Latest NewsArticleNews

ശബരിമല വിമാനത്താവളം; ദുരൂഹതകൾ ഇനിയും ബാക്കി, സർക്കാർ നീക്കം സംശയാസ്പദം: യോഹന്നാന്റെ മുന്നിൽ സിപിഎം കീഴടങ്ങിയോ ? മുതിർന്ന മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ് എഴുതുന്നു

എരുമേലിയിൽ ബിഷപ്പ് യോഹന്നാന്റെ കൈവശമുള്ള ചെറുവള്ളി എസ്റ്റേറ്റിൽ തന്നെ വിമാനത്താവളം സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ. സംസ്ഥാന മന്ത്രിസഭാ അക്കാര്യം തീരുമാനിച്ചു എന്നതാണ് പുറത്തുവന്നിട്ടുള്ള വാർത്തകൾ. രാജ്യമെമ്പാടും ചെറു വിമാനത്താവളങ്ങൾ തുടങ്ങാനുള്ള കേന്ദ്ര സർക്കാർ പദ്ധതിയിൻകീഴിലാവണം ഇതും വരുന്നത്. ശബരിമലയോട് ചേർന്ന് ഒരു വിമാനത്താവളം എന്നതാണ് ഉദ്ദേശ്യമെന്ന് വ്യക്തം. ഇതൊക്കെ സ്വാഗതം ചെയ്യപ്പെടേണ്ടുന്ന കാര്യമാണ് എങ്കിലും സർക്കാർ അധീനതയിലുള്ളത് എന്ന് കരുതുന്നതും അതേസമയം സ്വകാര്യ വ്യക്തി കൈവശം വെച്ചിട്ടുള്ളതുമായ എസ്റ്റേറ്റിൽ വിമാനത്താവളം വരുന്നത് സംശയങ്ങൾക്ക് വഴിവെക്കുന്നുണ്ട്. അക്കാര്യത്തിൽ സംസ്ഥാന സർക്കാർ നൽകുന്ന വിശദീകരണങ്ങൾ സംശയങ്ങൾ ദൂരീകരിക്കാൻ പ്രാപ്തമായുള്ളതല്ല. എസ്റ്റേറ്റ് ഉടമകൾ എന്ന് പറയുന്ന ബിഷപ്പ് യോഹന്നാനും സംഘവും അവകാശ വാദവുമായി രംഗത്ത് വന്നതും ശ്രദ്ധിക്കേണ്ടതാണ്.

ഏതാനും മംസംമുമ്പ് പുതിയ വിമാനത്താവളം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ദൽഹിയിൽ കേന്ദ്ര വ്യോമയാന മന്ത്രിയെയും മറ്റും കണ്ട് ചർച്ചകൾ നടത്തിയിരുന്നു. ആറന്മുള വിമാനത്താവള പദ്ധതി പ്രതിഷേധത്തെത്തുടർന്നും വിവാദങ്ങളെത്തുടർന്നും ഉപേക്ഷിക്കപ്പെട്ടപ്പോൾ മറ്റൊന്നിനെക്കുറിച്ചുള്ള ചിന്തകൾ ഉയർന്നുവന്നത് സ്വാഭാവികം. ആറന്മുളയിലേത് പരിസ്ഥിതി സംബന്ധിയായ പ്രശ്നങ്ങളായിരുന്നു; അല്ലാതെ ശബരിമല തീത്ഥാടകർക്കായി ഒരു വിമാനത്താവളം എന്ന ചിന്തക്ക് എതിരായിരുന്നില്ല. കുമ്മനം രാജശേഖരനും മറ്റുമാണ് അന്ന് ആ പദ്ധതിയിലെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയതും പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയതും. പിന്നീടത് ഒരു സർവരുടെയും പ്രശ്നമായി മാറുന്നതും കേരളം കണ്ടു. ശബരിമലയിലേക്ക് എത്തുന്ന തീർത്ഥാടകരുടെ ആവശ്യങ്ങൾ പരിഗണിക്കുക എന്നതുമാത്രമല്ല മധ്യതിരുവിതാംകൂറിലെ വലിയൊരു ഭാഗം എൻആർഐ-കളുടെ ആഗ്രഹവും പുതിയ വിമാനത്താവള പദ്ധതിക്ക് പിന്നിലുണ്ട്. ” സ്ഥലം തീരുമാനിക്കൂ, അതിനുശേഷം അനുമതി നൽകുന്ന കാര്യം പരിശോധിക്കാം………… ” എന്നാണ് അന്ന് കേന്ദ്രമന്ത്രി മുഖ്യമന്ത്രിയോട് പറഞ്ഞത് . കേന്ദ്രസർക്കാരിന് ഇക്കാര്യത്തിൽ തുറന്ന മനസാണ് എന്നതുവ്യക്തം. ഇപ്പോൾ കേരളാ സർക്കാർ സ്ഥലം തീരുമാനിച്ചിരിക്കുന്നു. പക്ഷെ അത് നിയമ കോടതി തർക്കങ്ങളിൽ പെട്ടു കിടക്കുന്നു എന്നത് വിമാനത്താവള പദ്ധതിയെ ബാധിക്കുമെന്ന് തീർച്ചയാണ്.

ശബരിമലയോട് അടുത്ത്, അതേസമയം മധ്യതിരുവിതാംകൂർ മേഖലയിൽ ……. ഇതാണ് സ്വാഭാവികമായും എരുമേലിയും യോഹന്നാന്റെ എസ്റ്റേറ്റും പരിഗണിക്കപ്പെടാനുള്ള കാരണം . ശബരിമല തീർത്ഥാടകർ വർഷത്തിൽ മുഴുവൻ കാലവുമുണ്ടാവില്ല. അതുകൊണ്ട് വിദേശത്തുള്ള മലയാളികളെ ആകർഷിക്കുന്നതാവണം വിമാനത്താവളത്തിന്റെ കേന്ദ്രം. സ്വാഭാവികമായും എരുമേലി അതിനുപറ്റിയ സ്ഥലമാണുതാനും. ശബരിമലയോട് ചേർന്നുള്ള തീത്ഥാടനകേന്ദ്രമാണത്. എരുമേലി ഒരു പിന്നാക്ക മേഖലയുമാണ്. അവിടെയൊക്കെ വികസനമെത്തുന്നത് എന്തുകൊണ്ടും നല്ലതാണ് . എരുമേലിയിൽ നിന്ന് ശബരിമലക്ക് 46 കിലോമീറ്റർ മാത്രമേയുള്ളൂ. അവിടെനിന്ന്‌ കാനന പാതയിലൂടെ ശബരിമലയിലേക്ക് പോകുന്ന പരമ്പരാഗത പാതയുമുണ്ട് . വനത്തിലൂടെ ആ വഴിയാണ് ദശാബ്ദങ്ങൾക്കുമുന്പ് തീർത്ഥാടകർ എത്തിയിരുന്നത്. ആ വഴി ഉപയോഗിക്കുന്നവർ, പ്രത്യേകിച്ചും ഈ മണ്ഡലം -മകരവിളക്ക് തീർത്ഥാടന കാലത്ത്‌, ഇന്നും ആയിരങ്ങളുണ്ട്. അതുകൊണ്ട് എരുമേലി എന്തുകൊണ്ടും അനുയോജ്യം എന്നതിൽ രണ്ടഭിപ്രായമില്ല.

എന്നാൽ അവിടെയാവാം വിമാനത്താവളം എന്ന് തീരുമാനിക്കാൻ അല്ലെങ്കിൽ ആലോചിക്കാനുള്ള കാരണമാണ് പ്രശ്നം. അത് നിസാര പ്രശ്നമല്ല . അതാണിപ്പോൾ കോടതി കയറുന്നത്. ഹാരിസൺ മലയാളം വക ഒരു പഴയ എസ്റ്റേറ്റ് അവിടെയുണ്ടായിരുന്നു. കണക്കനുസരിച്ചു അത് ഏതാണ്ട് 2,263 ഏക്കർ വരും. ഹാരിസൺ മലയാളത്തിന്റെ അധീനതയിലുള്ള അനധികൃത എസ്റേറ്റുകളിൽ ഒന്നാണിത്. അതെല്ലാം സർക്കാർ ഭൂമിയാണ് എന്നത് സർക്കാർ കണ്ടെത്തിയതാണ്. സർക്കാർ പാട്ടത്തിന് നൽകിയതും പാട്ടക്കാലാവധി പൂർത്തിയായതുമാണ് എന്നർഥം. അതിനുശേഷം അതിൽ ചിലതെല്ലാം വിറ്റുപോയി. അങ്ങിനെയാണ് വിവാദ ബിഷപ്പ് കെപി യോഹന്നാന്റെ ബിലീവേഴ്‌സ് ചർച്ച് ചെറുവള്ളി എസ്റ്റേറ്റ് സ്വന്തമാക്കുന്നത്. സർക്കാർ ഭൂമി ക്രയവിക്രയം ചെയ്യാൻ ആർക്കെങ്കിലും അവകാശമോ അധികാരമോ ഉണ്ടോ എന്നതാണ്‌ നിയമപ്രശ്നം. പക്ഷെ ആയിരക്കണക്കിന് കോടികളുടെ ഇടപാടാണ് ; അത് നടന്നു. അങ്ങിനെ ചെറുവള്ളി എസ്റ്റേറ്റ് ബിഷപ്പ് യോഹന്നാന്റെ കയ്യിലായി. യോഹന്നാന്റെ ശക്തിയും സ്വാധീനവുമാണ് അതിലേക്കൊക്കെ വഴിവെച്ചത് എന്നതാർക്കാണ് അറിയാത്തത്.

ഇനി കെപി യോഹന്നാനെക്കുറിച്ച് കേരളത്തിന് നന്നായി അറിയാം. പെന്തക്കോസ്ത് മിഷനിലെ ആൾക്കാരെപ്പോലെ കഴിയുന്നത്ര ഹിന്ദുക്കളെ മതം മാറ്റാനായി മുന്നിട്ടിറങ്ങിയ ആളാണ് അദ്ദേഹമെന്നതാണ് ഒരു വലിയ ആക്ഷേപം. മധ്യ തിരുവിതാംകൂർ, തിരുവല്ല, ആണ് അദ്ദേഹത്തിന്റെ പ്രവർത്തന കേന്ദ്രം. അമേരിക്കയിലെ നേറ്റീവ് അമേരിക്കൻ സതേൺ ബാപ്റ്റിസ്റ്റ് ചർച്ചിന്റെ ഭാഗമായിരുന്നു ആദ്യം. കുറച്ചുകാലം അമേരിക്കയിലായിരുന്നു അദ്ദേഹത്തിന്റെ താമസവും പ്രവർത്തനവും. പിന്നീട് അതിന്റെ തന്നെഭാഗമായി തിരുവല്ലയിലെത്തി. അക്കാലത്താണ് ഏറ്റവുമധികം മത പരിവർത്തനങ്ങൾ ആ പ്രദേശത്തുനടന്നത് എന്നത് എല്ലാ ഹിന്ദു സംഘടനകളും ഉന്നയിച്ചുപോന്ന ആക്ഷേപമാണ്. ഒരു പക്ഷെ, എസ്എൻഡിപി യോഗവും അതിന്റെ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും അത് പരസ്യമായി പലവട്ടം പറയുകയും ചെയ്തു. ആ പ്രദേശത്തെ എസ്എൻഡിപി പ്രവർത്തനങ്ങളെ തന്നെ ബാധിക്കുന്നവിധത്തിലേക്ക് മതപരിവർത്തനം നടന്നു എന്നതും വസ്തുതയാണ്‌ . ഈഴവർ മാത്രമല്ല ഹിന്ദു സമൂഹത്തിലെ എല്ലാ തുറകളിലും പെട്ടവർ യോഹന്നാന്റെ കുൽസിത നീക്കങ്ങൾക്ക് വിധേയമായിട്ടുണ്ട്. ശബരിമലക്ക് സമീപമുള്ള വനവാസി സഹോദരങ്ങളും അന്ന് സതേൺ ബാപ്റ്റിസ്റ്റ് ചർച്ചിന്റെ പിടിയിലകപ്പെട്ടിരുന്നു എന്നതും മറന്നുകൂടാ. എങ്ങിനെയും എന്തുവിലകൊടുത്തും ഏതുവിധത്തിലും മതപരിവർത്തനം നടത്തലായിരുന്നു ലക്‌ഷ്യം. പിന്നീട് സതേൺ ബാപ്റ്റിസ്റ്റ് ചർച്ചിൽ നിന്ന് പിരിഞ്ഞുകൊണ്ട് സ്വന്തമായി ഒരു സഭയ് ക്കുതന്നെ അദ്ദേഹം രൂപം നൽകി. സ്വയം ബിഷപ്പായി അവരോധിക്കപ്പെടുന്ന വ്യക്തി. അദ്ദേഹത്തിന്റേതാണ് ഗോസ്പൽ ഫോർ ഏഷ്യ. ഇന്നത് ഒരു വലിയ ക്രൈസ്തവ സാമ്രാജ്യം തന്നെയാണ്.

മറ്റൊന്ന്, സതേൺ ബാപ്റ്റിസ്റ്റ് ചർച്ചിന്റെ അധിപനായി ഇന്ത്യയിലുള്ളപ്പോഴും പിന്നീടും ഇവിടേക്കുകടന്നുവന്ന വിദേശപണം സംബന്ധിച്ച ആക്ഷേപങ്ങളാണ്. കോടിക്കണക്കിന് രൂപ അക്കാലത്തു് ഇവിടെ വാരിവിതറിയിരുന്നു എന്നുപറയുന്നതാവും ശരി. പണമെറിഞ്ഞുകൊണ്ട്‌ എന്തും നേടാനാവുമെന്ന ഒരു ചിന്ത അതിന്റെയൊക്കെ പിന്നിലുണ്ടായിരുന്നു. കേന്ദ്രത്തിലെ വാജ്‌പേയി സർക്കാരിന്റെ കാലത്താണ്, അത്തരത്തിലുള്ള ചില സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച സൂചനകൾ ലഭിച്ചപ്പോൾ അത് വാർത്തയാക്കാനും മറ്റും ശ്രമിച്ചതോർക്കുന്നു. അക്കാലത്ത്‌ ചില കേന്ദ്ര ഏജൻസികളുടെ ഇടപെടലുമുണ്ടായി. ബാങ്ക് അക്കൗണ്ട് പരിശോധനയും മറ്റും നടന്നു. ഇന്നിപ്പോഴും അത്തരം അനവധി ആക്ഷേപങ്ങൾ ഉയരുന്നുണ്ട് എന്നത് മറന്നുകൂടാ. വിദേശ ഫണ്ട് വന്നത് ഒരു ഘട്ടത്തിൽ കേന്ദ്ര സർക്കാർ തേടഞ്ഞുവെച്ചതും നാമൊക്കെ കേട്ടതാണ്. ഒരർഥത്തിൽ ‘കരിമ്പട്ടികയിൽ’ പെടുത്തേണ്ടുന്ന ബിഷപ്പാണ് യോഹന്നാൻ എന്ന് കരുതുന്നവർ വിവിധ കേന്ദ്ര ഏജൻസികളിൽ ഉണ്ട് എന്നതാണ് വസ്തുത. അത്തരമൊരാൾ കാര്യങ്ങൾ വ്യക്തമാക്കി സുതാര്യമായി പൊതുരംഗത്തുവന്നാൽ തള്ളിപ്പറയണം എന്നല്ല. അത്തരമൊരു ശ്രമം ആ ബിഷപ്പിൽനിന്നും ഇനിയും ഉണ്ടാവേണ്ടിയിരിക്കുന്നു.

ഇനി ചെറുവള്ളി എസ്റ്റേറ്റിന്റെ കാര്യത്തിലേക്ക് മടങ്ങി വരാം. ബിഷപ്പ് യോഹന്നാൻ ഹാരിസൺ മലയാളത്തിൽ നിന്നുവാങ്ങിയതാണ് അത് ഏറ്റെടുക്കാൻ സർക്കാർ ശ്രമിച്ചപ്പോഴുണ്ടായ ഉത്തരവ് സർക്കാരിന് സഹായകരമായിരുന്നില്ല. വീണ്ടും കീഴ്കോടതിയെ സമീപിച്ചു അവകാശം സ്ഥാപിക്കാൻ സർക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു എന്നാണ് സർക്കാർ പറയുന്നത്. റവന്യു മന്ത്രിയുടെ വാക്കുകളിൽ കണ്ടതുമതാണ്. സർക്കാർ ഭൂമിയാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെ ഹാരിസണും യോഹന്നാനുമൊക്കെ കോടതിയിൽ പോയിരുന്നു. എന്നാൽ സർക്കാർ ഭൂമിയാണത് എന്ന വിധി ഇനിയും ലഭിച്ചിട്ടില്ല എന്നാണ് മനസിലാക്കുന്നത്. അതുകൊണ്ടാണല്ലോ കേന്ദ്ര ഭൂമി ഏറ്റെടുക്കാൻ വ്യവസ്ഥകൾ പ്രകാരം കോടതിയിൽ പണം കെട്ടിവെച്ചുകൊണ്ട് സ്ഥലമേറ്റെടുക്കാനുള്ള നീക്കം സർക്കാർ നടത്തുമെന്ന് പറയുന്നത്. എന്നാൽ അതിലൊരു റിസ്ക് നിലനിൽക്കുന്നുണ്ട്. കോടതിവിധി എതിരായാൽ സർക്കാരിന് പണം നഷ്ടമാവും. വേറൊന്ന്, ഈ കേസുകൽ ഇനിയും സുപ്രീം കോടതിവരെ പോകാനുമിടയുണ്ട്. അതൊക്കെ സർക്കാരിന് അറിയാത്തതാണ് എന്ന് കരുതുകവയ്യ. അതാണ് സംശയങ്ങൾ തോന്നിപ്പിക്കുന്നതും. സിപിഎമ്മും ബിഷപ്പ് യോഹന്നാനും തമ്മിലെ ബന്ധം എല്ലാവർക്കുമറിയാമല്ലോ. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് കാലഘട്ടത്തിലും മറ്റും അത് നാമൊക്കെ കണ്ടതുമാണ്. അപ്പോൾ സംശയം എന്താണ് എന്നതല്ലേ? സിപിഎമ്മും യോഹന്നാനും തമ്മിലെ ധാരണയാണോ ഇത് എന്നതാണത്.

സാമ്പത്തികമായി വലിയ പ്രതിസന്ധിയിലാണ് ആ ബിഷപ്പും അദ്ദേഹത്തിന്റെ സാമ്രാജ്യവുമെന്നത് എല്ലാവരും പറയുന്നു. അപ്പോൾ സ്വാഭാവികമായും സർക്കാരുമായി, സിപിഎമ്മുമായി പ്രത്യേകിച്ചും ഒരു ഏറ്റുമുട്ടലിനു അദ്ദേഹം തയാറാവുമെന്ന് കരുതിക്കൂടാ. പിന്നെന്താണ് ഇപ്പോൾ കാണിക്കുന്നത്? പരസ്യ പ്രസ്താവനകൾ നടത്തുക, അതേസമയം തന്നെ അവരുമായി സിപിഎം ഒരു കരാറുണ്ടാക്കുക……. അങ്ങിനെ നടന്നാലോ? ഉണ്ടാവില്ല എന്ന് പറയാൻ പലർക്കുമാവുമെന്ന് തോന്നുന്നില്ല. കോടതി കേസുകളിൽ തോറ്റുകൊടുത്ത ചരിത്രം എത്രയോ കേരളത്തിനുണ്ട്?

ഇവിടെ അടുത്തിടെ നടന്ന ഒരു കാര്യം ഓർമ്മിപ്പിക്കേണ്ടതുണ്ട്. കൊച്ചി മെട്രോക്കായി എറണാകുളത്ത്‌ കളമശ്ശേരിയിലെ പഴയ പ്രീമിയർ ടയേഴ്സിന്റെ ( ഇപ്പോൾ അത് അപ്പോളോ ടയേഴ്‌സ്) കുറച്ചുസ്ഥലം ഏറ്റെടുത്തിരുന്നു. അതിന്റെ പണം നല്കാൻ പോയവേളയിൽ അത് സർക്കാർ പാട്ടത്തിനു നൽകിയ ഭൂമിയാണ് എന്ന് കണ്ടെത്തി. വർഷങ്ങൾക്കുമുൻപ് വ്യവസായം തുടങ്ങാനായി സർക്കാർ പ്രീമിയർ ടയേഴ്സിന് സൗജന്യമായി നൽകിയതാണ് ആ ഭൂമി മുഴുവൻ. പിന്നീട് അതിൽ നിന്ന് സർക്കാർ ഒരു ഭാഗം സർക്കാരിന്റെ ആവശ്യത്തിനായി ഏറ്റെടുക്കുമ്പോൾ പണം നൽകുന്നത് ശരിയല്ലല്ലോ. അവിടെയും അപ്പോളോ ടയേഴ്സിന് പണം നല്കാൻ നീക്കമുണ്ടായി. പക്ഷെ കൊച്ചി മെട്രോ അധികൃതർ ഇടപെട്ടതിനാൽ അതുനടന്നില്ല. ഇതിന്നിപ്പോൾ ചെറുവള്ളി എസ്റ്റേറ്റിന്റെ കാര്യത്തിലും ഇത് ബാധകമാണ് എന്നത് മുഖ്യമന്ത്രിക്ക് അറിയാതെവരില്ല . ആരെയും കയ്യിലാക്കാനുള്ള കരുത്ത്‌ , പലവിധത്തിലും ഉള്ളയാളാണ്, യോഹന്നാൻ എന്ന് സാധാരണ കേട്ടിട്ടുണ്ട്. അതൊക്കെ മുഖ്യമന്ത്രിയും മനസിലാക്കിയിരിക്കും എന്നെ സൂചിപ്പിക്കുന്നുള്ളൂ.

ഈ വിമാനത്താവള പദ്ധതി സംബന്ധിച്ച ആദ്യ വാർത്ത വന്നത് ‘മെട്രോ വാർത്ത’യിലാണ്. രണ്ടര വർഷം മുൻപുതന്നെ. വി റെജികുമാർ ആയിരുന്നു അത് തയ്യാറാക്കിയത്. അന്ന് റെജികുമാർ പറഞ്ഞത് ഇങ്ങനെയാണ്…… ” ഇങ്ങനെയൊക്കെ നടന്നാൽ സ്വന്തമായി ഒരു എയർപോർട്ട് ഉള്ള ആദ്യ ബിഷപ്പായി കെ.പി. യോഹന്നാൻ മാറും..! ശബരിമലയ്ക്ക് വേണ്ടി എയർപോർട്ട് ഉണ്ടാക്കിയ ബിഷപ്പ് എന്ന പദവിയും കിട്ടും..!!”. കാര്യങ്ങൾ അതിലേക്കാണോ നീങ്ങുന്നത്?. എസ്റ്റേറ്റിന്റെ പണം ബിഷപ്പിന്റെ ഷെയർ ആയി മാറുമെന്ന കണക്കുകൂട്ടൽ തന്നെയാവണം ആ വാർത്തക്ക് അടിസ്ഥാനം. ഇവിടെ കാര്യങ്ങൾ ഇനിയും വ്യക്തമാവേണ്ടതുണ്ട്. വിമാനത്താവളം വേണം, അതിന്‌ ചെറുവള്ളി എസ്റ്റേറ്റ് യോഗ്യമാണ്….. പക്ഷെ, അത് സർക്കാരിന്റെ ഭൂമിയാണ് എന്നത് മറന്നുകൂടാ. ഇവിടെ കാര്യങ്ങൾ വ്യക്തമാക്കേണ്ടത് സിപിഎമ്മാണ്,മുഖ്യമന്ത്രിയാണ്, സർക്കാരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button