Latest NewsNewsIndia

ബന്ദിപൂര്‍ സമരത്തിന് ഐക്യദാര്‍ഢ്യവുമായി പ്രതിപക്ഷ നേതാവ്; സര്‍വ്വകക്ഷി യോഗം ചേരണമെന്ന് ആവശ്യം

കല്‍പ്പറ്റ: ബന്ദിപൂര്‍ ദേശീയ പാതയിലൂടെയുള്ള ഗതാഗതം നിരോധിക്കാനുള്ള നീക്കം തടയുന്നതിനായി സര്‍വ്വകക്ഷി യോഗം വിളിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ആവശ്യപ്പെട്ട് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തുനല്‍കി. സുല്‍ത്താന്‍ബത്തേരിയില്‍ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന അനിശ്ചിതകാല നിരാഹാരസമരത്തിന് ചെന്നിത്തല ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോഴത്തെ രാത്രികാല യാത്രാ നിരോധനം തന്നെ ജനജീവിതത്തെ ബാധിച്ചിട്ടുണ്ടെന്നും ഈ സാഹചര്യത്തിലാണ് പൂര്‍ണ നിരോധനം നടപ്പിലാക്കാനുള്ള നീക്കം നടത്തുന്നതെന്നും ചെന്നിത്തല ആരോപിക്കുന്നു.

വാണിജ്യ വ്യവസായ ആവശ്യങ്ങള്‍ക്കായി നിരവധി ജനങ്ങളാണ് ദിവസേന ഈ പാതവഴി കടന്നു പോകുന്നത്. വയനാടിനെ ഒറ്റപ്പെടുത്തുകയും വികസന മുരടിപ്പിലേക്ക് നയിക്കുകയും ചെയ്യുന്ന തലതിരിഞ്ഞ പരിഷ്‌കരണമാണിത്. കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനങ്ങള്‍ ഇതിനെതിരെ ഒറ്റകെട്ടായി സമരമുഖത്തുണ്ടെന്നും ചെന്നിത്തല പറഞ്ഞു. വയനാട് എംപി രാഹുല്‍ഗാന്ധി അടക്കമുള്ള നേതാക്കള്‍ വിഷയത്തില്‍ ശക്തമായ ഇടപെടലാണ് നടത്തുന്നതെന്നും പൂര്‍ണമായ യാത്രാ നിരോധനത്തില്‍ ആശങ്കയിലായ കര്‍ഷക കര്‍ഷകര്‍ നടത്തിയ ലോങ്മാര്‍ച്ച് അടക്കമുള്ള പ്രക്ഷോഭങ്ങള്‍ക്ക് നേരേ അധികൃതര്‍ കണ്ണടയ്ക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദേശീയപാത 766 ലെ രാത്രിയാത്രാ നിരോധനം നീക്കണമെന്നാവശ്യപ്പെട്ടുള്ള സംയുക്ത സമരസമിതിയുടെ അനിശ്ചിതകാല നിരാഹാര സമരം ഏഴാം ദിവസവും തുടരുകയാണ്. രാത്രിയിലെ ഗതാഗത നിരോധനം പകലും കൂടി നീട്ടാനുള്ള ശ്രമത്തെ ചെറുക്കാന്‍ കൂടിയാണ് വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തില്‍ വയനാട്ടില്‍ പ്രതിഷേധം ആരംഭിച്ചത്. അഞ്ച് യുവനേതാക്കളാണ് ഉപവാസം ആരംഭിച്ചത്. ദേശീയ പാതയില്‍ കഴിഞ്ഞ 10 വര്‍ഷമായി നിലനില്‍ക്കുന്ന രാത്രി യാത്രാ നിരോധനത്തിനെതിരെ കേരളം നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനെതിരേ നിരോധനം പകലും കൂടി നീട്ടാമോയെന്ന് വനം പരിസ്ഥിതി മന്ത്രാലയത്തോട് സുപ്രീംകോടതി ആരാഞ്ഞിരുന്നു. നിലവില്‍ രാത്രി കാലത്ത് ഉപയോഗിക്കുന്ന മാനന്തവാടി- കുടക് വഴിയുള്ള ബദല്‍ റോഡ് ദേശീയ പാതയാക്കിയ ശേഷം ബന്ദിപ്പൂര്‍ വഴിയുള്ള പാത പൂര്‍ണമായും അടയ്ക്കുന്നതിനെ കുറിച്ചും സുപ്രീംകോടതി നിര്‍ദ്ദേശം തേടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button