KeralaNews

പ്രായം തളര്‍ത്താത്ത പോരാട്ടവീര്യം; 96ന്റെ പടികടന്ന് രാഷ്ട്രീയ കേരളത്തിന്റെ വിപ്ലവ സൂര്യന്‍

‘തല നരയ്ക്കുവതല്ലെന്റെ വൃദ്ധത്വം
തല നരയ്ക്കാത്തതല്ലെന്റെ യൗവ്വനം’

ഈ വരികള്‍ അക്ഷരംപ്രതി ശരിയാകുന്ന ഒരു നേതാവുണ്ട് നമ്മുടെ കേരളത്തില്‍. മറ്റാരുമല്ല, രാഷ്ട്രീയ കേരളത്തിന്റെ വിപ്ലവ സൂര്യന്‍ സഖാവ് വിഎസ് അച്യുതാനന്ദന്‍.
രാഷ്ട്രീയ ഭേതമന്യേ് മലയാളികള്‍ ഹൃദയത്തിലേറ്റിയ വിഎസ് ഇന്ന് 96-ാം ജന്മദിനം ആഘോഷിക്കുകയാണ്. വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വിഎസ് ഇന്ന് കേരളത്തില്‍ ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും ജനസമ്മതിയുളള നേതാവാണെന്ന കാര്യം രാഷ്്ട്രീയം മറന്ന് പലര്‍ക്കും അംഗീകരിക്കേണ്ടി വരും. അടിയുറച്ച നിലപാടുകളും തിരുത്താന്‍ തയ്യാറാകാത്ത തീരുമാനങ്ങളുമാണ് വി എസ് എന്ന ജനനായകനെ പ്രിയപ്പെട്ടതാക്കുന്നതും.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം പഠിക്കുന്നതിന് മുന്‍പ് തന്നെ നാം വിഎസിനെ മനസിലാക്കണം. ഇല്ലെങ്കില്‍ ആ ചരിത്രം പൂര്‍ണമാകില്ല. ആലപ്പുഴ നോര്‍ത്ത് പുന്നപ്ര വേലിക്കകത്ത് വീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും നാലു മക്കളില്‍ നാലാമനായി 1923 ഒക്ടോബര്‍ 20നാണ് വിഎസിന്റെ ജനനം. നന്നേ ചെറുപ്പത്തില്‍ തന്നെ പോരാട്ടവീര്യവും ന്ിശ്ചയദാര്‍ഢ്യവും അദ്ദേഹത്തിന് കൈമുതലായിരുന്നു. 16 വയസ്സു മുതല്‍ വിപ്ലവ പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. തൊഴിലാളി പ്രസ്ഥാനങ്ങളിലൂടെ പൊതുപ്രവര്‍ത്തനങ്ങളില്‍ സജീവമായ അദ്ദേഹം പിന്നീട് 1957ല്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റില്‍ അംഗത്വം നേടി. 1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ കോണ്‍ഗ്രസ്സില്‍ നിന്നിറങ്ങി വന്ന് 32 പേര്‍ ചേര്‍ന്ന് പാര്‍ട്ടി രൂപീകരിച്ചതില്‍ ഇന്നു ജീവിച്ചിരിക്കുന്ന ഏക വ്യക്തിയും വി എസ് അച്ചുതാനന്ദനാണ്. ഒപ്പം നിന്ന പലരും കുതികാല്‍വെട്ടിയപ്പോഴും തന്റെ ഉറച്ച നിലപാടുകള്‍ തന്നെയായിരുന്നു അദ്ദേഹത്തെ വ്യത്യസ്തനാക്കിയതും. മറ്റൊരാളില്‍ നിന്നല്ല അദ്ദേഹം പാഠങ്ങള്‍ ഉള്‍ക്കൊണ്ടത്. സ്വന്തം ജീവിതവും അനുഭവങ്ങളും തന്നെയായിരുന്നു ഈ നേതാവിന്റെ സര്‍വകലാശാല. വിഎസ് കാത്തു സൂക്ഷിച്ച നിലപാടുകളും പോരാട്ട വഴികളുമാണ് ഇന്ന് അദ്ദേഹത്തിന് പിന്നാലെ സംഘടനയിലേക്ക് നടന്നടുത്ത പ്രവര്‍ത്തകരുടെ ഏറ്റവും വലിയ മൂലധനം.

പാര്‍ട്ടിയും വിഎസുമായുള്ള യോജിപ്പും വിയോജിപ്പുകളുമായിരുന്നു പലപ്പോഴും രാഷ്ട്രീയ കേരളത്തിലെ ചര്‍ച്ചാവിഷയം. അച്ചടക്കത്തിന്റെ വേലിക്കെടുകള്‍ തകര്‍ത്ത് വിഎസ് സധൈര്യം മുന്നേറിയപ്പോള്‍ പിന്നാലെ അച്ചടക്ക നടപടികളുമെത്തി. താക്കീത്, ശാസന, പരസ്യ ശാസന, പാര്‍ട്ടി സ്ഥാനങ്ങളില്‍നിന്നു നീക്കം ചെയ്യല്‍, സസ്‌പെന്‍ഷന്‍, പുറത്താക്കല്‍ എന്നിങ്ങനെ ആറുതരം അച്ചടക്ക നടപടികളില്‍ ആദ്യം ലഭിച്ചതു തരംതാഴ്ത്തലായിരുന്നു. വിഎസിനെ സെക്രട്ടേറിയറ്റില്‍നിന്നു നീക്കി. 1966ല്‍ ഇന്ത്യാ – ചൈന സംഘര്‍ഷമുണ്ടായപ്പോള്‍ പൂജപ്പുര ജയിലിലായിരുന്ന അച്യൂതാനന്ദന്റെ നേതൃത്വത്തില്‍ രാജ്യരക്ഷാ ഫണ്ടിനു സംഭാവന നല്‍കാനും ഇന്ത്യന്‍ സൈനികര്‍ക്കു രക്തം ദാനം ചെയ്യാനും തീരുമാനിച്ചതായിരുന്നു ഈ നടപടിക്കിടയാക്കിയത്. പിന്നീട് അത്തരം താക്കീതുകളും അച്ചടക്കനടപടികളുമൊന്നും അദ്ദേഹത്തെ ബാധിച്ചതേയില്ല. വിഎസ് ധീരതയോടെ തലയുയര്‍ത്തി തന്നെ എല്ലാം നേരിട്ടു. ഇന്നും തന്റെ ഉറച്ച നിലപാടുകളോടെ, പോരാട്ടത്തിന്റെ അണയാത്ത ജ്വാലയായി 96-ാം വയസിലും തളരാത്ത വീര്യമായി വിഎസ് യാത്ര തുടരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button