KeralaLatest NewsNews

അനധികൃത മരുന്നുകള്‍ പിടികൂടി: പിടിച്ചെടുത്തവയില്‍ ലൈംഗികോത്തേജക മരുന്നുകളും ഷെഡ്യൂള്‍ ഒ, ഒ1 വിഭാഗത്തില്‍പ്പെട്ട മരുന്നുകളും

പാലക്കാട്•വാളയാര്‍ ഹൈവേ പോലീസിന്റെ സഹായത്തോടെ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ വാഹന പരിശോധനയില്‍ രേഖകളില്ലാതെ കണ്ടെത്തിയ അനധികൃത മരുന്നുകള്‍ പിടിച്ചെടുത്തു. മലപ്പുറം എടപ്പാള്‍ സ്വദേശിയായ പി.പി. ബഷീറാണ് ബാംഗളൂരില്‍ നിന്നും വ്യക്തമായ രേഖകളൊളൊന്നുമില്ലാതെ വിതരണത്തിനായി അനധികൃതമായി മരുന്നുകള്‍ കൊണ്ടുവന്നത്. ലൈംഗികോത്തേജക മരുന്നുകളും, വേദനാസംഹാരികളും മറ്റ് ഷെഡ്യൂള്‍ ഒ, ഒ1 വിഭാഗത്തില്‍പ്പെട്ട മരുന്നുകളും പിടിച്ചെടുത്തവയില്‍പ്പെടുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വ്യാജ മരുന്നുകള്‍ എത്തുന്നുവെന്ന പരാതിയെ തുടര്‍ന്ന് പരിശോധനകള്‍ കര്‍ശനമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് മരുന്നുകള്‍ പിടിച്ചെടുത്തത്. ഇനിയും പരിശോധനകള്‍ തുടരുമെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.

തൃശൂര്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഇന്റലിജന്‍സ് വിഭാഗം ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ എം.പി. വിനയന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പിടിച്ചെടുത്ത മരുന്നുകള്‍ക്കൊന്നും വ്യക്തമായ രേഖകളില്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ബഷീറിനെതിരെ കേസെടുത്തു. പിടിച്ചെടുത്ത മരുന്നുകളും അനുബന്ധ രേഖകളും പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. മൂന്നു വര്‍ഷം മുതല്‍ 5 വര്‍ഷം വരെ തടവും 1 ലക്ഷത്തില്‍ കുറയാത്ത പിഴയും കിട്ടാവുന്ന കുറ്റമാണിത്. വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് തുടങ്ങിയ പരിശോധന ശനിയാഴ്ച പുലര്‍ച്ചെ ഒരു മണി വരെ നീണ്ടു. പാലക്കാട് ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാരായ കെ.ആര്‍. നവീന്‍, ഇ.എന്‍. ബിജിന്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button