Latest NewsNewsFootball

കേരള ബ്ലാസ്റ്റേഴ്സ് കൊച്ചി വിടാന്‍ ആലോചിക്കുന്നുവെന്ന വാർത്ത; സർക്കാരിന്റെ നിലപാട് ഇങ്ങനെ

തിരുവനന്തപുരം: കേരള ബ്ലാസ്റ്റേഴ്സ് ഹോം ഗ്രൗണ്ടായ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം വിടാന്‍ ആലോചിക്കുന്നുവെന്ന വാർത്ത തെറ്റാണെന്ന് വ്യക്തമാക്കി സംസ്ഥാന കായിക മന്ത്രി ഇ.പി ജയരാജന്‍.ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ലോകത്തെ തന്നെ ഏറ്റവും വലിയ ആരാധകവൃന്ദങ്ങളില്‍ ഒന്നായി മാറാന്‍ ബ്ലാസ്‌റ്റേഴ്‌സിനെ പിന്തുണയ്ക്കുന്നവര്‍ക്ക് സാധിച്ചിട്ടുണ്ട്. ഐ.എസ്.എല്‍ അധികൃതര്‍ക്കും കൊച്ചി പ്രിയപ്പെട്ട വേദിയാണ്. എതിരാളികളായ ടീമുകളുടെ പോലും പ്രശംസ നേടിയവരാണ് മഞ്ഞപ്പടയെന്നെന്നും അതുകൊണ്ട് തന്നെ ഐ.എസ്.എല്ലിന്റെ നടത്തിപ്പിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാന്‍ ആവശ്യമായ എല്ലാ ഇടപെടലിനും സര്‍ക്കാര്‍ തയ്യാറാണെന്നും ഇ.പി ജയരാജന്‍ പറയുകയുണ്ടായി.

Read also: മുൻ ബ്ലാസ്റ്റേഴ്സ് താരം മുഹമ്മദ് റാഫി ക്ലബിലേക്ക് തിരികെയെത്തി

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

കേരളത്തില്‍ ഏറെ ആരാധകരുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ് ഹോം ഗ്രൗണ്ടായ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം വിടാന്‍ ആലോചിക്കുന്നതായി ചില മാധ്യമങ്ങളില്‍ കണ്ടു. കളി നടത്താനുള്ള അനുമതി മുതല്‍ സുരക്ഷ വരെയുള്ള എല്ലാ കാര്യങ്ങളിലും വലിയ തടസ്സങ്ങള്‍ നേരിടുന്നതാണ് ഇതിനു കാരണമെന്ന് പറയുന്നു. കേരള കായികരംഗത്തെ സംബന്ധിച്ചും ഫുട്‌ബോള്‍ ആരാധകരെ സംബന്ധിച്ചും ആശങ്ക ഉളവാക്കുന്ന വാര്‍ത്തയാണിത്. ഐ എസ് എല്ലില്‍ കേരളത്തിന്റെ പ്രതിനിധിയായി ഒരു ടീം കളിക്കുന്നത് നാടിന് ഏറെ അഭിമാനം നല്‍കുന്നതാണ്. തിരിച്ചുവരവിന്റെ പാതയിലുള്ള കേരള ഫുട്‌ബോളിന് ആവേശംപകരുന്നതുമാണ് കൊച്ചിയിലെ ഐഎസ്എല്‍ മത്സരങ്ങള്‍. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ ഐ എസ് എല്ലിനുണ്ട്. എന്നാല്‍, ഏതാനും ചിലരുടെ പ്രവൃത്തികള്‍ സംസ്ഥാനത്തിനാകെ ചീത്തപ്പേരുണ്ടാക്കുകയാണ്.
ഏറ്റവും കൂടുതല്‍ കാണികള്‍ എത്തുന്ന ഐഎസ്എല്‍ വേദിയാണ് കൊച്ചി. ലോകം ശ്രദ്ധിച്ചു തുടങ്ങിയ ഇന്ത്യയിലെ ആദ്യ പ്രെഫഷണല്‍ ഫുട്‌ബോള്‍ ലീഗില്‍ കേരളത്തിന് നേരിട്ട് പങ്കാളികളാകാന്‍ അവസരം നല്‍കിയ ടീമാണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. ലോകത്തെ തന്നെ ഏറ്റവും വലിയ ആരാധകവൃന്ദങ്ങളില്‍ ഒന്നായി മാറാന്‍ ബ്ലാസ്‌റ്റേഴ്‌സിനെ പിന്തുണയ്ക്കുന്നവര്‍ക്ക് സാധിച്ചു. ഐ എസ് എല്‍ അധികൃതര്‍ക്കും കൊച്ചി പ്രിയപ്പെട്ട വേദിയാണ്. എതിരാളികളായ ടീമുകളുടെ പോലും പ്രശംസ നേടിയവരാണ് മഞ്ഞപ്പടയെന്ന് അറിയപ്പെടുന്ന ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍.
മത്സരങ്ങള്‍ ഏറ്റവും നല്ല രീതിയില്‍ സംഘടിപ്പിക്കപ്പെടണം. സ്‌റ്റേഡിയത്തില്‍ എത്തുന്ന കാണികള്‍ക്ക് ഏറ്റവും സൗകര്യപ്രദമായി കളി ആസ്വദിക്കാനും കഴിയണം. ഐഎസ്എല്‍ നടത്തിപ്പിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാന്‍ ആവശ്യമായ ഇടപെടലിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണ്. ഇതിനായി ബ്ലാസ്‌റ്റേഴ്‌സ് അധികൃതരുമായും കൊച്ചിയില്‍ കളിനടത്തിപ്പിന്റെ ചുമതലയുള്ള മറ്റുള്ളവരുമായും ചര്‍ച്ച നടത്തും. കളിയെയും കളിക്കാരെയും കാണികളെയും ഒരുപോലെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഉന്നതമായ കായികപാരമ്പര്യമാണ് കേരളത്തിന്റേത്. കായികരംഗത്തിന്റെ ഉന്നമനവും പ്രോത്സാഹനവുമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button