Life StyleHome & Garden

വീട് പണിയാം കീശ കാലിയാകാതെ ; ഇതാ ചില സൂപ്പര്‍ ടിപ്‌സ്

 

വീടുപണി തുടങ്ങിയാല്‍ പിന്നെ പലര്‍ക്കും ആധിയാണ്. കയ്യില്‍നിന്ന് പൈസ പോകുന്ന വഴി അറിയില്ല എന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. പലപ്പോഴും കടംവാങ്ങിയും സ്ഥലം പണയപ്പെടുത്തിയുമൊക്കെയാണ് പലരും വീടുപണി പൂര്‍ത്തിയാക്കുന്നതും. എന്നാല്‍ കൃത്യമായ പ്ലാനിങ്ങോടു കൂടി വീടു പണിതാല്‍ ചെലവ് ഗണ്യമായി കുറയ്ക്കാം. ഇതില്‍ സൗകര്യങ്ങള്‍ കുറയ്ക്കുക എന്ന് അര്‍ത്ഥമില്ല, മറിച്ച് ബജറ്റിലൊതുങ്ങുന്ന രീതിയില്‍ എല്ലാ സൗകര്യങ്ങളോടും കൂടിത്തന്നെ വീട് പണിയാം. ഇതാ ചില ടിപ്‌സ്.

വീടുകളില്‍ ബെഡ്‌റൂം അത്യാവശ്യത്തിന് മാത്രം മതി. അത്യാവശ്യം കിടപ്പുമുറികളും ഒന്നിലധികം ഉപയോഗമുള്ള മള്‍ട്ടി പര്‍പ്പസ് മുറികളും പണിയുന്നതാണ് നല്ലത്. വര്‍ഷത്തില്‍ ഏറിപ്പോയാല്‍ പത്തോ പന്ത്രണ്ടോ തവണയൊക്കെയാണ് അതിഥികളും മറ്റും വീട്ടില്‍ വരുന്നത്. അങ്ങനെ വല്ലപ്പോഴും എത്തുന്ന അതിഥികള്‍ക്കു വേണ്ടി ലക്ഷങ്ങള്‍ ചെലവഴിച്ച് ആര്‍ഭാടം നിറഞ്ഞ ഗസ്റ്റ് റൂം ഒരുക്കുന്നത് പാഴ്‌ചെലവാണ്.

വീടിന്റെ അടുക്കളയ്ക്ക് ഫുട്‌ബോള്‍ കോര്‍ട്ടിന്റെ വലുപ്പം വേണമെന്നില്ല. ഉള്ള കിച്ചന്‍ വൃത്തിയോടെയും ഒതുക്കത്തോടെയും സൂക്ഷിക്കുന്നതിലുമാണ് കാര്യം. ചിലയിടങ്ങളില്‍ ഷോ കിച്ചന്‍, വര്‍ക്കിങ് കിച്ചന്‍, വര്‍ക്ക് ഏരിയ, സ്റ്റോര്‍ റൂം എന്നിങ്ങനെ നാലും അഞ്ചും സ്പെയ്സുകള്‍ ചേരുന്നതാണ് കിച്ചന്‍. യഥാര്‍ത്ഥത്തില്‍ ഇത്രയേറെ സ്ഥലം ആവശ്യമില്ല. എല്ലാം കയ്യെത്തും ദൂരത്ത് കിട്ടുന്ന രീതിയില്‍ ക്രമീകരിക്കുന്നതാണ് വീട്ടമ്മമാരുടെ സമയം ലാഭിക്കാന്‍ നല്ലത്. ആവശ്യത്തിന് സ്റ്റോറേജ് സ്പെയ്സുള്ള ഒരു കിച്ചനും വര്‍ക്ക് ഏരിയയും ഉണ്ടെങ്കില്‍ തന്നെ കാര്യങ്ങള്‍ സുഗമമാകും.

ഫോള്‍സ് സീലിങ് അത്യാവശ്യത്തിനു മാത്രം നല്‍കുക. ബീമുകള്‍ സീലിങ്ങിന്റെ ഭംഗി നശിപ്പിക്കുന്നിടത്തും ചൂട് കുറയ്ക്കാനും ശബ്ദം പ്രതിരോധിക്കാനും ഭംഗിയുള്ള ലൈറ്റിങ് നല്‍കാനുമൊക്കെയാണ് ഫാള്‍സ് സീലിങ് നല്‍കുന്നത്. എല്ലാ സ്‌പെയ്‌സുകളിലും ഫാള്‍സ് സീലിങ്ങിന്റെ ആവശ്യമില്ല. തേക്കിന്റെ വാതില്‍ തന്നെ വേണമെന്നില്ല. ഇത് നിര്‍മാണച്ചെലവ് വര്‍ധിപ്പിക്കും.

പേവ്‌മെന്റ് ടൈലുകള്‍ പലരും സ്റ്റാറ്റസ് സിംബല്‍ പോലെയാണ് ഉപയോഗിക്കുന്നത്. മുറ്റത്ത് കാട് പിടിക്കാതിരിക്കാന്‍ വേണ്ടി ചെയ്യുന്ന ഈ ടൈലുകള്‍ ഭൂമിയിലേക്ക് വെള്ളമിറങ്ങുന്നതിന് തടസ്സം സൃഷ്ടിക്കുന്നു. ഒപ്പം പണച്ചെലവും ഉണ്ടാക്കുന്നു.

ഗ്ലാസിന്റെ ഉപയോഗം കഴിയുന്നത്ര കുറയ്ക്കാം. ഗ്ലാസ് വാതില്‍, പാര്‍ട്ടീഷന്‍, പര്‍ഗോളയ്ക്കു മുകളില്‍ എന്നു തുടങ്ങി ഇന്നത്തെ കന്റംപ്രറി വീടുകളില്‍ എവിടെയും ഗ്ലാസ് കാണാം. വെയിലിന്റെ ദിശ നോക്കിയല്ല ഗ്ലാസിന്റെ ഉപയോഗമെങ്കില്‍ അതു തന്നെ പിന്നീട് ബുദ്ധിമുട്ടാവും. ഇത് വീടിനുള്ളിലെ ചൂട് വര്‍ദ്ധിപ്പിക്കാനേ ഉപകരിക്കു.

വീടിന്റെ നാലു ചുറ്റും സണ്‍ഷെയ്ഡ് വേണ്ട. ജനലുകള്‍ക്ക് മുകളില്‍ മാത്രം സണ്‍ഷെയ്ഡ് നല്‍കാം. അതിനുതന്നെ കട്ടയും സിമെന്റും വേണമെന്നില്ല. വീടിന്റെ ഡിസൈനു ചേരുന്ന രീതിയില്‍ ഇരുമ്പു ഫ്രെയിമും റൂഫിങ് ഷീറ്റും പോലുള്ള മെറ്റീരിയലുകള്‍ ഉപയോഗിച്ചാല്‍ കാഴ്ചയ്ക്കു ഭംഗി തോന്നുന്നതിനൊപ്പം ചിലവും കുറയ്ക്കാം.

ഭിത്തികള്‍ പരമാവധി കുറയ്ക്കാം. അടുക്കളയ്ക്കും വര്‍ക്ക് ഏരിയയ്ക്കും ഇടയില്‍ നീക്കിയിടാവുന്ന ഷെല്‍ഫ് ക്രമീകരിച്ചാല്‍ വലുപ്പം ആവശ്യാനുസരണം ക്രമീകരിക്കാം. അതുപോലെ തന്നെ ലിവിങ്, ഡൈനിങ്, ഫാമിലി ലിവിങ് എന്നീ സ്‌പെയ്‌സുകള്‍ക്ക് ഇടയില്‍ അധികം ഭിത്തികള്‍ ഇല്ലാതിരിക്കുന്നതാണു നല്ലത്. സെമീ പാര്‍ട്ടീഷന്‍ വാളുകളാണ് ഇവിടെ ഉചിതം. സ്‌പെയ്‌സുകളെ വേര്‍തിരിക്കാന്‍ ഭിത്തി കെട്ടാന്‍ വേണ്ട ചെലവ് ലാഭിക്കുന്നതിനൊപ്പം തന്നെ ഉള്ള റൂം വിശാലമായി തോന്നാനും ഇത് സഹായിക്കും.

പെയിന്റ് ചെയ്യുമ്പോള്‍ കടുംനിറങ്ങള്‍ ഒഴിവാക്കാം. വെളുത്ത നിറത്തിന്റെ ഭംഗി മറ്റൊന്നിനും ഇല്ല. നിറപ്പകിട്ടു വേണം വീടിന് എന്നാണെങ്കില്‍ ഒന്നോ രണ്ടോ ചുമരുകള്‍ കടുംനിറങ്ങളാല്‍ ഹൈലൈറ്റ് ചെയ്യാം. ഫര്‍ണിഷിങ് മെറ്റീരിയലുകളും കളര്‍ ഫുള്‍ ആക്കാം. പല നിറത്തിലുള്ള പെയിന്റുകള്‍ വാങ്ങാന്‍ പോയാല്‍ ചെലവ് കൂടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button