Latest NewsNewsInternational

‘ ഇത് അണയാത്ത മാതൃവാത്സല്യം’; മക്കളുടെ ശവകുടീരത്തിന് മുകളില്‍ ഭക്ഷണപൊതികള്‍ വെച്ച് ഒരമ്മ

 ഒന്റാറിയോ: അമ്മയുടെ സ്‌നേഹം വിലമതിക്കാനാവാത്തതാണ്. മക്കള്‍ എത്ര ദൂരെയായാലും ആ സ്‌നേഹത്തിന് ഒരു കുറവും ഉണ്ടാകില്ല. തങ്ങളില്‍ നിന്നും വിട്ടകന്ന മക്കളെയോര്‍ത്ത് അമ്മമാര്‍ സ്ഥിരം കണ്ണീര്‍ പൊഴിക്കാറുണ്ട്. എന്നാല്‍ മരണപ്പെട്ട മക്കള്‍ക്കായി ഭക്ഷണപ്പൊതികള്‍ ഒരുക്കി നല്‍കിയ ഒരമ്മയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒന്റാറിയോ സ്വദേശിനി ജെന്നിഫര്‍ നെവില്‍ ലേക്ക് ചെയ്ത ഈ പ്രവൃത്തി മാതൃസ്നേഹത്തിന്റെ നൊമ്പരപ്പെടുത്തുന്ന കാഴ്ചയായി മാറി. സ്‌കൂള്‍ തുറന്ന ആദ്യ ദിനം കൊല്ലപ്പെട്ട മക്കളുടെ ശവകുടീരത്തില്‍ അവര്‍ക്കിഷ്ടപ്പെട്ട വിഭവങ്ങള്‍ ഒരുക്കിവെയ്ക്കുകയായിരുന്നു ഈ അമ്മ ചെയ്തത്.

2015-ല്‍ സ്‌കൂളില്‍ നിന്ന് വീട്ടിലേയ്ക്ക് വരുന്നവഴിയായിരുന്നു ഇവരുടെ മക്കള്‍ സഞ്ചരിച്ച വാനില്‍ മറ്റൊരു വാഹനം ഇടിച്ചത്. മദ്യപിച്ച് വാഹനമോടിച്ച ഒരാളാണ് അപകടത്തിനിടയാക്കിയത്. അപകടത്തില്‍ ഒമ്പതു വയസുകാരന്‍ ഡാനിയേലും അഞ്ചു വയസുകാരന്‍ ഹാരിയും 2 വയസുകാരി മിലിയും കൊല്ലപ്പെട്ടിരുന്നു. തന്റെ മൂന്ന് മക്കളെയും ജെന്നിഫറിന് നഷ്ടമായി. ഈ ദുരന്തം അവരില്‍ ഉണ്ടാക്കിയ ആഘാതം വളരെ വലുതായിരുന്നു. അപകടം നടക്കുന്ന ദിവസം ജെന്നിഫറിന്റെ മാതാപിതാക്കളാണ് മൂന്നുപേരേയും സ്‌കൂളില്‍ നിന്നു കൊണ്ടുവന്നത്. അവര്‍ വീട്ടിലെത്താന്‍ വൈകിയതോടെ ഇരുവരുടെയും ഫോണിലേയ്ക്ക് ജെന്നിഫര്‍ മാറിമാറി വിളിച്ചെങ്കിലും രണ്ടുപേരും ഫോണ്‍ എടുത്തില്ല.

വൈകാതെ തന്നെ ഒരു അപകടത്തിന്റെ വാര്‍ത്ത ജെന്നിഫര്‍ ടിവിയിലൂടെ അറിഞ്ഞു. അത് മക്കള്‍ സഞ്ചരിച്ച വാനാണെന്ന് അവര്‍ തിരിച്ചറിഞ്ഞു. ഒരു അപകടത്തില്‍ മൂന്നുമക്കളെയും ഒരുമിച്ച് നഷ്ടപ്പെട്ടത് അവര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. മക്കളുടെ വിയോഗം അമ്മയെ തകര്‍ത്തു എങ്കിലും അവര്‍ അതിനെ അതിജീവിച്ചു. ഈ ഓഗസ്റ്റ് മാസം സ്‌കൂള്‍ തുറന്ന ആദ്യ ദിനം മക്കളുടെ ശവകുടീരത്തിനരികില്‍ ജെന്നിഫര്‍ എത്തി. മക്കള്‍ പതിവായി സ്‌കൂളില്‍ കൊണ്ടുപോയിരുന്ന ഭക്ഷണപാത്രങ്ങളില്‍ അവര്‍ക്ക് ഇഷ്ടപ്പെട്ട വിഭവങ്ങള്‍ നിറച്ച് ശവകുടീരത്തിനരികില്‍ വെച്ചു. ജെന്നിഫര്‍ തന്നെയാണ് ഈ വിവരം ഫേസ്ബുക്കില്‍ പങ്കുവച്ചത്. ഇവര്‍ പങ്കുവച്ച ചിത്രം കണ്ട് മാതൃസ്നേഹത്തിന്റെ നൊമ്പരപ്പെടുത്തുന്ന കാഴ്ചയെന്നും സഹിക്കാന്‍ കഴിയുന്നതിലപ്പുറമാണെന്നും പലരും കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button