Latest NewsNewsPrathikarana VedhiWriters' Corner

ആ പൊന്നുമോൾ മരിച്ചതല്ല,കൊന്നതാണ് നമ്മൾ! ആ ദാരുണമരണം നവോതാനകേരളത്തെ പല ദശാബ്ദങ്ങൾ പിറകിലേക്കു നടത്തുമ്പോൾ നമ്മൾ തിരിച്ചറിയണം രാഷ്ട്രീയപ്പൊത്തുകളിലൊളിച്ചിരിക്കുന്ന വിഷ സർപ്പങ്ങളെ!

അഞ്ജു പാര്‍വതി പ്രഭീഷ് 

കേരളത്തിന്റെ അവകാശവാദങ്ങളെ നോക്കി കൊഞ്ഞനംകുത്തുന്നുണ്ട് ഒരു പത്തുവയസ്സുകാരിയുടെ ദാരുണമരണം.അദ്ധ്യാപനമെന്ന മഹനീയത്തൊഴിലിനേറ്റ അപചയത്തെ വ്യക്തമായി ചിത്രീകരിക്കുന്നുണ്ട് അവളുടെ അകാലവിയോഗം.സർക്കാർവിലാസം കുഞ്ഞുങ്ങളെക്കൊല്ലി വിദ്യാലയങ്ങളെക്കുറിച്ചുകൂടി പറഞ്ഞു തരുന്നുണ്ട് നൊമ്പരമുണർത്തുന്ന ഈ കുഞ്ഞുമുഖം. സര്‍ക്കാരിന്റെ നേതൃത്വത്തിൽ വിദ്യാലയങ്ങളിൽ ഹൈടെക്ക് സൗകര്യങ്ങളും സംവിധാനങ്ങളും സുഗമമായി കുഞ്ഞുങ്ങളിലേയ്ക്ക് ഒഴുകിയെത്തുകയാണെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന വര്‍ത്തമാനകാലത്താണ് പഠിക്കാനെത്തിയ ഒരു കുരുന്നിന് തന്റെ സെക്കന്റ് ഹോമായ വിദ്യാലയത്തിൽ വച്ച് പാമ്പുകടിയേൽക്കുന്നതും അദ്ധ്യാപകരുടെ കൃത്യവിലോപത്താലും ശരിയായ വൈദ്യസഹായം സമയത്തുകിട്ടാത്തതിനാലും ജീവൻ നഷ്ടമായതും.നമ്പർ 1 കേരളത്തിലെ സർക്കാർ വിലാസം വിദ്യാലയങ്ങളിൽ നമ്മുടെ കുഞ്ഞുങ്ങൾ എത്രമാത്രം അരക്ഷിതരാണെന്ന ചോദ്യമുയർത്തുകയാണ് ഈ മരണം.

ബുധനാഴ്ച വൈകിട്ട് 3.15 ന് ക്ലാസ്സിൽ വച്ച് പാമ്പുകടിയേറ്റ ഷെഹ്ലയെ രണ്ടേമുക്കാൽ മണിക്കൂറിനിടെ വയനാട്ടിലെ രണ്ട് സർക്കാർ ആശുപത്രികൾ ഉൾപ്പെടെ നാല് ആശുപത്രികളിൽ എത്തിച്ചെങ്കിലും മതിയായ ചികിത്‌സ കിട്ടിയില്ല.സ്കൂളിനെയും അദ്ധ്യാപകരേയും മാത്രം പ്രതികൂട്ടിൽ നിറുത്താൻ വെമ്പൽക്കൊള്ളുന്ന ഭരണവർഗ്ഗം ആരോഗ്യരംഗത്തെ ഈ പൊള്ളുന്ന അനാസ്ഥയെ കണ്ടില്ലെന്നു വയ്ക്കുന്നു.4.06നു ബത്തേരി താലൂക്കാശുപത്രിയിൽ എത്തിച്ച ഷെഹ്‌ലയ്ക്ക് രക്തപരിശോധന നടത്തിയശേഷം മെഡിക്കൽ കോളേജിലേയ്ക്ക് റഫർ ചെയ്ത ഡ്യൂട്ടി ഡോക്ടറോട് ആന്റിവെനം അഥവാ മറുമരുന്ന് നല്കണമെന്ന് പിതാവ് ആവശ്യപ്പെട്ടെങ്കിലും വിസമ്മതിക്കുന്നു .അതിനുള്ള സൗകര്യമവിടെ ഇല്ലെന്നായിരുന്നു അവരുടെ മറുപടി.4.50 നു അവിടെ നിന്നും 90 കിലോമീറ്റർ അകലെയുള്ള കോഴിക്കോട് മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോകുന്നു.ഇടയ്ക്ക് ശ്വാസതടസ്സം നേരിട്ട കുഞ്ഞിനെ വൈത്തിരി താലൂക്കാശുപത്രിയിലെത്തിക്കുന്നു.അവിടെയും കാര്യമായ ചികിത്സ കിട്ടുന്നില്ലെന്നായപ്പോൾ ചേലോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിക്കുന്നു.6.05 നു അവിടെ എത്തിച്ചെങ്കിലും ഹൃദയമിടിപ്പ് നിലച്ചിരുന്നുവെന്ന് അവിടുത്തെ ഡോക്ടർ പറയുന്നുണ്ട്.എങ്കിലും കൃത്രിമശ്വാസം നല്കി കുട്ടിക്ക് ആന്റിവെനം നല്കാൻ അവർ ശ്രമിച്ചു.പക്ഷേ പകുതി മരുന്ന് മാത്രമേ ആ കുഞ്ഞുശരീരത്തിൽ കയറിയുള്ളൂ.കേരളത്തിൽ പാമ്പുകടിയേൽക്കുന്നവരുടെ എണ്ണം ഏറ്റവും കൂടുതലായ ജില്ലകളിലൊന്നായ വയനാട്ടിലെ ആശുപത്രികളിൽ ഇത്തരം അടിയന്തിരസാഹചര്യം വരുമ്പോൾ ചികിത്സ ലഭ്യമാകുന്നില്ലെങ്കിൽ പഴിക്കേണ്ടത് ആരെയാണ്?

ജനങ്ങള്‍ തെരഞ്ഞെടുത്ത ജനപ്രതിനിധികള്‍ കോടികള്‍ ചെലവിട്ടു നവീകരിച്ച ഓഫീസുകളുടെയും മന്ത്രിമന്ദിരങ്ങളുടെയും ശീതളിമയിരുന്ന് സുഖിക്കുമ്പോൾ ,അവര്‍ക്കു വേണ്ടി വോട്ടിട്ട വെറും സാധാരണക്കാരുടെ മക്കൾ അടിസ്ഥാനസൗകര്യങ്ങൾ പേരിനുപോലുമില്ലാത്ത വിദ്യാലയങ്ങളിൽ ദുരിതപര്‍വ്വം താണ്ടുന്നുവെന്നതാണ് ചിന്തിപ്പിക്കുന്ന വൈരുദ്ധ്യം.സംസ്ഥാനത്തെ സ്കൂളുകളിൽ ഹൈടെക്ക് ക്ലാസ്സ്മുറികൾ സ്ഥാപിച്ചുവെന്നും അങ്കണവാടികൾ സ്മാർട്ട് ആക്കുമെന്നുമൊക്കെയുള്ള പ്രഖ്യാപനങ്ങൾക്കപ്പുറത്ത് വിണ്ടു കീറിയ തറകളില്ലാത്ത,പൊത്തുകളില്ലാത്ത പാമ്പുകളില്ലാത്ത ക്ലാസ്സ് മുറികൾ എന്ന പ്രാഥമിക ഉത്തരവാദിത്വം മറന്ന സർക്കാർ തന്നെയാണ് ഈ കുഞ്ഞുപുഞ്ചിരി മായാൻ ഇടയാക്കിയത്.സ്കൂളുകൾ കുഞ്ഞുങ്ങളുടെ രണ്ടാം വീടാണ്.അദ്ധ്യാപകരുടെ ചുമലുകളിൽ തങ്ങളുടെ പൊന്നുമക്കൾ സുരക്ഷിതരായിരിക്കുമെന്ന വിശ്വാസത്തിലാണ് ഓരോ രക്ഷിതാവും കുഞ്ഞുമക്കളെ സ്കൂളിലേയ്ക്ക് വിടുന്നത്.ആ വിശ്വാസത്തിന്റെ കടയ്ക്കലാണ് അനാസ്ഥയുടെ വിഷപ്പാമ്പ് ആഞ്ഞുകൊത്തിയത്.പാമ്പുകൾ പാർക്കുന്ന പൊത്തുള്ള ക്ലാസ്സ്മുറിയിൽ ചെരിപ്പിട്ടു കയറാൻ പാടില്ലാത്ത നിയമത്തെയാണോ സ്മാർട്ട് ക്ലാസ്സ് എന്നു വിളിക്കേണ്ടത്?

പൊട്ടിപ്പൊളിഞ്ഞ തറകളും പൊത്തുകളും ഇഴജന്തുക്കൾക്ക് വാസയോഗ്യമായ ക്ലാസ്സ്മുറികളും ഒടിഞ്ഞ ബെഞ്ചുകളും ഒടിയാറായ കസേരകളും നമ്മെ കൊണ്ടു പോകുന്നത് മുമ്പോട്ടല്ല, പിന്നോട്ടാണ്.ഈ കുരുന്നിന്റെ മരണം നവോത്ഥാനകേരളത്തെ പല ദശാബ്ദങ്ങൾ പിറകിലേക്കു കൊണ്ടുപോകുന്നുവെന്നു മനസ്സിലാക്കാൻ നമ്മുടെ ഭരണാധികാരികൾക്കു കഴിയട്ടെ.ആ തിരിച്ചറിവിനു വിലയായി നല്കേണ്ടി വന്നത് വിടരും മുമ്പേ കൊഴിയേണ്ടി വന്ന ഒരു പനിനീർമൊട്ടിനെയാണല്ലോ.അവൾ താനേകൊഴിഞ്ഞതല്ല! ചിതൽപ്പിടിച്ച കർത്തവ്യബോധത്തിനുള്ളിൽ ഒളിച്ചിരിക്കുന്ന ഞാനടങ്ങുന്ന ഈ സമൂഹം തല്ലിക്കൊഴിച്ചതാണ് ആ പൂമൊട്ടിനെ!

shortlink

Related Articles

Post Your Comments

Related Articles


Back to top button