KeralaLatest NewsNews

ഭീഷണിപ്പെടുത്തി കട തുറപ്പിച്ച് ഭക്ഷണം കഴിച്ചു; പണം നല്‍കാത്തത് ചോദ്യം ചെയ്തതോടെ തട്ടുകട പൂട്ടിച്ച് പോലീസിന്റെ പ്രതികാരം

തിരുവനന്തപുരം: പ്രവര്‍ത്തന സമയം കഴിഞ്ഞ് അടച്ച കട പോലീസുകാര്‍ എത്തി ഭീഷണിപ്പെടുത്തി തുറപ്പിച്ച് ഭക്ഷണം കഴിച്ചെന്ന് പരാതി. ഡിജിപി ഓഫീസിലെ എസ്‌ഐക്കും സംഘത്തിനുമെതിരെയാണ് കടയുടമകളായ യുവാക്കള്‍ പരാതി നല്‍കിയിരിക്കുന്നത്. ഭക്ഷണം കഴിച്ച ശേഷം പോലീസുകാര്‍ പണം നല്‍കാതെ മടങ്ങിയെന്നും ആരോപണമുണ്ട്. ഇത് ചോദ്യം ചെയ്തതിന് പ്രതികാരമായി തട്ടുകട പൂട്ടിച്ചെന്നും പരാതിയില്‍ പറയുന്നു. തിരുവനന്തപുരം പരുത്തിപ്പാറയാണ് സംഭവം.

പ്രദേശവാസികളും എന്‍ജിനീയറിംങ് ബിരുദധാരികളുമായ അഖിലും അരവിന്ദും ചേര്‍ന്ന് നടത്തുന്ന ഫാസ്റ്റ് ഫുഡ് കടയിലാണ് സംഭവം. കട തുറന്നു കിട്ടുന്നതിന് വേണ്ടിയും പോലീസിന്റെ പ്രതികാര നടപടി അവസാനിപ്പണമെന്ന് ആവശ്യപ്പെട്ടും യുവാക്കളും വ്യാപാരിവ്യവസായി സമിതിയുടെ ജില്ലാനേതാക്കളും മുഖ്യമന്ത്രിക്കു പരാതി നല്‍കിയിട്ടുണ്ട്.

രാത്രി പന്ത്രണ്ട് മണിക്കാണ് അഖിലും അരവിന്ദും കട അടക്കുന്നത്. എന്നാല്‍ ഇതിന് ശേഷം എസ്‌ഐയും സംഘവും ഭക്ഷണം ആവശ്യപ്പെട്ട് എത്തി. ഇതോടെ ഇവര്‍ തങ്ങള്‍ക്ക് കഴിക്കാന്‍ മാറ്റിവെച്ച ഭക്ഷണം പോലീസുകാര്‍ക്ക് നല്‍കി. എന്നാല്‍, കഴിച്ച ശേഷം ഭക്ഷണം തണുത്തുപോയെന്നും അതിനാല്‍ പണമില്ലെന്നും പോലീസുകാര്‍ പറഞ്ഞു. ഇതോടെ യുവാക്കളും പോലീസുകാരും തമ്മില്‍ തര്‍ക്കമുണ്ടായി. ഒടുവില്‍ വന്നത് പോലീസുകാരാണെന്ന് മനസ്സിലാക്കിയതോടെ യുവാക്കള്‍ പ്രശ്‌നമുണ്ടാക്കാതെ പിന്മാറി.

എസ്‌ഐയും സംഘവും മടങ്ങിയ ഉടന്‍ തന്നെ പേരൂര്‍ക്കടയില്‍ നിന്നു പോലീസ് എത്തി വിവരം അന്വേഷിച്ചു മടങ്ങി. പിറ്റേന്ന് ഭക്ഷണം തയാറാക്കി കഴിഞ്ഞയുടന്‍ പേരൂര്‍ക്കട പോലീസെത്തി കടപൂട്ടിക്കുകയായിരുന്നുവെന്ന് യുവാക്കള്‍ പറയുന്നു. സ്റ്റേഷന്‍പരിധിയില്‍ കടകാണരുതെന്നും ഉദ്യോഗസ്ഥര്‍ താക്കീതു നല്‍കിയിട്ടുണ്ട്. ഒടുവില്‍ ഡിജിപി ഓഫിസിലെത്തി യുവാക്കള്‍ എസ്‌ഐയോട് മാപ്പു പറഞ്ഞെങ്കിലും കട തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ പേരൂര്‍ക്കട പോലീസ് അനുമതി നല്‍കിയില്ല. കട തുറക്കാന്‍ കഴിയാതെ വന്നതോടെ ഇവര്‍ വ്യാപാരിവ്യവസായി സമിതി ഭാരവാഹികളെ സമീപിച്ചു.സമിതി ഇടപെട്ടിട്ടും പൊലീസ് പിന്മാറിയില്ല. ഇതിനെ തുടര്‍ന്നാണു മുഖ്യമന്ത്രിക്കു പരാതി നല്‍കിയത്. എന്നാല്‍ മോശം ഭക്ഷണം വിളമ്പിയതിനെയാണ് ഡിജിപി ഓഫീസിലെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തതെന്നാണ് പേരൂര്‍ക്കട സിഐ സൈജുനാഥ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button