KeralaLatest NewsNews

ശബരിമല പ്രക്ഷോഭത്തിന്റെ തീക്കാറ്റായി പ്രകാശ് ബാബു ആളിപ്പടര്‍ന്നു, അരൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രകാശ്ബാബുവിനെ കുറിച്ച് അധികമാര്‍ക്കുമറിയാത്ത കാര്യങ്ങള്‍- കുറിപ്പ്

ഡി. അശ്വിനീ ദേവ് 

അരൂരിൽ മത്സരിക്കുന്നത് ആരാണ്.?
……………………….
അരൂരിൽ മത്സരിക്കുന്ന എൻ ഡി എ യുടെ സ്ഥാനാർത്ഥി യുവമോർച്ചയുടെ സംസ്ഥാന പ്രസിഡന്റായ പ്രകാശ് ബാബുവാണ് എന്ന് ആർക്കുമറിയാത്തതല്ല.
എന്നാൽ അധികമാരുമറിയാത്ത ഒരു പ്രകാശ് ബാബുവുണ്ട്. ജീവിക്കുവാൻ വേണ്ടി പൊരിയുന്ന വയറുമായി നെട്ടോട്ടമോടിയ ഒരു ഗ്രാമീണ ബാലന്റെ കഥയാണത്.

മൂന്ന് സഹോദരിമാരും രണ്ടു സഹോദരൻമാരും താനുമടക്കമുള്ള ആറ് കുട്ടികളെ പുലർത്താൻ ഒരു ചായപ്പീടിക കൊണ്ട് കഴിയാതെ കഷ്ടപ്പെടുന്ന കണ്ണൻ എന്ന അച്ഛന്റേയും മാണി എന്ന അമ്മയുടേയും കണ്ണീര് കണ്ട് വളർന്ന ഒരു ബാല്യം .ഒരു ജ്യേഷ്ഠൻ രവീന്ദ്രൻ പഠിക്കാനതി സമർത്ഥനായിരുന്നെങ്കിലും വീട്ടിലെ പട്ടിണി മാറ്റാൻ പഠിത്തം മതിയാക്കി പണിക്ക് പോയിരുന്നു. പ്രകാശനോടും പഠിപ്പ് നിർത്താൻ അച്ഛൻ പറഞ്ഞിരുന്നു. പുസ്തകവും വസ്ത്രവും വാങ്ങി നൽകാൻ അച്ഛന് കഴിയുമായിരുന്നില്ല. പക്ഷേ പ്രകാശന് പഠിക്കാൻ കൊതിയായിരുന്നു .

രാവിലെ അഞ്ചു മണിക്കെഴുന്നേറ്റ് അച്ഛനോടൊപ്പം ചായപ്പീടികയിലെത്തി എല്ലാ ജോലിയും ചെയ്തു കൊടുക്കും .അടുത്തുള്ള വീട്ടിൽ നിന്ന് വൈകിട്ട് വരെ ഉപയോഗിക്കാനുള്ള വെള്ളം ചുമന്ന് കടയിൽ കൊണ്ടുവന്ന് വച്ചിട്ട് സ്കൂളിൽ പോകും. തിരികെ വന്നാൽ രാത്രി വരെ വീണ്ടും അച്ഛനോടൊപ്പം ചായപ്പീടികയിൽ.
ഏറെ വൈകി രാത്രി എത്തിയാൽ അരണ്ട വെളിച്ചത്തിൽ പഠനം.
അങ്ങിനെ നരിപ്പറ്റ ഹൈസ്കൂളിൽ നിന്ന് പത്താം തരത്തിൽ ഫസ്റ്റ് ക്ലാസ് വാങ്ങിജയിച്ചു. പ്ലസ് ടുവിന് പഠിക്കണമെങ്കിൽ ദൂരെ 40 കിലോമീറ്ററകലെയുള്ള വടകരയിൽ പോവണം .ബസ്കൂലിയും ഭക്ഷണച്ചിലവും പഠനത്തിനുള്ള പണവും നൽകാൻ അച്ഛന് കഴിയുമായിരുന്നില്ല. നമുക്ക് നിവൃത്തിയില്ല നീ പഠിത്തം നിർത്തിക്കൊ എന്ന് അച്ഛൻ പറഞ്ഞു.
ഇതിനുള്ള പോംവഴി പ്രകാശൻ തന്നെകണ്ടെത്തി.

തന്റെ വീടിനടുത്ത് രാത്രിയിൽ തങ്ങുന്ന മൂന്ന് ബസുകൾ കഴുകിക്കൊടുക്കുന്ന പണി ഏറ്റെടുത്തു. ഒര് ബസ് കഴുകിയാൽ പത്ത് രൂപ കിട്ടും. മൂന്ന് ബസിന് മുപ്പത് രൂപ .ബസ്കൂലിയും ഭക്ഷണവും മറ്റ് ചിലവുകളും അതുകൊണ്ട് അത്യാവശ്യം നടക്കും. ചില ദിവസങ്ങളിൽ മുണ്ട് മുറുക്കിയങ്ങുടുക്കും. വിശപ്പിന്റെ കഴുത്ത് ഞെരിക്കാൻ .

റിസൾട്ട് വന്നപ്പോൾ പ്രകാശന് അവിടെയും ഫസ്റ്റ് ക്ലാസ് .
കുറച്ചടുത്തുള്ള മടപ്പള്ളി ഗവ:കോളേജിൽ ബി എസ് സി ക്ക് അഡ്മിഷൻ കിട്ടി. പക്ഷേ അവിടെ കാല് കുത്താൻ കഴിയുമായിരുന്നില്ല.
എസ്.എഫ് ഐ യുടെ ചെങ്കോട്ടയായിരുന്നു ആ കോളേജ് .ചെറുപ്പം മുതലെ ശാഖയിലും പിന്നീട് എ ബി വി പി യിലും പ്രവർത്തിച്ചിരുന്ന പ്രകാശ് ബാബുവിനെ കോളേജിൽ കയറ്റാൻ അവർ സമ്മതിച്ചില്ല.
ഒടുവിൽ എങ്ങിനെയെങ്കിലും പഠിച്ചാലേ വീട്ടിലെ പട്ടിണി മാറ്റാൻ പറ്റൂ എന്നുള്ളത് കൊണ്ട് വളരെ ദൂരെയുള്ള മാഹിയിലെ മഹാത്മാഗാന്ധി കോളേജിൽ അഡ്മിഷനെടുത്തു.

പഠന ച്ചിലവിനായി അവധി ദിവസങ്ങളിലും ഒഴിവുള്ളപ്പോഴും കൂലിപ്പണിയെടുത്തു. ചേട്ടന്റെ കൂടെ പെയിന്റിംഗ് ജോലിക്ക് പോയി. വീടുകളിൽ നിന്ന് സംഭരിക്കുന്ന ചിരട്ടകൾ ചാക്കിലാക്കി തലയിൽ ചുമന്ന് ലോറിയിൽ കയറ്റുന്നതായിരുന്നു പ്രധാന പണി.
ബി.എസ്.സിയും ഫസ്റ്റ് ക്ലാസിൽ തന്നെ പാസായി.

അടുത്ത ലക്ഷ്യം പെട്ടെന്ന് കിട്ടാവുന്ന ഒരു ജോലിയായിരുന്നു. വക്കീലാവാൻ തീരുമാനിച്ചതങ്ങിനെയാണ്. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ എൽ.എൽ.ബിയക്ക് ചേർന്നു.രണ്ട് പാരലൽ കോളേജുകളിൽ പഠിപ്പിച്ചു കൊണ്ടായിരുന്നു അതിനുള്ള പണം കണ്ടെത്തിയത്. ഒഴിവുള്ളപ്പോൾ പെയിന്റിംഗിനും പോവും. കഷ്ടപ്പാടിന്റെ ഈ ദുരിത പർവ്വതം ചുമന്നുകൊണ്ട് തന്നെ എൽ.എൽ .ബി പരീക്ഷയെഴുതി രണ്ടാം റാങ്കോട് കൂടി വിജയിച്ചു .
കോഴിക്കോട് ജില്ലാ കോടതിയിൽ പ്രാക്ടീസ് തുടങ്ങി. അന്നു തന്നെ അറിയപ്പെടുന്ന പൊതുപ്രവർത്തകനായിരുന്നത് കൊണ്ട് കേസുകളൊക്കെ കിട്ടിയിരുന്നു.

വീണ്ടും നിയമ പഠനം തുടർന്നു. ഫസ്റ്റ് ക്ലാസോടെ എൽ.എൽ.എം ബിരുദവും കരസ്ഥമാക്കി.( കോൺസ്റ്റിട്യൂഷണൽ ലോ .കണ്ണൂർ യൂണിവേഴ്സിറ്റി)

അങ്ങനെയിരിക്കേ കേന്ദ്ര പബ്ലിക് സർവ്വീസ് കമ്മീഷൻ നടത്തിയ സി.ബി.ഐയിലേക്കുള്ള പബ്ലിക് പ്രോസിക്യൂട്ടറുടെ പരീക്ഷയിൽ പങ്കെടുത്തു.കേരളത്തിൽ നിന്ന് രണ്ടു പേർ മാത്രം ജയിച്ചപ്പോൾ അതിലൊന്ന് പ്രകാശ് ബാബുവായിരുന്നു. കണ്ണഞ്ചിക്കുന്ന ശമ്പളം കിട്ടുന്ന ഉയർന്ന ജോലിയായിരുന്നു അത്.
തന്റെയും കുടുംബത്തിന്റെയും എല്ലാ ദുരിതങ്ങളും ഇതാ തീർന്നു എന്ന് പ്രകാശ് ബാബു വിചാരിച്ചു.നിയമനത്തിന്റെ പേപ്പറുകൾ ശരിയായി വന്നപ്പൊഴാണ് ഒരഴിയാക്കുരുക്ക് മുറുകിയത് .പട്ടിണിയുടേയും പഠനത്തിന്റേയുമിടയിൽ യുവമോർച്ചയ്ക്ക് വേണ്ടി പ്രകാശ് ബാബു നടത്തിയ പോരാട്ടങ്ങളുടെ ഭാഗമായി പത്തൊമ്പത് കേസുകളിൽ പ്രതിചേർക്കപ്പെട്ടിരുന്നു.
ആ കേസുകൾ നിൽക്കുമ്പോൾ കേന്ദ്ര സർവ്വീസിൽ ജോലി കിട്ടുമായിരുന്നില്ല. തന്റെ ദുരിത പർവ്വം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചപ്പോൾ അവർ കേസുകൾ തീർക്കാൻ ആറ് മാസത്തെ കാലാവധി അനുവദിച്ചു.

കോൺഗ്രസ് ഭരണത്തിൽ അന്ന് മുല്ലപ്പള്ളിയായിരുന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി. സഹായിക്കാൻ മന്ത്രിക്ക് കഴിയുമായിരുന്നു.നേരിട്ടപേക്ഷിച്ചു. പക്ഷേ ചെയ്തില്ല.
തടസങ്ങൾ ഏറെയായിരുന്നു. ഓരോ നാളും എണ്ണിക്കഴിച്ചു. ഒടുവിൽ ആറു മാസക്കാലാവധി കഴിഞ്ഞപ്പോൾ തീർന്നത് വെറും ആറ് കേസുകൾ മാത്രം. കൈവിട്ട് പോയ ഭാഗ്യം ഓർത്ത് കുറേ ജീവിതങ്ങൾ നെടുവീർപ്പിട്ടു.
.
താമസിച്ചിരുന്ന വീട് കാലപ്പഴക്കം കൊണ്ട് ഇടിഞ്ഞു വീണിരുന്നതിനാൽ അച്ഛനുമമ്മയും മൂത്ത മകന്റെ വീട്ടിലും പ്രകാശ് ബാബു മറ്റൊരു ചേട്ടന്റെ വീട്ടിലും കഴിഞ്ഞിരുന്ന കാലമായിരുന്നു അത്.
വീണ്ടും വക്കീല് പണി തന്നെ ചെയ്യുമ്പോൾ തുടർന്നും പഠിച്ചു . “മാസ്റ്റർ ഓഫ് ലോ” എന്ന ഉന്നത ബിരുദം മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഫസ്റ്റ് ക്ലാസ് വാങ്ങിത്തന്നെ പാസായി.

ഈ ജീവിതയാത്രയിലും പൊതുജനങ്ങൾക്കും യുവാക്കൾക്കും വേണ്ടിയുള്ള നിരവധി സമരമുഖങ്ങളിൽ വീറുറ്റ പോരാട്ടം നടത്തി.നിരവധി ജയിൽവാസങ്ങൾ ക്രൂരമായ മർദ്ദനങ്ങൾ .ആ മെല്ലിച്ച ശരീരത്തിൽ പോലീസിന്റെ തല്ല് വീഴാത്ത ഒരു ഭാഗവുമില്ല.ഒടുവിൽ ശബരിമല പ്രക്ഷോഭത്തിന്റെ തീക്കാറ്റായി പ്രകാശ് ബാബു ആളിപ്പടർന്നു. ക്രൂരമായ മർദ്ദനമേറ്റ് വാങ്ങി. അടി കൊണ്ട് തല പിളർന്ന് നിരവധി ദിവസം ആശുപത്രിയിൽ …ഭേദപ്പെടും മുമ്പേ അറസ്റ്റ്… .മാസങ്ങളോളം
ജയിൽവാസം…
. ജയിലിൽ കിടന്നു കൊണ്ട് കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട്ട് നോമിനേഷൻ നൽകി.
ഏതാണ്ട് ഇരുപത്തിയാറോളം കേസുകളിൽ കേരളത്തിലെ വിവിധ ജില്ലകളിൽ പ്രതിചേർക്കപ്പെട്ട ഭരണകൂട ഭീകരതയുടെ ഇരയായി മാറി. ഇന്ന് രാവിലെ ഞാനും യുവമോർച്ച സംസ്ഥാന ജന:സെക്രട്ടറി രഞ്ജിത് ചന്ദ്രനും ജില്ലാ പ്രസിഡന്റ് കെ.സോമനും അഡ്വ: രഞ്ജിത് ശ്രീനിവാസും അരൂർ മണ്ഡലം പ്രസിഡന്റ് അഡ്വ: ബാലാനന്ദനും മണ്ഡലം ജന:സെക്രട്ടറിമാരായ മധുസൂദനനും ദിലീപും അടങ്ങുന്ന ഇലക്ഷൻ ടീം പ്രകാശ് ബാബുവിന്റെ നാമനിർദ്ദേശ പത്രിക പൂരിപ്പിയ്ക്കുമ്പോൾ കേസുകളുടെ എണ്ണവും സ്വഭാവവും വകുപ്പുകളും കൃത്യമായി രേഖപ്പെടുത്തുക എന്നത് വളരെ ദുഷ്ക്കരമായിരുന്നു. രാഷ്ട്രീയ പ്രതിയോഗികളെ നിഷ്ഠൂരമായി കൊലപ്പെടുത്തുന്ന വടക്കൻ ജില്ലകളിൽ സാഹസികമായി പ്രവർത്തിച്ച വകയിലും കേസുകളേറെയുണ്ടായിരുന്നു.

നാമനിർദ്ദേശ പത്രികയിൽ സ്വന്തം സമ്പാദ്യത്തിന്റെ കോളം മാത്രം ഒഴിഞ്ഞ് കിടന്നു. ഒരു തുണ്ട് ഭൂമിയോ ഒരു സ്വർണത്തരിയോ ബാങ്ക് ബാലൻസോ ഇല്ലാത്ത ഒരു സ്ഥാനാർത്ഥി.

ഒരു പിന്നോക്ക സമുദായത്തിൽ ജനിച്ച് പട്ടിണിയോടും പ്രാരാബ്ധങ്ങളോടും മല്ലടിച്ച് വളരുമ്പോഴും തനിക്ക് ചുറ്റുമുള്ള ഒന്നുമില്ലാത്തവന്റെ ജീവിതദുരിതങ്ങളകറ്റാൻ സ്വയം സമർപ്പിച്ച യൗവ്വനം.
കഴിഞ്ഞ പ്രളയകാലത്ത് ഒറ്റപ്പെട്ടു പോയവരെ തേടി കഴുത്തറ്റം വെള്ളത്തിൽ നടന്നു പോകുന്ന പ്രകാശ് ബാബുവിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

ജാതിയും മതവും രാഷ്ട്രീയവും മാറ്റി വച്ച് എന്നും പീഡിതരോടൊപ്പം ചേർന്ന് നിൽക്കുന്ന ഈ ചെറുപ്പക്കാരന്റെ നന്മയും ആത്മാർത്ഥതയും പാവപ്പെട്ടവരേറെയുള്ള മണ്ഡലമായ അരൂര് തിരിച്ചറിഞ്ഞ് വിജയിപ്പിക്കും എന്ന് തന്നെ ഞാനുറച്ച് വിശ്വസിക്കുന്നു.
ഡി. അശ്വിനീ ദേവ് .

https://www.facebook.com/d.dev.5/posts/1716806251786464

shortlink

Related Articles

Post Your Comments

Related Articles


Back to top button