിയിലായി. മാത്രമല്ല നഷ്ടക്കച്ചവടം സിബലിന്റെ ജാതകത്തിലില്ല.അവസാനം ‘തിരംഗ’ അടച്ചുപൂട്ടാൻ തീരുമാനിച്ചു. ഗാന്ധിജിയും പണ്ഡിറ്റ് നെഹ്രുവുമൊക്കെ കയ്യൊപ്പ് പതിപ്പിച്ച നാഷണൽ ഹെറാൾഡ് അടച്ചുപൂട്ടിയവർക്ക് ഇതാണോ പ്രശ്നം.

ഒരു മാധ്യമ സ്ഥാപനം അടച്ചുപൂട്ടാൻ തീരുമാനിക്കുമ്പോൾ പാലിക്കേണ്ട സാമാന്യ മര്യാദകൾ പാലിച്ചില്ല എന്നതാണ് പ്രശ്നം. അതാണിപ്പോൾ ബര്ഖ ഉന്നയിച്ചത്. ബാങ്കുകളെ പറ്റിച്ച്, തന്റെ സ്ഥാപനത്തിലെ ജീവനക്കാർക്ക് ശമ്പളം കൊടുക്കാതെ വിദേശത്തേക്ക് കടന്ന വിജയ് മല്യയോടാണ് ബർഖാ ദത്ത് കപിൽ സിബലിനെ ഉപമിച്ചത്. കാട്ടുകള്ളൻ എന്ന് ബര്ഖ വിശേഷിപ്പിച്ചു എന്ന് പറയാമോ എന്നതറിയില്ല. എന്തായാലും ആ വിശേഷണം സിബലിനെ വിഷമിപ്പിച്ചു; വേദനിപ്പിച്ചു. സ്വാഭാവികമാണല്ലോ; കാട്ടുകള്ളൻ എന്നൊക്കെ വീരപ്പനെയൊക്കെയാണല്ലോ വിളിക്കാറുള്ളത്. അതോടെ സിബൽ എന്ന വക്കീൽ ഉണർന്നു; മാനനഷ്ടക്കേസ് കൊടുക്കുമെന്നായി. ബാങ്കുകളെ പറ്റിച്ചും ജീവനക്കാരെ വഴിയാധാരമാക്കിയുവും നാടുവിട്ട മല്യയെ തന്നോട് ഉപമിച്ചത് കേസിന് വേണ്ടതായ ഘടകമാണ് എന്ന് നല്ല വക്കീലായ സിബലിന് തിരിച്ചറിയാനായി. അത് അദ്ദേഹം പറയുകയും ചെയ്തു. അതിനിടയ്ക്കാണ് പുതിയ നീക്കവുമായി ബർഖ രംഗത്തിറങ്ങിയത്.

പിരിച്ചുവിടും മുൻപ് നിയമാനുസൃതം ചെയ്യേണ്ടതൊന്നും മാനേജ്‌മന്റ് ചെയ്തില്ല എന്നതാണ് ബർഖയുടെ ആക്ഷേപം. അത് ശരിയാണ് താനും. മുൻ‌കൂർ നോട്ടീസ് നൽകിയില്ല; പിരിച്ചുവിടുന്നതിന് ആവശ്യമായ കോമ്പൻസേഷൻ കൊടുത്തില്ല. അത് മാത്രമല്ല, കുറെയധികം പേർക്ക് മാസങ്ങളായി ശമ്പളവും കൊടുത്തിരുന്നില്ല. അത് ചോദിച്ചപ്പോഴാണ് സിബൽ ഇടഞ്ഞതെന്ന് ബര്ഖ പറയുന്നു. വേറൊന്ന് കൂടി ഓർക്കേണ്ടതുണ്ട്, ഈ ചാനലിന്റെ പ്രമോട്ടർമാരിൽ സിബലിന്റ പത്നിയുമുണ്ട് എന്നതാണത്. ഏതായാലും ഇപ്പോൾ ബര്ഖ വനിതാ കമ്മീഷനെയും സമീപിച്ചിട്ടുണ്ട്. സ്ത്രീകളോട് മര്യാദ കാട്ടാത്തപക്ഷം അതാണല്ലോ വേണ്ടത്, ഒരു ശുപാർശ കൂടി; മത ന്യൂനപക്ഷ വിഭാഗത്തിൽ പെട്ട തൊഴിലാളികളെക്കൊണ്ട് ന്യൂനപക്ഷ കമ്മീഷനും ഒരു പരാതി കൊടുത്തുനോക്കൂ. എന്നാൽ നാല് കാശ് കിട്ടില്ലെന്ന് ഉറപ്പാണ്; അത് വേണമെങ്കിൽ നേരെ എഐസിസി ആസ്ഥാനത്തേക്ക് ചെല്ലണം. പുതിയ പാർട്ടി ഓഫീസ് ഉദഘാടനത്തിന് ഒരുങ്ങുകയാണ്; അവിടെ കാശു്ണ്ടുതാനും, വേറൊന്ന്, രണ്ടു സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പിന് ഒരുങ്ങുകകൂടി ആണല്ലോ. ഇതുതന്നെയാണ് പറ്റിയ സമയമെന്നത് മറ്റാരേക്കാളും ബര്ഖക്ക് അറിയാമല്ലോ. അതുകൊണ്ട്, കപിൽ സിബലിനെ വിടണം എന്നല്ല രാഹുൽ ഗാന്ധിയെയും സോണിയയെയും കൂടി പ്രതിക്കൂട്ടിലാക്കാൻ ശ്രമിച്ചുനോക്ക്‌. മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി ഏറെ മനസ്സ് വെക്കുന്നവരാണല്ലോ അവർ രണ്ടുപേരും.

Tags

Post Your Comments


Back to top button
Close
Close