KeralaLatest NewsIndia

പെരിയ ഇരട്ടക്കൊലക്കേസ്, ഒന്നാം പ്രതിയുടെ മൊഴി പൊലീസിന് വേദവാക്യവും അഞ്ചാം പ്രതിയുടെ മൊഴി സുവിശേഷവും ആയി, പോലീസിനും സർക്കാരിനും കോടതിയുടെ രൂക്ഷ വിമർശനം

ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ വിശ്വാസ്യതയിലും ഹൈക്കോടതി സംശയം പ്രകടിപ്പിച്ചു.

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ പോലീസിന് കനത്ത തിരിച്ചടി. കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം ഹൈക്കോടതി റദ്ദാക്കി. കേസ് അന്വേഷണം സി.ബി.ഐക്ക് വിടുകയും ചെയ്തു. കൂടാതെ പോലീസിനും സർക്കാരിനും കണക്കറ്റു കിട്ടുകയും ചെയ്തു. പെരിയ കേസില്‍ അന്വേഷണസംഘത്തിന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കോടതി ചൂണ്ടിക്കാട്ടി. ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ വിശ്വാസ്യതയിലും ഹൈക്കോടതി സംശയം പ്രകടിപ്പിച്ചു.അന്വേഷണ സംഘത്തിന് ഗുരുതരമായ വീഴ്ച സംഭവിച്ചെന്ന് അറിയിച്ച കോടതി സാക്ഷികളെക്കാള്‍ പ്രതികളെയാണ് പോലീസ് അന്വേഷണത്തില്‍ വിശ്വാസത്തിലെടുത്തതെന്നും കോടതി ആരോപിച്ചു.

ഒന്നാംപ്രതിയുടെ മൊഴി പോലീസ് വേദവാക്യമായി കണക്കാക്കിയെന്നും അഞ്ചാം പ്രതിയുടെ മൊഴി സുവിശേഷമാക്കിയാണ് അന്വേഷണം നടന്നതെന്നും കോടതി കുറ്റപ്പെടുത്തി.രണ്ട് യുവാക്കള്‍ അതിക്രൂരമായ കൊലപ്പെട്ട കേസാണിതെന്ന് ഓര്‍മ്മിപ്പിച്ച കോടതി കേസില്‍ ഗൗരവ പൂര്‍ണ്ണവും കാര്യക്ഷമവുമായ അന്വേഷണം നടന്നിട്ടില്ലെന്ന് നിരീക്ഷിച്ചു. കുറ്റപത്രം സമര്‍പ്പിച്ചതില്‍ പോലും ഇത് വ്യക്തമാണെന്ന് പറഞ്ഞ കോടതി വിചാരണ നടന്നാല്‍ പോലും പ്രതികള്‍ രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്ന് അഭിപ്രായപ്പെട്ടു. ഇത്രയും പ്രധാനമായ കേസില്‍ ഫോറന്‍സിക് സര്‍ജന്റെ മൊഴി പോലും യഥാസമയം രേഖപ്പെടുത്തിയില്ലെന്ന് കുറ്റപ്പെടുത്തി.കൊലപാതകത്തിനു പിന്നില്‍ വ്യക്തി വൈരാഗ്യമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

പ്രതികള്‍ സിപിഎം പ്രവര്‍ത്തകരും കൊല്ലപ്പെട്ടവര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമാണ്. രാഷ്ട്രീയ കൊലപാതകമാണെന്ന് എഫ്‌ഐആറില്‍ വ്യക്തമായുണ്ടെന്ന് കോടതി പറയുന്നു. സിപിഎം പ്രാദേശിക നേതാക്കള്‍ ഗൂഢാലോചന നടത്തിയിട്ടുള്ള കൊലപാതകമാകാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞ കോടതി ശരിയായ അന്വേഷണം നടന്നാലേ ശരിയായ വിചാരണയും നടക്കൂ. കേസ് സിബിഐക്ക് കൈമാറുകയാണെന്നും അറിയിക്കുകയായിരുന്നു.കൊലപാതകത്തില്‍ സി.പി.എം. നേതാക്കള്‍ ഉള്‍പ്പെട്ടതാണ് വീഴ്ച സംഭവിക്കാന്‍ കാരണമെന്ന ഗൗരവമായ പരാമര്‍ശവും കോടതിയില്‍ നിന്നുണ്ടായി.2019 ഫെബ്രുവരി 17-നാണ് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്ത് ലാലിനെയും അക്രമിസംഘം കൊലപ്പെടുത്തിയത്.

സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗവും മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായ ഒന്നാംപ്രതി പീതാംബരന് ശരത്‌ലാലിനോടുള്ള വിരോധമാണ് കൊലയ്ക്കു കാരണമെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്. 229 സാക്ഷികളുടെ മൊഴിയെടുത്തതായി കുറ്റപത്രത്തില്‍ പറയുന്നു. 12 വാഹനങ്ങളുള്‍പ്പെടെ 125-ലേറെ തൊണ്ടിമുതലുകള്‍ കണ്ടെടുത്തു. അമ്ബതിലേറെ രേഖകളും കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ചിരുന്നു.

പീതാംബരന്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് കൊലപാതകമെന്നും കുറ്റപത്രത്തിലുണ്ട്. പീതാംബരനുപുറമേ സജി സി. ജോര്‍ജ്, കെ.എം. സുരേഷ്, അനില്‍കുമാര്‍, ഗിജിന്‍, ശ്രീരാഗ്, അശ്വിന്‍, സുബീഷ്, മുരളി താനിത്തോട്, രഞ്ജിത്ത്, പ്രദീപ്, ആലക്കോട് മണി, സി.പി.എം. പെരിയ ലോക്കല്‍ സെക്രട്ടറി എന്‍. ബാലകൃഷ്ണന്‍, പാര്‍ട്ടി ഉദുമ ഏരിയാസെക്രട്ടറി കെ. മണികണ്ഠന്‍ എന്നിവരാണ് പ്രതികള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button