KeralaNews

കടലോരത്ത് ഇനി മാലിന്യങ്ങള്‍ വലിച്ചെറിയരുത്; സന്ദേശവുമായി കുട്ടിക്കൂട്ടം

നെല്ലിക്കുന്ന് കടപ്പുറം ഇന്ന് വേറിട്ടൊരു അനുഭവത്തിന് സാക്ഷിയായി. വിവിധ സ്‌കൂളുകളില്‍ നിന്നെത്തിയ ദേശീയ ഹരിതസേന, ഇക്കോ ക്ലബ്ബ് വളണ്ടിയമാരും അധ്യാപകരും ജനപ്രതിനിധികളും വിവിധ സന്നദ്ധ സംഘടനകളും കടല്‍ത്തീരം ശുചീകരിക്കാന്‍ ഒത്തു ചേര്‍ന്നു. ഈ ഭൂമിയെ മലിനീകരിക്കുന്ന ഒരു കാര്യവും ചെയ്യില്ലെന്നും മാലിന്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അവയെ നീക്കം ചെയ്യാന്‍ മുന്‍കൈയ്യെടുക്കുമെന്നും അവര്‍ ഒരേ സ്വരത്തില്‍ പ്രതിജ്ഞ ചെയ്തു. എ.യു.പി.എസ് മുള്ളേരിയയിലെ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തില്‍ പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും തുണി സഞ്ചി വിതരണം ചെയ്തു. മണ്ണിനെയും പരിസ്ഥിതിയേയും മലിനമാക്കുന്ന പ്ലാസ്റ്റിക്ക് ബാഗുകള്‍ക്ക് പകരം ഇനി മുതല്‍ തുണി സഞ്ചികള്‍ ഉപയോഗിച്ച് തുടങ്ങണമെന്ന് വളണ്ടിയമാരും അവര്‍ക്കൊപ്പം വന്ന അദ്ധ്യാപകരും ഓര്‍മ്മിപ്പിച്ചു.

നീണ്ടു കിടക്കുന്ന കടല്‍ തീരത്ത് ഇറങ്ങിയ വിദ്യാര്‍ത്തികളെ കടലിന്റെ ഭംഗിക്കപ്പുറം ആകര്‍ഷിച്ചത് ശുചീകരണ ബോധമാണ്. കടല്‍ത്തീര ശുചീകരണത്തിന് കൈയ്യുറകള്‍ ധരിച്ച് തയ്യാറായി നിന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് ജില്ലാ കളക്ടര്‍ ഒപ്പം ചേര്‍ന്നു. ഡി.ടി.പിസിയുടെ ബേക്കല്‍, കാസര്‍കോട് കോട്ടകളിലെ ശുചീകരണ തൊഴിലാളികള്‍ വലിയ ചാക്കുകളുമായി അവരെ അനുഗമിച്ച് പരിപാടിയില്‍ പങ്കാളികളായി. കോഴിക്കോട് ബേപ്പൂര്‍ ബീച്ചില്‍ പ്രവര്‍ത്തിക്കുന്ന ക്ലീനിംഗ് മെഷീനായ ബാരാക്കുടയുമായി എസ്.ഐ.സി.ഒ.എം പ്രവര്‍ത്തകരും പരിപാടിയില്‍ ഉണ്ടായിരുന്നു. നീണ്ട ഒരു മണിക്കൂര്‍ നേരം ശുചീകരണ പരിപാടികള്‍ നടന്നു.

കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ സ്വച്ച് നിര്‍മ്മല്‍ താറ്റ് അഭിയാന്റെ ഭാഗമായി ഭാരത സര്‍ക്കാര്‍ വനം പരിസ്ഥിതി വകുപ്പ് സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പ് മുഖാന്തിരം നടപ്പാക്കി വരുന്ന കടല്‍ത്തീര സംരക്ഷണ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി രാജ്യത്തെ 50 കടല്‍ തീരങ്ങള്‍ ശുചീകരിക്കുന്നതില്‍ ജില്ലയിലെ വലിയപറമ്പ് കടല്‍ത്തീരവും ഉള്‍പ്പെട്ടിരുന്നു. പദ്ധതി കേവലം ഒരു കടല്‍ത്തീരത്ത് മാത്രം ഒതുങ്ങാതെ വലിയപറമ്പ, കാപ്പില്‍, കീഴൂര്‍, നെല്ലിക്കുന്ന്, മുഞ്ചശ്വരം എന്നീ കടല്‍ത്തീരങ്ങളില്‍ കൂടി നടത്തുകയായിരുന്നു. ഒരാഴ്ചക്കാലമായി നടന്നുവരുന്ന പരിപാടിയുടെ സമാപന പരിപാടിയാണ് നെല്ലിക്കുന്ന് കടപ്പുറത്ത് നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button