KeralaLatest NewsNews

‘ഈ കുട്ടികളെ പലരും ദ്രോഹിക്കാനിടയുണ്ട്. അങ്ങനെ സംഭവിക്കില്ല എന്ന് ഉറപ്പുവരുത്താനുള്ള ബാദ്ധ്യത കൂടി നമുക്കുണ്ട്.’ സന്ദീപ് ദാസിന്റെ കുറിപ്പ് വായിക്കേണ്ടത്

വയനാട് സര്‍വജന വൊക്കേഷന്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ശക്തമായി പ്രതികരിക്കുന്ന കുട്ടികളെ ഒരുപാട് പേര്‍ അഭിനന്ദിച്ച് രംഗത്തെത്തി. എന്നാല്‍ എന്നാല്‍ ഈ വിഷയത്തിന്റെ ചൂടാറിക്കഴിയുമ്പോള്‍ പ്രതികരിച്ച കുട്ടികളെ അധ്യാപകര്‍ ദ്രോഹിക്കാതിരിക്കാന്‍ നോക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് എഴുതിയിരിക്കുകയാണ് സന്ദീപ് ദാസ് എന്ന യുവാവ്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ക്ലാസ് മുറിയിൽവെച്ച് പാമ്പുകടിയേറ്റ് മരിച്ച ഷഹ്ല ഷെറിൻ എന്ന പെൺകുട്ടി എൻ്റെ മനസ്സിനെ ചുട്ടുപൊള്ളിച്ചുകൊണ്ടിരിക്കുകയായിരുന്നു.ഷഹ്ലയുടെ സഹപാഠികൾ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിൻ്റെ വീഡിയോ കണ്ടപ്പോഴാണ് ചെറിയൊരു ആശ്വാസം കിട്ടിയത്.ആ കുരുന്നുകളോട് വല്ലാത്ത സ്നേഹവും ബഹുമാനവും തോന്നി.എത്ര പക്വതയോടെയാണ് അവർ പ്രതികരിച്ചത് ! എത്ര ധീരമായിട്ടാണ് അവർ സത്യങ്ങൾ വിളിച്ചുപറഞ്ഞത് !

ഷഹ്ലയുടെ മരണത്തിൻ്റെ ഉത്തരവാദിത്വം ഒരുപാട് പേർ ഏറ്റെടുക്കേണ്ടതായിവരും.പക്ഷേ ബത്തേരിയിലെ സ്കൂൾ അധികൃതർ തന്നെയാണ് ഏറ്റവും വലിയ കുറ്റക്കാർ.പാമ്പുകടിയേറ്റ കുട്ടിയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കുന്ന കാര്യത്തിൽ വീഴ്ച്ച വരുത്തിയ അദ്ധ്യാപകരാണ് മുഖ്യപ്രതികൾ.അവരെ പൊളിച്ചടുക്കിയത് ഷഹ്ലയുടെ കൂട്ടുകാരാണ്.

ആ ചുണക്കുട്ടികൾ മാദ്ധ്യമങ്ങളോട് പറഞ്ഞ ചില കാര്യങ്ങൾ ചുവടെ കൊടുക്കുന്നു-

”പാമ്പുകടിച്ചുവെന്ന് ഷഹ്ല കരഞ്ഞുപറഞ്ഞിട്ടും അവളെ ഉടൻ ആശുപത്രിയിലെത്തിച്ചില്ല.പെട്ടന്ന് ആശുപത്രിയിൽ കൊണ്ടുപോയി എന്ന് അദ്ധ്യാപകർ കള്ളം പറയുകയാണ്….”

”ഷഹ്ലയുടെ കാലിൽ ആണി കുത്തിയതാണെന്ന് മാഷ് പറഞ്ഞു.ആണി തറച്ചതാണെങ്കിൽ രണ്ട് പാട് ഉണ്ടാകുമോ? കല്ല് കുത്തിയതാണെങ്കിലും ആണി കുത്തിയതാണെങ്കിലും ഒന്ന് ആശുപത്രിയിലെത്തിക്കാമായിരുന്നില്ലേ? ”

“ഇവിടെ എല്ലാ സാറുമ്മാർക്കും ടീച്ചർമാർക്കും കാറുണ്ട്.എന്നിട്ടും ഒരാൾ പോലും സഹായിച്ചില്ല…”

”ഷഹ്ലയെ ആശുപത്രിയിൽ കൊണ്ടുപോകാൻ പറഞ്ഞപ്പോൾ സജിൻ സർ ഞങ്ങളെ വടിയെടുത്ത് ഒാടിച്ചു.കുട്ടിയുടെ അച്ഛൻ വന്നിട്ട് കൊണ്ടുപോയാൽ മതിയെന്ന് പറഞ്ഞു.സജിൻ സാറിനെതിരെ ആക്ഷൻ എടുക്കണം….”

കേവലം 10-12 വയസ്സ് മാത്രം പ്രായമുള്ള കുട്ടികളുടെ സംസാരത്തിന് എന്തൊരു വ്യക്തതയാണെന്ന് നോക്കൂ !കാടടച്ചുള്ള വെടിയല്ല.കുറിയ്ക്കുകൊള്ളുന്ന അഭിപ്രായശരങ്ങളാണ് ! അവരുടെ ശരീരഭാഷയിൽ ആധികാരികത നിറഞ്ഞുനിൽക്കുകയാണ്.

സംഭവവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ സജിൻ എന്ന അദ്ധ്യാപകനെതിരെ നടപടി വേണമെന്ന് കുട്ടികൾ കൃത്യമായി പറഞ്ഞുവെച്ചിരുന്നു.ഈ ലേഖകനും ആ പ്രായം കടന്നുവന്നതാണ്.ഇതിൻ്റെ പകുതി ധൈര്യം പോലും അക്കാലത്ത് എനിക്കില്ലായിരുന്നു.­അദ്ധ്യാപകരെ കാണുമ്പോഴേക്കും ഞാൻ ആലില പോലെ വിറയ്ക്കുമായിരുന്നു !

ഇതിനുപുറമെ ഒട്ടേറെ ലജ്ജിപ്പിക്കുന്ന വസ്തുതകൾ കുട്ടികൾ പുറത്തുകൊണ്ടുവന്നിട്ടുണ്ട്.ആ സ്കൂളിലെ ക്ലാസ്മുറികളിൽ ചെരിപ്പിട്ട് കയറാൻ പാടില്ലെത്രേ! ഭക്ഷണം കഴിച്ചാൽ കൈകഴുകാൻ വെള്ളമില്ല.ടോയ്ലറ്റിൽ ബക്കറ്റില്ല.ഹെഡ്മാസ്റ്റർ പോലും ഇതൊന്നും ശ്രദ്ധിക്കുന്നില്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു.

ഇങ്ങനെ സത്യങ്ങൾ വിളിച്ചുപറയാൻ കുട്ടികൾക്ക് പൊതുവെ സാധിക്കാറില്ല.ഒരു അദ്ധ്യാപകൻ വിചാരിച്ചാൽ വിദ്യാർത്ഥികളെ പരമാവധി ദ്രോഹിക്കാൻ കഴിയും.ഇൻ്റേണൽ മാർക്ക് പോലുള്ള സംഗതികൾ പല അദ്ധ്യാപകരും വ്യക്തിവിരോധം തീർക്കുന്നതിനുവേണ്ടി ഉപയോഗിക്കാറുണ്ട്.കുട്ടികളെ മാനസികമായി പീഡിപ്പിച്ചും ശാരീരികമായി ഉപദ്രവിച്ചും ആനന്ദം കണ്ടെത്തുന്ന അദ്ധ്യാപകരുണ്ട്.അതുകൊണ്ടാണ് ഇളംനാവുകൾ പലപ്പോഴും മൗനംപാലിക്കുന്നത്.നിലനില്പിനേക്കാൾ വലുതല്ലല്ലോ ഒന്നും !

അധികൃതരുടെ അനാസ്ഥയും മനുഷ്യത്വമില്ലായ്മയും മൂലം ജീവൻ നഷ്ടപ്പെട്ട ആദ്യത്തെ വിദ്യാർത്ഥിനിയല്ല ഷഹ്ല.പക്ഷേ അത്തരം സംഭവങ്ങൾ ഉണ്ടാവുമ്പോൾ സഹപാഠികൾ പേടിച്ച് മിണ്ടാതിരിക്കാറാണ് പതിവ്.ബത്തേരിയിൽ അത് സംഭവിച്ചില്ല.

വിദ്യാലയങ്ങൾക്ക് അനാവശ്യമായ ദിവ്യപരിവേഷം ചാർത്തിക്കൊടുക്കുന്ന ആളുകളുണ്ട്.ചില അദ്ധ്യാപകർ തങ്ങൾക്ക് കൊമ്പുണ്ടെന്ന് വിശ്വസിക്കുന്നവരാണ്.ബത്തേരിയിലുള്ളവർ അത്തരക്കാരാണെന്ന് തോന്നുന്നു.പാദരക്ഷകൾ ക്ലാസിനു പുറത്തുവെയ്ക്കണം എന്ന നിയമമൊക്കെ സൂചിപ്പിക്കുന്നത് അതാണ്.ആ മുറ്റത്തുനിന്നുകൊണ്ടാണ് കുട്ടികൾ ഈ വിധം ശബ്ദമുയർത്തിയത്.അവരെ അഭിനന്ദിച്ചേ മതിയാകൂ.

കുറച്ചുദിവസങ്ങൾ കഴിയുമ്പോൾ ഈ സംഭവം ഒന്ന് തണുക്കും.നമ്മളും മാദ്ധ്യമങ്ങളും മറ്റു വിഷയങ്ങളുടെ പുറകെ സഞ്ചരിക്കും.അത്തരമൊ­രു സാഹചര്യം വരുമ്പോൾ ഈ കുട്ടികളെ പലരും ദ്രോഹിക്കാനിടയുണ്ട്.അങ്ങനെ സംഭവിക്കില്ല എന്ന് ഉറപ്പുവരുത്താനുള്ള ബാദ്ധ്യത കൂടി നമുക്കുണ്ട്.കൂട്ടുകാരിയ്ക്കുവേണ്ടി ചങ്കുറപ്പോടെ നിലകൊണ്ടവരാണ് അവർ.ഷഹ്ലയ്ക്ക് നീതികിട്ടുന്നതിനുവേണ്ടി പൊരുതിയവരാണ് അവർ.കൈവിടരുത് അവരെ…

അദ്ധ്യാപനം എന്നത് വളരെയേറെ പ്രധാനപ്പെട്ട ഒരു പ്രൊഫഷനാണ്.ചില കടൽക്കിഴവൻമാർ ആ മേഖലയ്ക്ക് ബാദ്ധ്യതയായി നിൽക്കുന്നുണ്ട്.ഈ കുട്ടികളുടെ തലമുറ വളർന്നുവരികയാണ്.അതോ­ടെ മൂരാച്ചികൾക്കെല്ലാം ചവറ്റുകൊട്ടയിലാവും സ്ഥാനം.ഇവരിൽ എനിക്ക് പ്രതീക്ഷയുണ്ട്….ഈ നാടിന് പ്രതീക്ഷയുണ്ട്…

https://www.facebook.com/photo.php?fbid=2505416203028933&set=a.1515859015317995&type=3

shortlink

Related Articles

Post Your Comments

Related Articles


Back to top button