KeralaLatest NewsNews

ടിക്കറ്റിതര വരുമാനം കൂട്ടാനുള്ള റെയില്‍വെയുടെ തീരുമാനം വിജയകരം : മൂന്ന് മണിക്കൂറിന് കിട്ടിയത് അരലക്ഷം രൂപ

കൊച്ചി: കൊച്ചിന്‍ ഹാര്‍ബര്‍ ടെര്‍മിനസ് റെയില്‍വേ സ്റ്റേഷന്‍ കുറേ നേരത്തേക്ക് ഡിന്നര്‍ ഹാളായി മാറി. ടിക്കറ്റിതര വരുമാനം കൂട്ടാനുളള റെയില്‍വേയുടെ ശ്രമത്തിന്റെ ഭാഗമായി കൊച്ചിന്‍ ഹാര്‍ബര്‍ ടെര്‍മിനസ് റെയില്‍വേ സ്റ്റേഷന്‍ സ്വകാര്യ ചടങ്ങിന് വിട്ടു നല്‍കി. രാജ്യത്തെ ഫൈവ് സ്റ്റാര്‍, സെവന്‍ സ്റ്റാര്‍ ഹോട്ടലുകളിലെ പര്‍ച്ചേസ് മാനേജര്‍മാരുടെ ദേശീയ സമ്മേളനത്തിന്റെ ഭാഗമായാണ് റെയില്‍വേ തീമിലുളള ഡിന്നറിനു ഹാര്‍ബര്‍ സ്റ്റേഷന്‍ വേദിയായത്. ഇതോടെ സ്വകാര്യ ചടങ്ങിനു വാടകയ്ക്ക് നല്‍കുന്ന രാജ്യത്തെ ആദ്യ സ്റ്റേഷനായി ടെര്‍മിനസ് മാറി.

ട്രെയിന്‍ സര്‍വീസ് ഇല്ലാത്തതിനാല്‍ കാടു കയറി നശിക്കുന്ന സ്റ്റേഷന്‍ പുനര്‍ജീവിപ്പിക്കാനുളള ശ്രമങ്ങളുടെ ഭാഗമായാണ് സ്റ്റേഷന്‍ സ്വകാര്യ ചടങ്ങുകള്‍ക്കും മറ്റു പരിപാടികള്‍ക്കും വിട്ടു നല്‍കുന്നത്. ട്രെയിന്‍ അനൗണ്‍സ്മെന്റ്, ട്രെയിനുകളിലെ പോലെ ട്രോളികളില്‍ ഭക്ഷണ വിതരണം, ബുക്ക് സ്റ്റാളുകള്‍, പോര്‍ട്ടര്‍മാര്‍ തുടങ്ങി റെയില്‍വേ സ്റ്റേഷനിലെ ഒരു ദിവസം അതേ പോലെ പുനഃസൃഷ്ടിച്ചായിരുന്നു പരിപാടികള്‍. ഗ്രീനിക്സ് വില്ലേജ് ഡയറക്ടര്‍ സ്റ്റാലിന്‍ ബെന്നി, ക്രിയേറ്റീവ് ഡയറക്ടര്‍ സരിത ബാബു എന്നിവരാണ് പരിപാടി ഏകോപിപ്പിച്ചത്.

വില്ലിങ്ടണ്‍ ഐലന്‍ഡിന്റെയും സ്റ്റേഷന്റെയും ചരിത്രവും അതിഥികള്‍ക്കു മുന്നില്‍ അവതരിപ്പിച്ചു. റെയില്‍വേയുമായി ബന്ധപ്പെട്ട പാട്ടുകളും നൃത്ത രംഗങ്ങളും പരിപാടിക്കു കൊഴുപ്പേകി. സമ്മേളനത്തിനെത്തിയ നാനൂറോളം പ്രതിനിധികള്‍ ഓട്ടോകളിലാണു സ്റ്റേഷനിലെത്തിയത്. 25 വര്‍ഷം മുന്‍പുളള കേരളം എന്ന തീമിലാണു സമ്മേളനത്തിന്റെ ഓരോ ദിവസവും വ്യത്യസ്ത വേദികള്‍ ഒരുക്കിയത്. സ്റ്റേഷന്‍ 3 മണിക്കൂര്‍ സമയം വിട്ടു നല്‍കിയപ്പോള്‍ 50,000 രൂപയാണ് തിരുവനന്തപുരം ഡിവിഷന് വാടക ഇനത്തില്‍ ലഭിച്ചത്.

ആദ്യ സംരംഭം വിജയമായതോടെ, തുടര്‍ന്ന് വിവാഹ ഫോട്ടോ ഷൂട്ട്, ബര്‍ത്ത്ഡേ പാര്‍ട്ടികള്‍, പ്രദര്‍ശനങ്ങള്‍ എന്നിവയ്ക്ക് ഹാര്‍ബര്‍ ടെര്‍മിനസും ഹൈക്കോടതിക്ക് പുറകിലുളള ഓള്‍ഡ് റെയില്‍വേ സ്റ്റേഷനും വാടകയ്ക്കു നല്‍കും. രണ്ടു സ്റ്റേഷനുകളുടെയും ചരിത്ര പ്രാധാന്യവും ട്രെയിന്‍ സര്‍വീസുകളില്ലാത്തതിനാല്‍ പ്ലാറ്റ്ഫോം ഉള്‍പ്പെടെയുളള സൗകര്യങ്ങള്‍ ഉപയോഗിക്കാമെന്നതും നേട്ടമാകും. ഇതിനാവശ്യമായ അനുമതികള്‍ എറണാകുളം ഏരിയ മാനേജര്‍ ഓഫിസില്‍ നിന്ന് ലഭിക്കുമെന്ന് ഏരിയ മാനേജര്‍ നിതിന്‍ നോര്‍ബര്‍ട്ട് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button