Latest NewsIndia

അയോദ്ധ്യ വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് കോൺഗ്രസ് പറയുമ്പോഴും ഉള്ളിൽ മറ്റൊന്ന്, കേസിലെ സുപ്രീം കോടതി വിധി പാകിസ്ഥാനിലെ സുപ്രീം കോടതിയെ അനുസ്മരിപ്പിക്കുന്നതെന്ന് പാര്‍ട്ടി പത്രത്തിൽ ലേഖനം

ഡല്‍ഹി: അയോധ്യാ കേസിലെ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ്സ് പറയുമ്പോഴും വിധിയ്ക്കെതിരായി പാര്‍ട്ടി പത്രമായ നാഷണല്‍ ഹെറാള്‍ഡില്‍ ലേഖനം വന്നത് വിവാദമാകുന്നു. സംഭവം ശ്രദ്ധയില്‍ പെട്ടതോടെ ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. കേസിലെ സുപ്രീം കോടതി വിധി പാകിസ്ഥാനിലെ സുപ്രീം കോടതിയെ അനുസ്മരിപ്പിക്കുന്നതാണെന്നായിരുന്നു നാഷണല്‍ ഹെറാള്‍ഡില്‍ വന്ന ലേഖനം.

പാകിസ്ഥാന്‍ ഗവര്‍ണ്ണര്‍ ജനറലായിരുന്ന ജനറല്‍ ഗുലാം മുഹമ്മദിന്റെ ഇംഗിതത്തിന് വഴങ്ങി നിയമവിരുദ്ധമായ നടപടികള്‍ക്ക് മൗനാനുവാദം കൊടുത്ത പാകിസ്ഥാന്‍ സുപ്രീം കോടതി വിധികളെ അനുസ്മരിപ്പിക്കുന്നതാണ് അയോധ്യ കേസിലെ സുപ്രീം കോടതി വിധിയെന്ന നാഷണല്‍ ഹെറാള്‍ഡിന്റെ കാഴ്ചപ്പാട് കോണ്‍ഗ്രസ്സ് വിശദീകരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് മോത്തിലാല്‍ വോറ നാഷണല്‍ ഹെറാള്‍ഡിന്റെ ട്രസ്റ്റിമാരില്‍ ഒരാളാണ്.

രാഹുല്‍ ഗാന്ധിയുടെ അടുത്ത അനുയായിയാണ് നാഷണല്‍ ഹെറാള്‍ഡിന്റെ ദൈനംദിന കാര്യങ്ങളുടെ ചുമതല വഹിക്കുന്ന കനിഷ്ക സിംഗ്. ഇത്തരമൊരു ലേഖനം കോണ്‍ഗ്രസ്സ് നയിക്കുന്ന പത്രത്തില്‍ വന്നത് പരിതാപകരമാണെന്നും രാജ്യം മുഴുവന്‍ വിധിയെ സ്വീകരിക്കുമ്പോള്‍ കോണ്‍ഗ്രസ്സ് നിലപാടില്ലാതെ ഉഴറുകയാണെന്നും ബിജെപി വക്താവ് സംബിത് പത്ര ആരോപിച്ചു.

തുടര്‍ന്നാണ് പത്രം ലേഖനം പിന്‍വലിച്ച്‌ ക്ഷമാപണവുമായി രംഗത്തെത്തിയത്. ലേഖനം ഏതെങ്കിലും വ്യക്തിയെയോ സമൂഹത്തെയോ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായി പത്രം അറിയിച്ചു. ലേഖനത്തിലെ കാഴ്ചപ്പാടുമായി കോണ്‍ഗ്രസ്സിനോ നാഷണല്‍ ഹെറാള്‍ഡിനോ ബന്ധമില്ലെന്നും അത് ലേഖകന്റെ വ്യക്തിപരമായ കാഴ്ചപ്പാടാണെന്നും വിശദീകരണത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button