Latest NewsNewsIndia

ഫ്‌ളക്‌സ് ബോര്‍ഡ് വീണ് യുവതി മരിച്ച സംഭവം; കാറ്റിനെ കുറ്റം പറഞ്ഞ് അണ്ണാ ഡിഎംകെ നേതാവ്

ചെന്നൈ: റോഡരികില്‍ സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ് ബോര്‍ഡ് തകര്‍ന്നു വീണ് ഐടി ജീവനക്കാരിയായ യുവതി മരിച്ച സംഭവത്തില്‍ കുറ്റക്കാരന്‍ കാറ്റാണെന്ന് എഐഎഡിഎംകെ നേതാവ് സി പൊന്നയ്യന്‍. ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയാണ് സി. പൊന്നയ്യന്‍ ഈ വിചിത്ര വാദമുന്നയിച്ചത്. യുവതി മരിച്ച സംവത്തില്‍ ആര്‍ക്കെതിരെയെങ്കിലും കേസെടുക്കാന്‍ കഴിയുമെങ്കില്‍ അത് കാറ്റിനെതിരെയാണെന്ന് പൊന്നയ്യന്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ മരണത്തില്‍ മറ്റാര്‍ക്കും ഉത്തരവാദിത്തമില്ലെന്നും അദ്ദേഹം പറഞ്ഞു. യുവതിയുടെ മരണത്തെ തുടര്‍ന്ന് അനധികൃതമായി ഹോര്‍ഡിംഗ് സ്ഥാപിച്ചതിന് എഐഎഡിഎംകെ നേതാവ് ജയഗോപാലിനെ അറസ്റ്റ് ചെയ്തിരുന്നു.

പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ബാനര്‍ സ്ഥാപിച്ചയാള്‍ക്ക് ഉത്തരവാദിത്തമില്ലെന്നും മരണത്തിന്റെ ഉത്തരവാദിത്തം കാറ്റിനാണെന്നും പൊന്നയ്യന്‍ പറഞ്ഞു. സംഭവം പാര്‍ട്ടിയുടെ സല്‍പേരിന് കളങ്കമുണ്ടാക്കിയോ എന്ന ചോദ്യത്തിനാണ് പൊന്നയ്യന്റെ വിചിത്രമായ പ്രതികരണം.

സെപ്റ്റംബര്‍ 12നാണ് യുവതിയുടെ മരണത്തിനിടയാക്കിയ അപകടം നടന്നത്. ശുഭശ്രീ രവി എന്ന ഐടി ജീവനക്കാരി സ്‌കൂട്ടറില്‍ സഞ്ചരിക്കവെ ഫ്‌ളക്‌സ് ബോര്‍ഡ് വീണ് അപകടത്തില്‍പ്പെട്ട് മരിക്കുന്നത്. മുഖ്യമന്ത്രി ഇ പളനിസ്വാമി, മുന്‍ മുഖ്യമന്ത്രി ജയലളിത എന്നിവരുടെ ചിത്രമടങ്ങിയ കൂറ്റന്‍ ബോര്‍ഡ് പെണ്‍കുട്ടിയുടെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. സംഭവം തമിഴ്‌നാട്ടില്‍ വലിയ പ്രക്ഷോഭത്തിന് ഇടയാക്കിയിരുന്നു. തമിഴ്‌നാട്ടിലെ ചലച്ചിത്ര-സാമൂഹിക രംഗത്തെ പ്രമുഖര്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. അനധികൃതമായി ഹോര്‍ഡിംഗുകള്‍ സ്ഥാപിക്കുന്നതിനെതിരെ മദ്രാസ് ഹൈക്കോടതിയും രംഗത്തെത്തിയിരുന്നു. 2017 ലും സമാനമായ രീതിയിലുള്ള മരണം നടന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button