Latest NewsNewsIndia

കഞ്ചാവ് കേസ് പ്രതി കസ്റ്റഡിയില്‍ മരിച്ച സംഭവം; പോസ്റ്റ്‌മോര്‍ട്ടം നാളെ

 

തൃശ്ശൂര്‍: എക്‌സൈസ് കസ്റ്റഡിയിലിരിക്കെ മരിച്ച മലപ്പുറം സ്വദേശി രഞ്ജിത്ത് കുമാറിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. കഞ്ചാവ് കേസില്‍ കസ്റ്റഡിയിലിരിക്കെയാണ് രഞ്ജിത്ത് മരിച്ചത്. ഇയാളുടെ പോസ്റ്റ്‌മോര്‍ട്ടം നാളെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ നടക്കും. എക്‌സൈസ് കസ്റ്റഡിയില്‍ മര്‍ദനം നടന്നിട്ടില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.

രാവിലെ ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയത്. വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് നാളെ പോസ്റ്റ്‌മോര്‍ട്ടം നടത്തുക. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വരുന്നതോടെ രഞ്ജിത്തിന്റെ മരണകാരണം സംബന്ധിച്ച വ്യക്തത വരുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. കസ്റ്റഡിയില്‍ മര്‍ദനം നടന്നിട്ടില്ലെന്നാണ് പ്രാഥമിക നിഗമനമെങ്കിലും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമാകും ഇക്കാര്യത്തില്‍ വ്യക്തത വരുക.

കഴിഞ്ഞ ദിവസം ഗുരുവായൂരില്‍ രണ്ടു കിലോ കഞ്ചാവുമായി രഞ്ജിത്ത് എക്‌സൈസിന്റെ പിടിയിലായത്. ഗുരുവായൂരില്‍ നിന്ന് തൃശ്ശൂരിലേക്ക് കൊണ്ടുവരുന്നതിനിടെ ഇയാള്‍ക്ക് അപസ്മാരമുണ്ടായെന്നും ഉടന്‍ ആശുപത്രിയിലെത്തിച്ചുവെന്നുമാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ ആശുപത്രയിലെത്തുമ്പോള്‍ ജീവനുണ്ടായിരുന്നില്ലെന്നും ശരീരം നനഞ്ഞിരുന്നുവെന്നും ഡോക്ടര്‍ വ്യക്തമാക്കിയിരുന്നു. മലപ്പുറം, തൃശൂര്‍ ജില്ലകളിലായി രഞ്ജിത്തിന്റെ പേരില്‍ നിരവധി കേസുകളുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button