Latest NewsNewsIndia

അനധികൃതമായി കുഴിച്ച കിണറുകളില്‍ നിന്നും ജലം മോഷ്ടിച്ച് വില്‍പ്പന നടത്തി; നാല് പേര്‍ക്കെതിരെ കേസ്

മുംബൈ: ഭൂഗര്‍ഭജല സ്രോതസ്സുകള്‍ സംരക്ഷിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്നാലെ ആദ്യ ഭൂഗര്‍ഭജല മോഷണ കേസ് മഹാരാഷ്ട്രയില്‍. അനധികൃതമായി കുഴിച്ച കിണറുകളില്‍ നിന്ന് ജലം മോഷ്ടിച്ചതിന് മുംബൈയിലെ ആസാദ് മൈതാന്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കല്‍ബദേവി പ്രദേശത്താണ് സംഭവം. മൂന്ന് വാട്ടര്‍ ടാങ്കര്‍ ഓപ്പറേറ്റര്‍മാര്‍ക്കും കിണര്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ഉടമകള്‍ക്കും ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെയാണ് കേസ്. ഇവര്‍ 11 വര്‍ഷമായി ജലമോഷണം നടത്തിയിരുന്നുവെന്നാണ് കണ്ടെത്തല്‍.

ടാങ്കര്‍ ഒന്നിന് 1200 രൂപ നിരക്കില്‍ 6.1 ലക്ഷം ടാങ്കര്‍ വെള്ളമാണ് പ്രതിവര്‍ഷം ഇവര്‍ വില്‍പ്പന നടത്തിയിരുന്നത്. ഏകദേശ കണക്കുകള്‍ പ്രകാരം 11 വര്‍ഷം കൊണ്ട് 73.19 കോടി രൂപയുടെ കിണര്‍ വെള്ളം മോഷ്ടിച്ചുവെന്ന് എഫ്‌ഐആറില്‍ ആരോപിക്കുന്നു. ഇവര്‍ കിണര്‍ കുഴിച്ചത് അനധികൃത വൈദ്യുതി കണക്ഷന്‍ ഉപയോഗിച്ചാണെന്നും കണ്ടെത്തിയിട്ടുണ്ട്.

വിവരാവകാശ പ്രവര്‍ത്തകനായ സുരേഷ് കുമാര്‍ ധോക സമര്‍പ്പിച്ച രേഖകളില്‍ ടാങ്കര്‍ ഓപ്പറേറ്റര്‍മാരും സ്ഥലഉടമകളും നടത്തിയ നിയമലംഘനം ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത് പ്രകാരം ഭൂഉടമകളായ തിരുപ്രസാദ് നാനാലാല്‍ പാണ്ഡ്യ, ഇദ്ദേഹത്തിന്റെ കമ്പനി ഡയറക്ടര്‍മാരായ പ്രകാശ് പാണ്ഡ്യ, മനോജ് പാണ്ഡ്യ, ടാങ്കര്‍ ഓപ്പറേറ്റര്‍മാരായ അരുണ്‍ മിശ്ര, ശ്രാവണ്‍ മിശ്ര, ധീരജ് മിശ്ര എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ മുനിസിപ്പാലിറ്റി വിതരണം ചെയ്യുന്ന ജലം മോഷ്ടിച്ച കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഭൂഗര്‍ഭജല മോഷണം ഇതുവരെ കണ്ടെത്തിയിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button