Life Style

മാനസിക പക്വതയുടെ കാര്യത്തില്‍ പുരുഷന്‍മാരേക്കാള്‍ സ്ത്രീകള്‍ മുന്‍പില്‍

സ്ത്രീയും പുരുഷനും തമ്മില്‍ ജൈവികവും സാമൂഹികവുമായി പല വ്യത്യാസങ്ങളും ഉണ്ട്. എന്നാല്‍ ഇതൊന്നും ലിംഗവിവേചനത്തിന് പാത്രമാകാതെ കരുതലോടെ മുന്നോട്ടുപോകണമെന്നുള്ളതാണ് ആരോഗ്യകരമായ സമൂഹത്തിന് എപ്പോഴും അഭികാമ്യം. പക്ഷേ, പലപ്പോഴും സ്ത്രീക്കും പുരുഷനുമിടയ്ക്കുള്ള അന്തരം വലിയ തര്‍ക്കങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കുമെല്ലാം വഴിവയ്ക്കാറുമുണ്ട്.

ശാരീരികമോ മാനസികമോ ആയ വ്യതിയാനങ്ങളുടെ പേരിലായിരിക്കാം ഈ സംഘര്‍ഷങ്ങളെല്ലാം. എന്നാല്‍ മാനസിക വ്യാപാരങ്ങളുടെ കാര്യത്തില്‍ പുരുഷനേക്കാള്‍ അല്‍പം മുന്നിലാണ് സ്ത്രീ എന്ന് പല പഠനങ്ങളും മുമ്പേ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിന് സമാനമായ ഒരു പഠനറിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

മാനസിക പക്വതയുടെ കാര്യത്തില്‍ പുരുഷന്‍മാരേക്കാള്‍ സ്ത്രീകള്‍ മുന്‍പില്‍
നാല്‍പത് കഴിയാത്ത പുരുഷന് പക്വതയെന്ന അവസ്ഥയിലേക്കെത്താന്‍ ബുദ്ധിമുട്ടാണെന്നാണ് ഈ പഠനം അവകാശപ്പെടുന്നത്. ഓക്സ്ഫര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഗവേഷകരാണ് പഠനത്തിന് പിന്നില്‍. നാല്‍പത് കടക്കും വരെ എപ്പോഴും പുരുഷനില്‍ ഒരു കുട്ടിയുണ്ടായിരിക്കുമത്രേ. ഒരുപക്ഷേ ഇതാകാം, പുരുഷന് സ്ത്രീയില്‍ എപ്പോഴും മാതൃത്വം തിരയാന്‍ തോന്നുന്നതിന് പിന്നിലെ രഹസ്യവും.

നൂറ്റിയിരുപതിലധികം സ്ത്രീകളുടേയും പുരുഷന്മാരുടേയും ബുദ്ധി വികാസത്തെ, വൈദ്യശാസ്ത്രപരമായി തന്നെ വിലയിരുത്തിയാണ് ഗവേഷകര്‍ പഠനം പൂര്‍ത്തിയാക്കിയത്. സമപ്രായക്കാരായ സ്ത്രീയിലും പുരുഷനിലും നിത്യജീവിതത്തില്‍ ബുദ്ധി പ്രവര്‍ത്തിക്കുന്നത് ഒരുപോലെയാണത്രേ. എന്നാല്‍ പുരുഷന് ചിന്തയോടെ ഓരോന്നും മനസിലാക്കാന്‍ സ്ത്രീയെക്കാള്‍ സമയം ആവശ്യമായി വരുന്നുവെന്നാണ് പഠനസംഘത്തിന്റെ കണ്ടെത്തല്‍.

ചുരുക്കിപ്പറഞ്ഞാല്‍ പുരുഷന്‍ യഥാര്‍ത്ഥത്തില്‍ പ്രായപൂര്‍ത്തിയിലെത്തുന്നത്, നാല്‍പതിലേക്ക് കയറുമ്പോഴാണെന്നാണ് ഗവേഷകരുടെ വാദം. എന്നാല്‍ സത്രീ ഇത് നേരത്തേ നേടിക്കഴിഞ്ഞിരിക്കും. അതുപോലെ നേടിയ പാകതയെ പുരുഷന് മുമ്പേ പ്രായമാകുമ്പോള്‍ സ്ത്രീ നഷ്ടപ്പെടുത്തുകയും ചെയ്യുന്നുണ്ടത്രേ.

പൊതുവേ ഏത് തരം കാര്യങ്ങളേയും ‘ഷാര്‍പ്’ ആയി സമീപിക്കാന്‍ പുരുഷനെക്കാള്‍ കഴിവ് സ്ത്രീക്ക് തന്നെയാണെന്നും പഠനം പറഞ്ഞുവയ്ക്കുന്നു. മുമ്പ് സമാനമായൊരു പഠനറിപ്പോര്‍ട്ട് മെക്സിക്കോയില്‍ നിന്നും പുറത്തുവന്നിരുന്നു. മെക്സിക്കോയിലെ ‘നാഷണല്‍ ഓട്ടോണമസ് യൂണിവേഴ്സിറ്റി’യില്‍ നിന്നുള്ള ഗവേഷകരായിരുന്നു പഠനം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button