Latest NewsKeralaNews

മൂന്ന് വയസുകാരിയുടെ പേരില്‍ ചികിത്സാ സഹായം അഭ്യര്‍ത്ഥിച്ച് വന്‍ തട്ടിപ്പ് : ദമ്പതികള്‍ അറസ്റ്റില്‍

ഹരിപ്പാട്: മൂന്ന് വയസുകാരിയുടെ പേരില്‍ ചികിത്സാ സഹായം അഭ്യര്‍ത്ഥിച്ച് വന്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ദമ്പതികള്‍ ഉള്‍പ്പെടെ നാലുപേര്‍ പോലീസ് പിടിയില്‍. നങ്ങ്യാര്‍ക്കുളങ്ങര ജങ്ഷന് കിഴക്ക് റെയില്‍വേ ക്രോസില്‍ ഓട്ടോ നിര്‍ത്തിയിട്ട് ചികിത്സാ സഹായത്തിന് പണപ്പിരിവ് നടത്തിയ നാല് പേരാണ് പിടിയിലായത്. ഗാന്ധിഭവന്‍ സ്‌നേഹവീട്ടിലെ പ്രവര്‍ത്തകരും പത്തിയൂര്‍ സ്വദേശിയും സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് പുറത്തായത്.

പത്തിയൂര്‍ ആറാം വാര്‍ഡില്‍ മൂന്ന് വയസുകാരി അനശ്വരയുടെ അര്‍ബുദ രോഗത്തിന് പണം സ്വരൂപിക്കുന്നുവെന്ന ബോര്‍ഡ് വെച്ചാണ് തഴവ സ്വദേശികളായ ഇവര്‍ തട്ടിപ്പ് നടത്തിയത്.

ബോര്‍ഡില്‍ ആറാം വാര്‍ഡ് മെമ്പറുടെ ഉള്‍പ്പടെ ഫോണ്‍ നമ്പരും വെച്ചിരുന്നു. സമഭാവന പ്രവര്‍ത്തകര്‍ ഈ നമ്പരില്‍ മെമ്പറെ ബന്ധപ്പെട്ടപ്പോള്‍ ഇവര്‍ അറിയാതെയാണ് പണപ്പിരിവെന്ന് അറിഞ്ഞു.

ഇതിന്റെ അടിസ്ഥാനത്തില്‍ വാര്‍ഡ് മെമ്പര്‍ കരീലക്കുളങ്ങര പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ നാല് പേരെ കസ്റ്റഡിയിലെടുത്തു.

തഴവ കേന്ദ്രീകരിച്ചുള്ള ചാരിറ്റബിള്‍ സൊസൈറ്റിയുടെ പേരിലാണ് പണപ്പിരിവ് നടത്തിവന്നത്. പ്രവര്‍ത്തകര്‍ ചികിത്സാസഹായം ആവശ്യമായ കുട്ടിയുടെ വീട് അന്വേഷിച്ചപ്പോള്‍ പരസ്പര വിരുദ്ധമായി മറുപടി നല്‍കിയതിനാല്‍ സംശയം തോന്നിയാണ് കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button