KeralaLatest NewsNews

കൂടത്തായി കൊലപാതക പരമ്പര വെല്ലുവിളി; കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കുമെന്ന് ഡിജിപി

കോഴിക്കോട്: കൂടത്തായിയിലെ കൊലപാതക പരമ്പരയില്‍ കേസന്വേഷണം വന്‍ വെല്ലുവിളിയാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. വര്‍ഷങ്ങള്‍ നീണ്ട കൊലപാതക പരമ്പരയില്‍ തെളിവ് ശേഖരിക്കുകയായിരിക്കും കേരള പോലീസിന് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളിയെന്നും കേസില്‍ വിദഗ്ധരുടെ സഹായം ആവശ്യമായതിനാല്‍ കൂടുതല്‍ മിടുക്കരായ ഉദ്യോഗസ്ഥരെ അന്വേഷണത്തിന് നിയോഗിക്കുമെന്നും ബെഹ്‌റ വ്യക്തമാക്കി. ഇന്ന് രാവിലെ മൂന്ന് കൊലപാതകങ്ങള്‍ നടന്ന പൊന്നാമറ്റം വീട്ടില്‍ നേരിട്ടെത്തി ബെഹ്‌റ പരിശോധന നടത്തിയിരുന്നു.

അതേസമയം ജോളിയെ നേരിട്ട് ചോദ്യം ചെയ്യുമോ എന്നതുള്‍പ്പെടെയുള്ള കേസിലെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ ബെഹ്‌റ തയ്യാറായില്ല. വിഷാംശത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആവശ്യമെങ്കില്‍ ഈ സാംപിളുകള്‍ വിദേശത്തേയ്ക്ക് അയച്ച് വിദഗ്ധ പരിശോധനകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും മിടുക്കരായ ഫൊറന്‍സിക് വിദഗ്ധരെക്കൊണ്ടാണ് സാംപിളുകള്‍ പരിശോധിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടത്തായി കൊലപാതക പരമ്പരയിലെ ആറ് കൊലപാതകങ്ങളും ആറ് കേസുകളായിത്തന്നെയാണ് അന്വേഷിക്കുക. ഓരോ കേസും അന്വേഷിച്ച് കൃത്യമായ തെളിവുകള്‍ ശേഖരിക്കും. 17 വര്‍ഷങ്ങള്‍ മുമ്പാണ് ആദ്യ കൊലപാതകം നടന്നത്. അവസാന കൊലപാതകം 2016-ലും. കേസില്‍ ദൃക്‌സാക്ഷികളുണ്ടാകില്ല. സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും കൃത്യമായി കോര്‍ത്തെടുത്ത് കേസില്‍ കുറ്റപത്രം തയ്യാറാക്കണം. ആറ് കേസുകള്‍ക്കും ആറ് ടീമുകളുണ്ട്. അതിന് മേല്‍നോട്ടം വഹിക്കാന്‍ മറ്റൊരു ടീമും വേണം. എന്തായാലും നിലവിലുള്ള എണ്ണം മതിയാകില്ലെന്ന് വ്യക്തമായിട്ടുണ്ട്. കൂടുതല്‍ അംഗങ്ങളെ, അതും മിടുക്കരായ ഉദ്യോഗസ്ഥരെത്തന്നെ നിയോഗിക്കും – ബെഹ്‌റ പറഞ്ഞു.

ഇത്തരം ഒരു കേസുണ്ടെന്ന് കണ്ടെത്തിയതിന്റെ ക്രെഡിറ്റ് എസ്പിക്ക് തന്നെയാണെന്നും അത് ഒരു വലിയ ക്രെഡിറ്റാണെന്നും ഓരോ ഘട്ടത്തിലും വിശദാംശങ്ങള്‍ കണ്ടെത്തിയത് നേട്ടമായി എന്നും ഡിജിപി പറഞ്ഞു. എന്നാല്‍ കോടതിയില്‍ ഈ തെളിവുകള്‍ മതിയാകില്ലെന്നും കൃത്യമായ വിവരങ്ങള്‍ തന്നെ വേണമെന്നും ജോളിയുടെ കസ്റ്റഡി കോടതി അനുവദിച്ചതിനാല്‍ പരമാവധി അവരില്‍ നിന്ന് നേരിട്ട് വിവരങ്ങളെടുക്കാനാണ് ശ്രമിക്കുന്നതെന്നും ബെഹ്‌റ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button