Latest NewsKeralaNews

തലസ്ഥാനം ചുറ്റാൻ ബസ്‌ ടൂർ പാക്കേജുകളുമായി ഡി.റ്റി.പി.സി

തിരുവനന്തപുരം ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ ചുറ്റാൻ ആധുനിക സീറ്റിംഗ് സൗകര്യങ്ങളോടുകൂടിയ ബസുമായി ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ. ബസിന്റെ ആദ്യയാത്ര ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫ്ളാഗ് ഓഫ് ചെയ്തു. ടൂറിസം വകുപ്പിന്റെ 24 പേർക്കിരിക്കാവുന്ന എ.സി. ബസാണ് ഡി.റ്റി.പി.സി. കണ്ടക്റ്റഡ് ടൂർ പദ്ധതിയ്ക്കായി ഉപയോഗിക്കുന്നത്. അനന്തപുരി ദർശൻ എന്ന പേരിൽ സംഘടിപ്പിക്കുന്ന സിറ്റി ടൂറിന് ഒരാൾക്ക് 500 രൂപയാണ് ഫീസ്. പത്മനാഭ സ്വാമിക്ഷേത്രം, കുതിരമാളിക, വാക്സ് മ്യൂസിയം, മ്യൂസിയം, പ്ലാനറ്റോറിയം, വേളി, ശംഖുംമുഖം, കോവളം എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് അനന്തപുരി ദർശൻ പാക്കേജിലുള്ളത്.

ഇത് കൂടാതെ ജില്ലയിലെ മറ്റു പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള ഏകദിന ടൂർ പാക്കേജുകളുമുണ്ട്. 1200 രൂപ നിരക്കിൽ പൊൻമുടി മീൻമുട്ടി ഫോറസ്റ്റ് ട്രയിൽ, കന്യാകുമാരി ത്രിവേണിസംഗമം പാക്കേജും 750 രൂപ നിരക്കിൽ നെയ്യാർ ഡാം എലിഫന്റ് സവാരി പാക്കേജുമാണ് നിലവിൽ സജ്ജമാക്കിയിട്ടുള്ളത്. പൊൻമുടി പാക്കേജിൽ മീൻമുട്ടി വെള്ളച്ചാട്ടം, പൊൻമുടി, പേപ്പാറ ഡാം എന്നീ സ്ഥലങ്ങളാണുള്ളത്. രാവിലെ എട്ടിന്് നെയ്യാർഡാം എലിഫന്റ് സഫാരി യാത്ര ആരംഭിക്കും. ഈ യാത്രയിൽ കോട്ടൂർ എലിഫന്റ് പാർക്ക്, ഡിയർ പാർക്ക്, ശിവാനന്ദ ആശ്രമം, നെയ്യാർഡാം ബോട്ടിംഗ്, ശാസ്താം പാറ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.

രാവിലെ 7.30 ന് ആരംഭിക്കുന്ന ത്രിവേണി സംഗമം യാത്രയിൽ പത്മനാഭപുരം കൊട്ടാരം, കന്യാകുമാരി വിവേകാനന്ദപ്പാറ, തിരുവള്ളുവർ പ്രതിമ, ഗാന്ധി മണ്ഡപം, ദേവീക്ഷേത്ര ദർശനം, വട്ടക്കോട്ട എന്നീ സ്ഥലങ്ങളാണുള്ളത്. ഈ മൂന്ന് പാക്കേജുകളിലും ഭക്ഷണവും ഉൾപ്പെടുത്തിയിട്ടുണ്ട്. അംഗീകൃത ടൂറിസ്റ്റ് ഗൈഡിന്റെ സേവനവും ബസിൽ ലഭ്യമാകും.

മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മിതമായ നിരക്കിൽ വാഹനം വാടകയ്ക്കും ലഭിക്കും. വരും ദിവസങ്ങളിൽ മറ്റു ജില്ലകളിലേക്ക് കൂടി വ്യാപിപ്പിച്ച ടൂർ പാക്കേജുകൾ ആരംഭിക്കാനും ടൂറിസം പ്രമോഷൻ കൗൺസിൽ പദ്ധതിയിടുന്നുണ്ട്. ഡി.റ്റി.പി.സി എക്സിക്യൂട്ടീവ് അംഗമായ ബി. സത്യൻ എം. എൽ. എ, ഡി.റ്റി.പി.സി. സെക്രട്ടറി എസ്. ബിന്ദുമണി, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button