KeralaLatest NewsNews

പൊലീസുകാരെ ക്രൂരമായി മര്‍ദ്ദിച്ചു : രണ്ട് പട്ടാളക്കാരടക്കം നാല് പേര്‍ അറസ്റ്റില്‍

തൊടുപുഴ: പൊലീസുകാരെ ക്രൂരമായി മര്‍ദ്ദിച്ചു, രണ്ട് പട്ടാളക്കാരടക്കം നാല് പേര്‍ അറസ്റ്റില്‍. മദ്യ ലഹരിയിലാണ് എസ്ഐ ഉള്‍പ്പെടെയുള്ള പൊലീസുകാരെ നാലംഗ സംഘം ആക്രമിച്ചത്. തൊടുപുഴ ടൗണില്‍ ഇന്നലെ രാത്രിയാണ് സംഭവം. രാത്രി പതിനൊന്നരയോടെ തൊടുപുഴ ടൗണിലെ ബാറിന് മുന്നില്‍ നാല് പേര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയപ്പോഴാണ് പൊലീസിന് നേരെയും ആക്രമണമുണ്ടായത്.

എസ്ഐ എംപി സാഗറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സ്ഥലത്തെത്തിയത്. ഇവരെ പിടിച്ചു മാറ്റുന്നതിനിടെ സംഘം എസ്ഐ ഉള്‍പ്പെടെുള്ളവരെ മര്‍ദിക്കുകയായിരുന്നു. തൊടുപുഴ സ്വദേശികളായ പുത്തന്‍പുരയില്‍ കൃഷ്ണ കുമാര്‍, കാരക്കുന്നേല്‍ അരുണ്‍ ഷാജി, സഹോദരന്‍ അമല്‍ ഷാജി, തൊട്ടിപ്പറമ്പില്‍ വിഷ്ണു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
ഇതില്‍ കൃഷ്ണകുമാര്‍ കരസേനയിലെ അസിസ്റ്റന്റ് നഴ്സും, അരുണ്‍ ഷാജി സാങ്കേതിക വിഭാഗത്തിലുള്ളയാളുമാണ്. ഉത്തരേന്ത്യയില്‍ ജോലി ചെയ്യുന്ന ഇവര്‍ അവധിക്ക് നാട്ടിലെത്തിയതായിരുന്നു. എസ്ഐ എംപി സാഗര്‍, ഡ്രൈവര്‍ രോഹിത് എന്നിവര്‍ക്കാണ് മര്‍ദനത്തില്‍ പരുക്കേറ്റത്. ഇരുവരും ആശുപത്രിയില്‍ ചികിത്സ തേടി.

പൊലീസ് സംഘം ഏറെ പണിപ്പെട്ടാണ് സംഘത്തെ പിടികൂടിയത്. പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, ആക്രമണം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസ് എടുത്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button