Latest NewsNewsIndia

ബിര്‍ഭം കൂട്ടക്കൊലക്കേസ് : കൊല്ലപ്പെട്ട സ്‌കൂള്‍ അധ്യാപകന്റെ സുഹൃത്തിലേയ്ക്ക് സംശയമുന : അന്വേഷണം വഴിത്തിരിവില്‍

കൊല്‍ക്കത്ത : ബിര്‍ഭം കൂട്ടക്കൊലക്കേസ് അന്വേഷണം വഴിത്തിരിവിലേയ്ക്ക്. കൊല്ലപ്പെട്ട സ്‌കൂള്‍ അധ്യാപകന്റെ സുഹൃത്തിലേയ്ക്ക് അന്വേഷണം കേന്ദ്രീകരിച്ച് പൊലീസ് സംഘം . കൊല്ലപ്പെട്ട ബന്ധുപ്രകാശ് പാലിന്റെ സുഹൃത്തും ബിസിനസ് പാര്‍ട്ട്ണറുമായ സൗവിക് ബണികിന് നേരെയാണ് ഇപ്പോള്‍ അന്വേഷണം നീളുന്നത്. മാരകായുധങ്ങളുമായി ജിയാഗഞ്ജിലെ ലേബു ബാഗാനിലുള്ള പാലിന്റെ വീട്ടിലേക്ക് കയറിവന്ന അജ്ഞാതര്‍ പാലിനെയും, പത്‌നി ബ്യൂട്ടിയെയും, അഞ്ചുവയസുള്ള മകന്‍ അംഗനെയും വെട്ടിക്കൊലപ്പെടുത്തിയിരുന്നു.

ബന്ധുപ്രകാശ് പാല്‍ ബിര്‍ഭമിലെ ഒരു പ്രൈമറി സ്‌കൂളില്‍ അധ്യാപകനായിരുന്നുവെങ്കിലും നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിങ്ങില്‍ അധിഷ്ഠിതമായ എന്തോ ബിസിനസ് കൂടി അദ്ദേഹം ചെയ്തു പോന്നിരുന്നതായി ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു. പ്രസ്തുത ബിസിനസിലെ പാര്‍ട്ട്ണര്‍ ആണ് പാലിന്റെ സ്‌നേഹിതന്‍ കൂടിയായ ബണിക്. ചെയിന്‍ മാര്‍ക്കറ്റിങ് ബിസിനസിന്റെ പേരും പറഞ്ഞ് ആളുകളെ വഞ്ചിച്ചതിന് ബണിക്കിന്റെ പേരില്‍ ഇതിനുമുമ്പും കേസുകള്‍ ഉണ്ടായിട്ടുണ്ട് എന്ന് പൊലീസും പറയുന്നുണ്ട്. കൊലപാതകം നടന്നപാടേ അപ്രത്യക്ഷനായ ബണിക് അടക്കം നിരവധിപേരെ പൊലീസ് കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്തു വരികയാണ്. വാടകക്കൊലയാളികളാണ് കൃത്യം ചെയ്തത് എന്ന സംശയത്തിന്റെ പേരില്‍ പൊലീസ് നിരവധി ഇടങ്ങളില്‍ റെയ്ഡുകളും നടത്തുന്നുണ്ട്.

പാലിന്റെയും ബണിക്കിന്റെയും നിരവധി ബന്ധുക്കളെ ചോദ്യം ചെയ്തതില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് എത്തിയിരിക്കുന്ന പ്രാഥമിക നിഗമനം ഇതൊക്കെയാണ്. പാല്‍ സ്വന്തംസമ്പാദ്യത്തില്‍ നിന്നും, ഭാര്യ ബ്യൂട്ടിയുടെ പേരില്‍ ബാങ്കില്‍ നിന്ന് കടമെടുത്ത പണത്തില്‍ നിന്നും ഒക്കെ വലിയ തുകകള്‍ ബിസിനസിനായി ബണികിനെ ഏല്‍പ്പിച്ചിരുന്നു. ആ പണം, പറഞ്ഞ സമയത്ത് തിരികെ നല്‍കാത്തതിന്റെ പേരില്‍ മുമ്പ് പലപ്പോഴും, ബണിക്കും പാലും തമ്മില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. ബണിക്ക് ആണ് കൊലപാതകങ്ങള്‍ക്ക് പിന്നില്‍ എന്ന് തെളിയിക്കാനുള്ള പഴുതടച്ച തെളിവുകള്‍ ഇനിയും കിട്ടിയിട്ടില്ല എങ്കിലും അന്വേഷണം ത്വരിതഗതിയില്‍ പുരോഗമിക്കുന്നുണ്ട് എന്ന് പൊലീസ് പറഞ്ഞു. പോലീസും സിഐഡിയും ചേര്‍ന്നാണ് അന്വേഷണം

shortlink

Related Articles

Post Your Comments

Related Articles


Back to top button